ഗൾഫ് രാജ്യങ്ങളിലെ പോലെ ഇന്തോനേഷ്യയിൽ മലയാളം ടി വി ചാനൽ ലഭിക്കുമോ എന്നറിയാൻ ചിലർ ഞങ്ങൾക്ക് ഇമെയിൽ അയച്ചിരുന്നു ഹിന്ദി സിനിമകൾ സ്ഥിരമായും  ചിലപ്പോഴൊക്കെ തമിഴ് സിനിമകളും  ജകാർത്ത അടക്കമുള്ള നഗരങ്ങളിലെ തീയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്.  ഹിന്ദി സിനിമകളും സീരിയലുകളും മൊഴിമാറ്റം ചെയ്തു ഇന്തോനേഷ്യൻ ടി വി ചാനലുകൾ സ്ഥിരമായി പ്രദർശിപ്പിക്കുന്നുണ്ട്. ഇത് കൂടാതെ, നിരവധി ഹിന്ദി ഭാഷാ ചാനലുകൾ ‘ഡിഷ് ടു ഹോം’ സേവനത്തിന്റെ ഭാഗമായി നിങ്ങള്ക്ക് ഇന്തോനേഷ്യയിൽ ലഭ്യവുമാണ്.

എന്നാൽ ഒരൊറ്റ മലയാള ചാനലുകളും നിലവിൽ  ഇത്തരം പാക്കേജിൽ ലഭിക്കുന്നില്ല. പകരം രണ്ടു രീതിയിൽ നിങ്ങള്ക്ക് മലയാളം ചാനൽ പരിപാടികൾ കാണാം. ഏറ്റവും എളുപ്പമുള്ള മാർഗം ഇന്റർനെറ്റ് വഴിയാണ്. വളരെ കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് ഡാറ്റാ പ്ലാനുകൾ ലഭ്യമായ രാജ്യമാണ് ഇന്തോനേഷ്യ. ഇന്ത്യയുമായി താരതമ്യപ്പെടുത്തിയാൽ ഇൻഡോനേഷ്യയിലെ ഇന്റർനെറ്റ് ഡാറ്റാ പ്ലാനുകൾ നാലിരട്ടിയോളം വേഗതയിൽ പ്രവർത്തിക്കുന്നതായി കാണാം. മലയാളത്തിലെ എല്ലാ ചാനലുകളും ലൈവ് ആയി കാണാൻ എളുപ്പമുള്ള മാർഗം ഇതായിരിക്കും.

രണ്ടാമത്തെ മാർഗം സാറ്റലൈറ്റ് ഡിഷ് ആന്റിന ഉപയോഗിച്ച് കൊണ്ടാണ്. അതിനു വേണ്ട ചില സാങ്കേതിക നിർദേശങ്ങളാണ് താഴെ ചേർക്കുന്നത്.

മിക്കവാറും എല്ലാ മലയാളം ചാനലുകളുടെയും സാറ്റലൈറ്റ് ബീമിങ് intelsat 17 വഴിയാണ്. ഇതിൽ നിന്ന് തന്നെയാണ് നിലവിൽ എല്ലാ ‘ഡിഷ് ടു ഹോം’ സേവനദാതാക്കളും സിഗ്നൽ എടുത്തു നിങ്ങളുടെ വീട്ടിൽ എത്തിക്കുന്നത്. നിങ്ങളുടെ താമസസ്ഥലത്തു മലയാളം ചാനൽ എത്തിക്കണമെങ്കിൽ നേരിട്ട് ഡിഷ് വെക്കേണ്ടി വരും.

ഇന്ത്യയുടെ ആൻഡമാൻ ദ്വീപിനടുത്തുള്ള ആച്ചേ (Aceh) മുതൽ, മെഡാൻ (Medan), പടാങ് (Padang) , റിയാവു (Riau), വടക്കൻ കലിമാന്താൻ (North Kalimathan) തുടങ്ങിയ ഇന്തോനേഷ്യൻ മേഖലകളിൽ  7 അടിയിൽ താഴെയല്ലാത്ത വലിപ്പമുള്ള ഡിഷ് ആന്റിന മതിയാകും. മലേഷ്യ (Malaysia) യിലും സിംഗപ്പൂരു (Singapore) മുള്ള മലയാളികള്‌ക്കും ഈ വലിപ്പമുള്ള ഡിഷ് ആന്റിന തന്നെയാണ് വേണ്ടി വരിക.  കാറ്റും മഴയും കൂടുതലുള്ള ഇന്തോനേഷ്യൻ കാലാവസ്ഥയിൽ  കൂടുതൽ നല്ലതു പരാബോളിക് (Parabloic Dish Antenna) എന്നറിയപ്പടുന്ന മെഷ് തകിടുകളുള്ള ആന്റിനയാണ്‌.

ജകാർത്ത (Jakarta) , സുരബയ (Surabaya), ജാംബി (Jambi), പാലെമ്ബാങ് (Palembang),  ബാന്റുങ് (Bandung), ബാലി (Bali), സുലാവേസി (Sulawesi) എന്നിവിടങ്ങളിൽ ചുരുങ്ങിയത് 9 -10 അടി വലിപ്പമെങ്കിലുമുള്ള ഡിഷ് ആന്റീനയാണ് വേണ്ടത്. മാലുകു (Maluku) , പാപുവ (Papua) തുടങ്ങിയ ഭാഗങ്ങളിലേക്ക് 10 അടി വലിപ്പമുള്ള ആന്റീനയാണ് ഉചിതം.  ഇത് കൂടാതെ സി ബാൻഡിൽ  (LNB – C Band) പ്രവർത്തിക്കുന്ന നല്ല ഗുണമേന്മയുള്ള ഒരു എൽ. എൻ. ബി.യും DVB-S2 റിസീവറും ആവശ്യമായ കേബിളുകളും വാങ്ങേണ്ടി വരും. ചില പുതിയ ടി വി സെറ്റുകളിൽ dvb s2 ട്യൂണർ കൂടെ ഉൾപ്പെടുത്തി നിർമാതാക്കൾ ഇറക്കുന്നുണ്ട്.  നിങ്ങൾ കൂടുതൽ വില കൊടുത്തു വാങ്ങിയ  ഒരു ടി വി ആണ് ഉപയോഗിക്കുന്നതെങ്കിൽ dvb s2 ട്യൂണർ ചിലപ്പോൾ ഉണ്ടാകും. അങ്ങിനെയെങ്കിൽ പ്രത്യേകം ട്യൂണർ വാങ്ങേണ്ടതില്ല.  ഏകദേശം 10,000 ഇന്ത്യൻ രൂപക്ക് ഇത് മൊത്തം ലഭ്യമാകും. നിങ്ങളുടെ ഡിഷ് ആന്റിന സ്ഥാപിക്കുന്ന ടെക്‌നീഷ്യനോട് ആദ്യം താഴെ കൊടുത്ത ബ്ലോഗ് വായിക്കാൻ പറയുക.

ഇന്തോനേഷ്യൻ ഭാഷയിലുള്ള താഴെ ചേർത്ത ബ്ലോഗ് വായിച്ചാൽ   നിങ്ങളുടെ ടെക്‌നീഷ്യന്  ഇന്റൽസാറ്റ് ഉപഗ്രഹത്തിൽ നിന്നും  മലയാളം ഉൾപ്പെടെയുള്ള മിക്കവാറും എല്ലാ ഇന്ത്യൻ ടി വി ചാനലുകളും ട്യൂൺ ചെയ്തെടുക്കാനുള്ള സാങ്കേതിക നിർദേശങ്ങൾ ലഭിക്കും.

http://www.satelitindonesia.com/2014/09/intelsat-17.html

നിങ്ങളുടെ താമസ സ്ഥലത്തു മലയാളം ടി വി ചാനലുകൾ സാറ്റലൈറ്റിൽ നിന്നും നേരിട്ട് ട്യൂൺ ചെയ്തെടുക്കാൻ ആവശ്യമായ സാങ്കേതിക വിവരങ്ങൾ താഴെ ലിങ്കിൽ നിന്നും ലഭിക്കും.

https://www.satbeams.com/footprints?beam=6264