ഇൻഡോനേഷ്യയിലെ ഹിന്ദു ഭൂരി പക്ഷ സംസ്ഥാനമായ ബാലിയിൽ ഹിന്ദു പുതു വര്ഷ പിറവി ‘ന്യെപി’ (Nyepi) കാണാനെത്തുന്ന മലയാളിക്ക് ബാലിയിലും ഹർത്താൽ ഉണ്ടോ എന്ന് തോന്നി പോകും. ഏതു പുതുവത്സരാഘോഷങ്ങളിൽ നിന്നും വ്യത്യസ്തമായി,  ബാലിയിലെ ഹിന്ദുക്കൾ പുതു വര്ഷം ആചരിക്കുന്ന ദിവസം മൗനം പാലിക്കുകയാണ് ചെയ്യുന്നത്.

അന്ന് ബാലിയിലെ എല്ലാ കടകളും എയർപോർട്ടും അടഞ്ഞു കിടക്കും. വാഹനങ്ങൾ നിരത്തിലുണ്ടാകില്ല.  പുലർച്ചെ  6 മുതൽ അടുത്ത ദിവസം 6 വരെ (Yoga/Brata ) എല്ലാ ദൈനം ദിന പ്രവർത്തനങ്ങളും ബാലിയിലെ ഹിന്ദുക്കൾ നിറുത്തി വെക്കുന്നു.  നാല് കാര്യങ്ങൾ അന്ന് ബാലിയിലെ ഹിന്ദുക്കൾ പരിത്യജിക്കണം. സുഖാനുഭൂതി (amati lelangon),  യാത്ര (amati lelungan) , അഗ്നി (amati geni) ,  ജോലി (amati karya) എന്നിവ ഒഴിവാക്കി വീടിനകത്തു  മൗനിയായി കഴിയുകയാണ് ന്യെപി  പുതുവർഷ ദിനത്തിൽ ചെയ്യേണ്ടത്.

ബാലി ഹിന്ദുക്കളുടെ കറുത്ത ഷർട്ട് ധരിച്ചു കള്ളിമുണ്ടുടുത്ത്  , തലയിൽ പാരമ്പര്യ തൊപ്പി വെച്ച  പേചാലാങ്‌ (pecalang) എന്നറിയപ്പെടുന്ന സാമൂഹ്യ സംരക്ഷണ സേന ജനങ്ങൾ ‘ന്യെപി’ ആചരിക്കുന്നവെന്നു ഉറപ്പു വരുത്താനായി രാപകൽ പട്രോൾ സവാരി നടത്തും.  ഹിന്ദു പുതുവര്ഷാരംഭ ദിനത്തിൽ പൊതു സ്ഥലങ്ങളിൽ വിനോദ സഞ്ചാരികൾ അവരുടെ താമസ സ്ഥലത്തു നിന്ന് പുറത്തിറങ്ങാറില്ല. ബാലിയിലെ അന്താരാഷ്‌ട്ര വിമാനത്താവളം ഹിന്ദു പുതുവത്സരം പ്രമാണിച്ചു അടഞ്ഞു കിടക്കും. ബാലിയിലെ എല്ലാ ആശുപത്രികളിലും അടിയന്തിര സ്വഭാവമുള്ളതോ, പ്രസവ ചികിത്സയോ മാത്രമാണ് അന്ന് ലഭിക്കുകയുള്ളു.

ബാലിയിലെ ഹിന്ദു കലണ്ടർ ആയ സാക (Saka, 1939)  പ്രകാരം ഈ വർഷത്തെ ‘ന്യെപി’ എന്ന ഹിന്ദു പുതു വർഷാരംഭം തുടങ്ങുന്നത് ( Nyepi Day ) 28 March 2017 നാണ് .ഗ്രിഗോറിയൻ കലണ്ടറിനു 78 വര്ഷം പുറകിലുള്ള സാക കലണ്ടർ, പുതു ചന്ദ്രന്റെ വരവുമായി ബന്ധപ്പെട്ടാണ് തുടങ്ങുക.  ഈ ദിനം ഇന്തോനേഷ്യയിലെങ്ങും ദേശീയ അവധിയാണ്. സ്വകാര്യ സ്ഥാപങ്ങളിലെയും സർക്കാർ സ്ഥാപനങ്ങളിലെയും ജീവനക്കാർക്കും അവധി തന്നെ. ബാലിയിലെ ഹിന്ദുക്കൾ ആചരിക്കുന്ന സാക കലണ്ടർ പശ്ചിമ ഇന്ത്യയിൽ നിന്നും ഉൽഭവിച്ചതാണെന്നു കരുതുന്നു.

എന്നാൽ ‘ന്യെപി’ ക്കു മൂന്ന് ദിവസം മുമ്പ് വർണാഭമായ ചില ചടങ്ങുകൾ തുടങ്ങും. ക്ഷേത്രങ്ങളോടും കടൽത്തീരങ്ങളോടും ചേർന്ന് നടത്തുന്ന   മേലാസ്തി (melasti)  എന്ന പേരിലറിയപ്പെടുന്ന  മത ഘോഷ യാത്രകൾ  നയന മനോഹരമായ കാഴ്ചയാണ്.

ഇന്ത്യയിലെ പല ഹിന്ദു ആചാരങ്ങളിൽ നിന്നും വ്യത്യസ്തമായ രീതി പുലർത്തുന്നതാണ്  ബാലിയിലെ പ്രാചീന ഹിന്ദു സംസ്കാരം.