താങ്ങേരാങ് (Tangerang)  നഗരത്തിലെ ബാന്തെനിൽ നില നിൽക്കുന്നതും ജകാർത്ത എയർ പോർട്ട് (CGK) എന്ന പേരിൽ അറിയപ്പെടുന്നതുമായ സുകാർണോ ഹത്താ (Sukarno Hatta ) അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും ജകാർത്ത നഗരത്തിലേക്കുള്ള ട്രെയിൻ സർവീസ് ആരംഭിച്ചു. സൗജന്യ വൈഫൈ, ഭക്ഷണം, ടിവി, ടോയിലറ്റ് എന്നിവയുള്ള പൂർണമായും ശീതീകരിച്ച ട്രെയിൻ ഇപ്പോൾ നിരവധി യാത്രക്കാരെ ആകർഷിച്ചു കഴിഞ്ഞു

ജനുവരി 2 നു ഇന്തോനേഷ്യൻ പ്രസിഡണ്ട് ജോക്കോവി ട്രെയിൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ഓരോ മുപ്പതു മിനിറ്റും ഇടവിട്ട് 82 ട്രിപ്പുകൾ ആണ് ഇപ്പോൾ ക്രമീകരിച്ചിട്ടുള്ളത്. ദക്ഷിണ ജക്കാർത്തയിലെ പ്രധാന ട്രെയിൻ സ്റ്റേഷൻ ആയ മാങ്കാറായിയിൽ നിന്ന് 55 മിനിറ്റ് ദൈർഘ്യമുള്ള യാത്രാസമയത്തോടെ ദിനേന 33,728 യാത്രക്കാരെ ഉൾകൊള്ളാൻ ട്രെയിനിൽ സൗകര്യമുണ്ട്. സുദിർമാൻ ബാറു, ദുറി, ബാത്തു ചെപ്പേർ എന്നീ സ്റ്റേഷനുകളിലൂടെയാണ് ട്രെയിൻ യാത്ര ചെയ്യുക.

പി.ടി. റെയിൽ ലിങ്ക് എന്ന സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനം പൂർണമായും ഇന്തോനേഷ്യയിൽ തന്നെ വികസിപ്പിച്ച ട്രെയിൻ സൗകര്യം ഇപ്പോൾ Rp 30,000 നിരക്കിലുള്ള പ്രൊമോഷണൽ നിരക്കിൽ ലഭ്യമാണ്. ജനുവരി ഒന്ന് മുതൽ നിരക്ക് Rp 70,000 (335 ഇന്ത്യൻ രൂപ)  ആയി ഉയർത്തും.   നിലവിൽ ജകാർത്ത അന്താരാഷ്ട വിമാനത്താവളത്തിലെ വിവിധ ടെര്മിനലുകളെ ബന്ധിപ്പിക്കുന്ന സൗജന്യ സ്കൈ ട്രെയ്‌നുമായി പുതിയ എയർപോർട്ട് ട്രെയിനും ബന്ധിപ്പിച്ചിട്ടുണ്ട്.

ഓൺലൈൻ ആയി ടിക്കറ്റ് വാങ്ങിക്കുന്നവർക്കു വേണ്ടി ആൻഡ്രോയിഡ് ആപ്പും ,   ആപ്പിൾ ആപ്പും ലഭ്യമാണ്.
റെയിൽ ലിങ്കിന്റെ വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.

സുകാർണോ ഹത്താ വിമാനത്താവളത്തിൽ നിന്ന് കാലത്തു 6 .10 മുതൽ രാത്രി 11.10 വരെ ട്രെയിൻ സർവീസ് ലഭ്യമാകും. വിമാനത്താവളത്തിലേക്ക് വരുന്നവർക്കായി ദക്ഷിണ ജക്കാർത്തയിലെ സുദിർമാൻ ബാറുവിൽ ( ബി.എൻ. ഐ സിറ്റി ) നിന്നുള്ള എയർപോർട്ട് ട്രെയിൻ പുലർച്ചെ 3 .51 മുതൽ രാത്രി 9 .51 വരെ ബാത്തു ചെപ്പേർ സ്റ്റേഷനിലുള്ള സ്റ്റോപ്പ് കൂടെ ഉൾപ്പെടുത്തി 82 ട്രിപ്പുകൾ നടത്തും.  36 കിലോ മീറ്ററിലധികം ദൈർഘ്യത്തിലോടുന്ന ജകാർത്ത എയർപോർട്ട് ട്രെയിൻ മാങ്കാറായി സ്റ്റേഷൻ അടക്കം അഞ്ചു സ്റ്റേഷനുകളെ ബന്ധിപ്പിക്കും.  10 ട്രെയിനുകളും ഓരോ ട്രെയിനിലും 6 കമ്പാർട്‌മെന്റുകളും ഉൾക്കൊള്ളുന്നതാണ് ജകാർത്ത എയർപോർട്ട് ട്രെയിൻ സർവീസ്.  ട്രെയിൻ സർവീസ് വൈകാതെ 24 മണിക്കൂറും ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് railink.co.id അല്ലെങ്കിൽ ട്വിറ്റെർ @kabandara സന്ദർശിക്കുക