ജപ്പാനിലെ ടോക്കിയോ നഗരത്തിൽ നടന്ന മിസ് ഇന്റർനാഷണൽ മത്സരത്തിൽ ഇന്തോനേഷ്യൻ മോഡൽ ആയ മിസ്. കെവിൻ ലിലിയാന (Kevin Lilliana) ഒന്നാം സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇസ്‌ലാം മതവിശ്വാസിയായ ലിലിയാന ആധുനിക വസ്ത്രങ്ങളുടെയും മുസ്ലിം ഫാഷനുകളുടെയും മോഡൽ ആയി ഇന്തോനേഷ്യയിൽ പ്രശസ്തയായി കൊണ്ടിരിക്കെയാണ് ഇപ്പോൾ അന്താരാഷ്ട്ര സുന്ദരി പദത്തിലെത്തുന്നത്.

ഇന്തോനേഷ്യൻ രാഷ്ട്ര സങ്കല്പത്തിന്റെ ആധാര ശിലയായ ‘ഭിന്നേക്ക തുങ്കൾ ഇക്ക’ ( Bhinneka Tunggal Ika എന്നാൽ  “നാനാത്വത്തിലെ ഏകത്വം”എന്നർത്ഥം ) എന്ന വാക്കിന്റെ അർഥം അതിഥികൾക്ക് പരിചയപ്പെടുത്തി കൊണ്ട് വൈവിധ്യമാർന്ന തന്റെ രാഷ്ട്രത്തിലെ സഹിഷ്ണുതയെ കുറിച്ച് ലിലിയാന നടത്തിയ പ്രസംഗം സദസ്സ് ഹര്ഷാരവങ്ങളോടെയാണ് സ്വീകരിച്ചത്.

പശ്ചിമ ജാവയിലെ ബാൻഡുങ് നഗരത്തിൽ 1996-ൽ ജനിച്ച 174 സെന്റിമീറ്റർ ഉയരമുള്ള ഈ സുന്ദരിയുടെ മാതാപിതാക്കൾ ഒരു ആൺകുട്ടിയെ മോഹിച്ചിരുന്നത് കൊണ്ടാണിവൾക്ക് കെവിൻ എന്ന ആദ്യ നാമം ഇട്ടതത്രെ! മരാന്താ ക്രിസ്ത്യൻ സർവകലാശാലയിൽ ഇന്റീരിയർ ഡെക്കറേഷൻ ബിരുദത്തിനു പഠിക്കുന്ന കെവിൻ ലിലിയാന 2017-ലെ പുത്രി ഇന്തോനേഷ്യ എന്ന സൗന്ദര്യ മത്സരത്തിലെ റണ്ണർ അപ്പ് കൂടെയാണ്.