ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ചു ദ്രുതഗതിയിൽ മുന്നേറ്റം നടത്തുന്ന ഒരു രാജ്യമാണ് ഇന്തോനേഷ്യ. സമുദ്രത്തിൽ പരന്നു കിടക്കുന്ന ഈ രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത കാരണം സ്മാർട് ഫോണും ബ്രോഡ് ബാൻഡ് സേവനവുമാണ് ജനങ്ങൾ കൂടുതലായും തെരഞ്ഞെടുക്കുന്നത്. നിങ്ങളുടെ ഇന്തോനേഷ്യൻ യാത്രയും ജീവിതവും എളുപ്പമാക്കുന്ന കുറച്ചു ആപ്പുകൾ എന്തൊക്കെയാണെന്ന് നോക്കാം.
എക്സ് ഇ : XE , കറൻസി വിനിമയ നിരക്കുകൾ
ഏതൊരു വിദേശ രാജ്യത്ത് ചെല്ലുമ്പോഴും ചെലവാക്കേണ്ടി വരുന്ന തുകയെ കുറിച്ച് നിങ്ങള്ക്ക് ശരിയായ ധാരണ ആവശ്യമാണ്. ഇന്തോനേഷ്യയിൽ കൊടുക്കേണ്ടി വരുന്ന ഒരു ഉത്പന്നത്തിന്റെയോ സേവനത്തിന്റെയോ വില, ഇന്ത്യൻ രൂപയിൽ എത്ര വരുമെന്ന് കണക്കാക്കാൻ ഈ ആപ്പ് നിങ്ങളെ സഹായിക്കും.
ഇന്തോനേഷ്യയുടെ പതിനായിരം രൂപക്കു (Sepuluh Ribu Rupiah) ഇന്ത്യയുടെ അമ്പതു രൂപ (Rs 50) യുടെ മൂല്യമാണ് ഇപ്പോഴുള്ളത്. ജക്കാർത്തയിലെ ചെറിയ കടകളിൽ നിന്ന് അഞ്ചു പഴം പൊരി (Pisang Goreng) വാങ്ങാൻ, അല്ലെങ്കിൽ രണ്ടു കാപ്പി (Kopi Hitam) കുടിക്കാൻ ഇത് മതിയാകും. ഇന്തോനേഷ്യൻ കറൻസിയിലെ അവസാനത്തെ മൂന്നു പൂജ്യങ്ങൾ കളയുകയും പിന്നീട് വരുന്ന തുകയെ പകുതിയാക്കുകയും ചെയ്താൽ ഇന്ത്യൻ രൂപയ്ക്കു തുല്യമായി എന്ന് സാരം. എക്സ് ഇ. ഡൌൺലോഡ് ഇവിടെ
ഗൂഗിൾ ട്രാൻസിലേറ്റർ (Google Translator ) : ഇംഗ്ലീഷ് – ഇന്തോനേഷ്യൻ
ഇന്തോനേഷ്യൻ ഭാഷ മനസ്സിലാക്കാനും പഠിക്കാനും മലയാളിക്ക് എളുപ്പത്തിൽ സാധിക്കും. പക്ഷെ തുടക്കത്തിൽ നിങ്ങളുടെ യാത്രയെ സഹായിക്കുവാൻ ഏറ്റവും നല്ലതു ഗൂഗിൾ ട്രാൻസിലേറ്റർ തന്നെയാണ്.
ഇന്തോനേഷ്യൻ ഭാഷ (30 MB) ഓഫ്ലൈൻ ആയി ഡൌൺലോഡ് ചെയ്താൽ നിങ്ങള്ക്ക് ഇന്റർനെറ്റ് കണക്ഷൻ ലഭ്യമല്ലെങ്കിൽ പോലും സ്മാർട്ട് ഫോൺ ഉപയോഗിച്ച് ഏതു വാക്കുകളും വിവർത്തനം ചെയ്യാം. നിങ്ങളുടെ ഫോൺ മെമ്മറി കുറവാണെങ്കിൽ ഓൺലൈൻ ആയി ട്രാൻസിലേറ്റ് ചെയ്യുന്നതാണ് ബുദ്ധി. നിങ്ങൾ ഒരു കടയിൽ കയറുകയും നിങ്ങളുടെ ചോദ്യം കടയിലുള്ളയാൾക്കു മനസ്സിലാകുകയും ചെയ്യുന്നില്ല എങ്കിൽ സ്മാർട് ഫോൺ ഉപയോഗിച്ച് ഇംഗ്ലീഷ് വാക്ക് ഇന്തോനേഷ്യൻ ഭാഷയിലേക്കു വിവർത്തനം ചെയ്തു കാണിച്ചു കൊടുക്കാം. ഈ രീതി പൊതുവെ നിങ്ങളുടെ യാത്രയെ സഹായിക്കും. ഗൂഗിൾ ട്രാൻസിലേറ്റർ ഡൌൺലോഡ് ഇവിടെ
ട്രാഫി (TRAFI) – പൊതുഗതാഗത സംവിധാനം
‘ട്രാഫി’ (TRAFI) എന്ന പ്രശസ്തമായ ആപ്പ് ഡൌൺലോഡ് ചെയ്താൽ ഇന്തോനേഷ്യയിൽ നിങ്ങള്ക്ക് ലഭ്യമായ പൊതു ഗതാഗത സൗകര്യങ്ങളെ കുറിച്ചുള്ള വിവരം ഉടനടി ലഭ്യമാകും.അങ്കോട്ട് (ANGKOT) എന്നറിയപ്പെടുന്ന മിനി വാനുകൾ, KRL ട്രെയിൻ സർവീസുകൾ, മധ്യവലിപ്പത്തിലുള്ളതോ, വലിയതയോ ആയ പല റൂട്ടിലും ഓടുന്ന സ്വകാര്യ ബസുകൾ തുടങ്ങിയ പൊതു ഗതാഗത സൗകര്യങ്ങളുടെ ലഭ്യതയും സമയ ക്രമവും ട്രാഫിയിലൂടെ നിങ്ങള്ക്ക് മനസിലാക്കാം.
മെട്രോ ട്രെയിൻ സർവീസ് പോലെ പ്രവർത്തിക്കുന്ന ട്രാൻസ് ജകാർത്ത ബസ് സർവീസ് സമയക്രമം ലൈവ് ആയി ട്രാഫിയിൽ അപ്പ് ഡേറ്റ് ചെയ്തു കൊണ്ടിരിക്കും.
ജക്കാർത്തയിൽ നിങ്ങൾ നിൽക്കുന്ന സ്ഥലത്തു നിന്നും സുകാർണോ ഹത്താ അന്താരാഷ്ട വിമാനത്താവളത്തിലേക്ക് ( Bandar Udara Intenasional Soekarno Hatta) വളരെ ചെറിയ യാത്രാകൂലിയിൽ പോകണമെന്ന് കരുതുക. നിങ്ങൾ ട്രാഫി ആപ്പ് ഡൌൺലോഡ് ചെയ്തു നിങ്ങളുടെ ലക്ഷ്യം ടൈപ്പ് ചെയ്താൽ എതേല്ലാം തരത്തിലുള്ള വാഹന സൗകര്യം (ട്രെയിൻ, ട്രാൻസ് ജക്കാർത്ത ബസ്, മറ്റു ബസ്സുകൾ, മിനി വാനുകൾ, കാറുകൾ, മോട്ടോർ സൈക്കിൾ ടാക്സികൾ) ലഭ്യമാണെന്നും, വേണ്ടി വരുന്ന ദൈർഘ്യവും സമയവും, തുകയും ട്രാഫി നിങ്ങള്ക്ക് കാണിച്ചു തരും.
ഫിൻലൻഡ് ആസ്ഥാനമായ ഒരു സോഫ്റ്റ്വെയർ നിർമാതാവിന്റെ ഉൽപ്പന്നമായ ട്രാഫി ജകാർത്ത സർക്കാരിന്റെ പൊതുഗതാഗതസൗകര്യവുമായി ബന്ധപെടുത്തിയിട്ടുണ്ട് .
ട്രാഫി പൊതുഗതാഗതം ഡൌൺലോഡ് ഇവിടെ
ഗോ-ഓജക് (Go Ojek) – മോട്ടോർ സൈക്കിൾ ടാക്സി, മറ്റു നിരവധി ഉപയോഗങ്ങൾ
ഇന്തോനേഷ്യൻ നഗരങ്ങളുടെ ജീവിത രീതിയെ പെട്ടെന്ന് മാറ്റി മറിച്ച വളരെ പ്രസിദ്ധമായ ഒരു ആപ്പ് ആണ് ഗോ ഓജക്. യൂബറിന് സമാനമായ രീതിയിൽ മോട്ടോർ സൈക്കിൾ ടാക്സി സേവനം മാത്രം ഓഫർ ചെയ്താണ് ഗോ ഓജക് (Go Ojek) രംഗത്ത് വന്നത്. പിന്നീട് കാറുകൾ, കൊറിയർ, വലിയ വാഹനങ്ങൾ, സിനിമാ ടിക്കറ്റ് ബുക്ക് ചെയ്യാനും സീറ്റ് തെരഞ്ഞെടുക്കാനുമുള്ള സൗകര്യം, മരുന്ന് വാങ്ങിക്കാനും, ഷോപ്പിങ്ങിനും, ബ്യൂട്ടീഷ്യൻ, മസ്സാജ് , ഹിജാബ് മേക്കപ്പ് തുടങ്ങിയ നിരവധി സേവനങ്ങൾ ആപ്പ് അതിൽ ഉൾപ്പെടുത്തി. നിരവധി ഭക്ഷണശാലകളിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യാനും ഇപ്പോൾ ഗോ ഓജക് മുഖാന്തിരം കഴിയും.
ഗോ ഒജക്കിലൂടെ നിങ്ങൾക്കു ഗൂഗിൾ മാപ് ഉപയോഗിച്ച് എവിടെ നിന്നും മോട്ടോർ സൈക്കിൾ ടാക്സിയോ, കാറോ ഓർഡർ ചെയ്യാം. നിങ്ങൾ കൊടുത്തേക്കേണ്ടി വരുന്ന കൂലി നിരക്ക് ആദ്യമേ നിങ്ങളുടെ സ്ക്രീനിൽ തെളിയും. ഓർഡർ ചെയ്തു എത്ര നിമിഷങ്ങൾക്കുള്ളിൽ വാഹനം വരുമെന്നും ഡ്രൈവറുടെ ഫോട്ടോയും, വാഹനത്തിന്റെ നമ്പറും , ഫോൺ നമ്പറും നിങ്ങള്ക്ക് ലഭിക്കും. ഗോ ഒജക്കിന്റെ വാലറ്റ് ആയ ഗോ പേ (GO Pay) ഉപയോഗിച്ച് നിങ്ങള്ക്ക് ഇളവുകളുള്ള യാത്രാ കൂലി നൽകാം. ഇല്ലെങ്കിൽ സ്ക്രീനിൽ കാണിച്ച കാഷ് തുക നേരിട്ട് നൽകാം.
വാലറ്റ് സൗകര്യം (Go Pay ) ഏർപ്പെടുത്തിയതോടെ നിങ്ങളുടെ ഗോ ഓജക് അക്കൗണ്ടിൽ തുക നിക്ഷേപിക്കാനും കാശിനു പകരം അതുപയോഗിക്കുമ്പോൾ വലിയ കിഴിവ് നേടാനും കഴിയും. ഗോ പേ ഉപയോഗിച്ച് നിങ്ങള്ക്ക് മൊബൈൽ ഫോൺ ടോപ് അപ്പ് ചെയ്യാനും കഴിയും. ഡ്രൈവറുടെ കയ്യിൽ തുക കൊടുത്തോ, ബാങ്ക് മുഖാന്തിരമോ നിങ്ങളുടെ ഗോ പേ (Go PAY) അക്കൗണ്ട് ടോപ് അപ്പ് ചെയ്യാം.
ഇൻഡോനേഷ്യയിൽ വര്ഷങ്ങളായി മോട്ടോർ സൈക്കിൾ ഉപയോഗിച്ചുള്ള ടാക്സി സർവീസ് സൗകര്യം – ഒജക് (Ojek) നഗരങ്ങളിലും ഗ്രാമങ്ങളിലും വ്യാപകമായി ജനം ഉപയോഗിക്കുന്നുണ്ട്. ഇത്തരക്കാരെ മുമ്പ് ജനം അമിതമായ യാത്രാ കൂലി വാങ്ങുന്നവരായാണ് കണ്ടിരുന്നത്. എന്നാൽ ഗോ ഓജക് ആപ് വന്നതോടെ യാത്രക്കാരനും ഡ്രൈവർക്കും ലാഭകരമായ രീതിയിലേക്ക് നിരക്കുകൾ മാറി. ഇപ്പോൾ സർവകലാശാല വിദ്യാർത്ഥികളിൽ പലരും പാർട് ടൈം ആയി, ഗോ ഒജക്കിന്റെ മോട്ടോർ സൈക്കിൾ ടാക്സി ഓടിച്ചു ട്യൂഷൻ ഫീസ് കണ്ടെത്തുന്നു. ഗൂഗിൾ മാപ് ഉപയോഗിച്ച് ട്രാക്ക് ചെയ്യുന്നതിനാൽ ഡ്രൈവർക്കു മിക്കപ്പോഴും യാത്രക്കാരനെ തുടർച്ചയായി ലഭിച്ചു കൊണ്ടിരിക്കും. അത് കൊണ്ട് കുറഞ്ഞ നിരക്കിൽ യാത്ര പ്രദാനം ചെയ്യാൻ ഇപ്പോൾ ഡ്രൈവർക്കു കഴിയുന്നു. ഗോ ഓജക് ഡൌൺലോഡ് ഇവിടെ
ട്രാവലോക ( TRAVELOKA ) : വിമാന, ട്രെയിൻ ടിക്കറ്റുകൾ, ഹോട്ടൽ ബുക്കിംഗ്, ടൂറിസം പാക്കേജുകൾ
ഇന്തോനേഷ്യയിൽ നിങ്ങൾ കൂടുതൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ ആപ് വളരെ ഉപകാര പ്രദമാണ്. വിവിധ വിമാനക്കമ്പനികളുടെ ടിക്കറ്റുകൾ, ഹോട്ടൽ ബുക്കിംഗ്, ട്രെയിൻ ബുക്കിംഗ് തുടങ്ങിയ സേവനങ്ങൾ ഒരു ആപ്പിൾ നിന്നും ലഭിക്കുന്നുവെന്ന സൗകര്യമാണ് ട്രാവലോകയെ പ്രശസ്തമാക്കുന്നത്. ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ, ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചോ നിങ്ങൾ വാങ്ങിക്കുന്ന സർവീസിന് പണം കൊടുക്കാം. ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവർ 3D സുരക്ഷിതത്വം ഉറപ്പാക്കുന്ന പേയ്മെന്റ് രീതി ഉപയോഗിക്കേണ്ടി വരും.
ഡൌൺലോഡ് ട്രാവലോക ഇവിടെ
യൂബർ
ലോക പ്രശസ്തമായ യൂബർ ഇന്തോനേഷ്യയിൽ വ്യാപകമായി ലഭ്യമാണ് . മോട്ടോർ സൈക്കിൾ, കാർ പൂളുകൾ, ചെറിയ കാറുകൾ, വലിയ കാറുകൾ എന്നിങ്ങനെ തരം തിരിച്ചുള്ള സർവീസുകൾ ലഭ്യമാണ്. യാത്രക്ക് ചെലവാക്കേണ്ടി വരുന്ന ഏകദേശ തുക യൂബർ നിങ്ങള്ക്ക് കാണിക്കുന്നത് കൊണ്ട് താരതമ്യം ചെയ്യാൻ എളുപ്പമാണ്. യൂബർ കാർ പൂളുകൾ പലപ്പോഴും ലാഭകരമായിരിക്കും. യൂബർ ഡൌൺലോഡ് ഇവിടെ
ഗൂഗിൾ മാപ്പ്
ലോകത്തിന്റെ ഏതു ഭാഗത്തു നിങ്ങൾ യാത്ര ചെയ്യുമ്പോഴും ഗൂഗിൾ മാപ് നിങ്ങളുടെ സ്മാർട് ഫോണിൽ അത്യാവശ്യമാണ്. നിങ്ങളുടെ ഫോൺ മെമ്മറിയിൽ സ്ഥലമുണ്ടെങ്കിൽ നിങ്ങൾ സന്ദർശിക്കുന്ന ഭാഗത്തെ മാപ് മാത്രം ഓഫ്ലൈൻ ആയി ഡൌൺലോഡ് ചെയ്താൽ ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിലും നിങ്ങളുടെ ലക്ഷ്യത്തിലെത്താൻ സഹായിക്കും.
നിങ്ങളുടെ അടുത്തുള്ള റെസ്റ്റോറന്റുകളോ, ഹോട്ടലുകളോ, ബസ് സ്റ്റേഷനുകളോ , ഷോപ്പിംഗ് മാളുകളോ കണ്ടെത്താൻ ഗൂഗിൾ മാപ് നിങ്ങളെ സഹായിക്കും.
ഇന്തോനേഷ്യയിൽ നിങ്ങൾ ഏതെങ്കിലും സ്ഥലം സെർച്ച് ചെയ്യുമ്പോൾ ഇംഗ്ലീഷിന് പകരമുള്ള സമാനമായ ഇന്തോനേഷ്യൻ പദമുപയോഗിക്കുന്നതാണ് ഉചിതം. ഗൂഗിൾ മാപ്പിൽ സ്ഥലങ്ങൾ രേഖപ്പെടുത്തുന്നത് പൊതു ജന പങ്കാളിത്തത്തോടെയായതിനാൽ ഇന്തോനേഷ്യയിൽ സിംഹഭാഗവും അത് ഇവിടുത്തെ ഭാഷയിലായിരിക്കും രേഖപ്പെടുത്തിയിരിക്കുന്നത്. നിങ്ങൾ ഒരു റെസ്റ്റോറന്റ് അന്വേഷിക്കുന്നുവെങ്കിൽ RESTORAN അല്ലെങ്കിൽ RUMAH MAKAN തുടങ്ങിയ ഇന്തോനേഷ്യൻ പദങ്ങളാണ് RESTAURANT, എന്നതിന് പകരം ഉപയോഗിക്കേണ്ടത്. ഗൂഗിൾ മാപ് ഡൌൺലോഡ് ഇവിടെ
ഗെമ്പ ഭുമി (GEMPA BUMI) : ഭൂകമ്പങ്ങളെ കുറിച്ചുള്ള വിവരങ്ങൾ
ഇൻഡോനേഷ്യയിലെ വിദൂര ദേശങ്ങളിൽ ഉണ്ടാകുന്ന ഭൂകമ്പങ്ങളെ കുറിച്ചുള്ള വിവരണങ്ങളും അവയുടെ ആഘാതവും അറിയാൻ ഗവണ്മെന്റിന്റെ ഗെമ്പ ഭുമി എന്ന ആപ്പ് സഹായിക്കും. ‘ഭൂകമ്പം’ എന്ന മലയാള പദത്തിന് സമാനമായ ഇന്തോനേഷ്യൻ പദമാണ് ‘ഗെമ്പ ഭുമി. ‘മലയാള ചാനലുകാർ ഇടയ്ക്കിടെ ‘ഇൻഡോനേഷ്യയിൽ ഭൂകമ്പം’ എന്ന പേരിൽ ബ്രേക്കിംഗ് വാർത്തകൾ വിടുന്നത് കേട്ട് ബന്ധുക്കളോ സുഹൃത്തുക്കളോ വിളിച്ചാൽ ഈ ആപ്പിൽ നിന്നും വിവരം ശേഖരിച്ചു അവർക്കു അയച്ചു കൊടുക്കാം. നിങ്ങൾ സുരക്ഷിതനാണെന്ന് ബോധ്യപ്പെടുത്താൻ ഈ ആപ് സഹായിക്കും.
ഇന്തോനേഷ്യയുടെ ചില മേഖലകളിൽ സ്ഥിരമായി ചെറിയ ഭൂമി കുലുക്കങ്ങൾ പതിവാണ്. മിക്കവാറും ജനങ്ങൾ താമസിക്കാത്തയിടങ്ങളിലാണ് ചെറിയ ഭൂകമ്പങ്ങൾ രേഖപ്പടുത്താറുള്ളത്. അവയുടെ ആഘാതം ചെറുതാണ്. ഒരു പക്ഷെ അവ കടലിന്റെ അടിത്തട്ടിൽ, വളരെ ദൂരെ നടക്കുന്നതാകാം . അത് പ്രവചിക്കാനും ട്രാക്ക് ചെയ്യാനും ഇന്തോനേഷ്യയിൽ ആധുനിക സജീകരണങ്ങളുമുണ്ട്.
ഗെമ്പ : ഡൌൺലോഡ് ഇവിടെ
വെയ്സ് (WAZE) പൊതു പങ്കാളിത്തത്തിൽ അപ് ഡേറ്റ് ചെയ്തു കൊണ്ടിരിക്കുന്ന മാപ്
വെയ്സ് എന്ന ആപ്പിനെ കുറിച്ച് ചിലർക്കെങ്കിലും ധാരണ കാണും. ട്രാഫിക് വിവരങ്ങൾ യാത്രക്കാർക്ക് തന്നെ റിപ്പോർട്ട് ചെയ്യാവുന്ന രീതിയിൽ ഒരു ഇസ്രായേലി സംരഭം നിർമ്മിച്ചെടുത്ത നാവിഗേഷൻ ആപ്പ് ആണ് വെയ്സ്. 2013 – ൽ ഇത് ഗൂഗിൾ വാങ്ങിച്ചതോടെ ലോക വ്യാപകമായി ജനങ്ങൾ അതുപയോഗിച്ചു തുടങ്ങി. ട്രാഫിക് ജാമുകൾ, പോലീസ് പരിശോധന എന്നിവയൊക്കെ വെയ്സ് ഉപഭോക്താക്കൾക്ക് ആപ്പിലൂടെ റിപ്പോർട്ട് ചെയ്യാവുന്നത് കൊണ്ട് ജകാർത്ത നഗരത്തിൽ യാത്ര പ്ലാൻ ചെയ്യാൻ പലരും ഈ ആപ്പ് ഉപയോഗിക്കുന്നുണ്ട്.
നിങ്ങൾ ഗൂഗിൾ മാപ്പ് ഉപയോഗിക്കുന്നുവെങ്കിൽ വെയ്സ് വീണ്ടും ഡൌൺലോഡ് ചെയ്യണമെന്നില്ല. ട്രാഫിക് ജാമിനെ കുറിച്ച ലൈവ് അപ്ഡേറ്റ് ഗൂഗിൾ മാപ്പിൽ കൂടെയും ഇന്തോനേഷ്യയിൽ ലഭ്യമാണ്. പൊതു ജന പങ്കാളിത്തമുള്ള ഒരു മാപ്പ് എന്നതാണ് വെയ്സിനെ ഗൂഗിൾ മാപ്പിൽ നിന്നും വ്യത്യസ്തമാക്കുന്നത്.
വെയ്സ് (waze) ഡൌൺലോഡ് ഇവിടെ