കേരളത്തിൽ എന്റെ യാത്രക്കിടെ നടന്ന ഒരു ചെറിയ കഥ പറയുകയാണ് . ഒരിക്കൽ ബാംഗ്ലൂർ നഗരത്തിൽ നിന്ന് കൊച്ചിക്കു വരുമ്പോൾ അടുത്ത സീറ്റിലിരുന്ന  ഒരു ഹിന്ദു പെൺകുട്ടിയുമായി ഞാൻ പരിചയപ്പെട്ടു.  ഞാൻ ഇന്തോനേഷ്യയിൽ നിന്നാണെന്നറിഞ്ഞപ്പോൾ അവർ ബാലിയിലെ ഹിന്ദുക്കളെ കുറിച്ചും മറ്റും നിരവധി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. വളരെ സൗമ്യതയുള്ള, വിദ്യാസമ്പന്നയായ പെൺകുട്ടിയായിരുന്നു അവർ.

അതിനിടെ പതിവ് രീതിയനുസരിച്ചു,  യാത്ര തുടങ്ങുന്നതിനു മുമ്പുള്ള മുസ്ലിം പ്രാർത്ഥന ഞാൻ  ചെയ്തു . അത് കേട്ട അവൾ കുറച്ചു കൗതുകത്തോടെ എന്നോട്  അറബ് ഭാഷ അറിയുമോയെന്ന് ചോദിച്ചു.   യാത്രക്ക് മുമ്പ് മുസ്ലിംകൾ നടത്തുന്ന പ്രാർത്ഥന ചെറുപ്പത്തിൽ തന്നെ അറബിയിൽ പഠിച്ചത് ഉരുവിട്ടതാണെന്നും അറബ് ഭാഷ പൂർണമായി  അറിയില്ലെന്നും ഞാൻ മറുപടി പറഞ്ഞു.

എനിക്ക് കൗതുകകരമായി തോന്നിയ ഭാഗം ഇതൊന്നുമല്ല. അവൾ ഒരു ഹിന്ദു മത വിശ്വാസി ആയിരുന്നുവെങ്കിലും കേരളത്തിലെ ഉയർന്ന ജാതിയിൽ ജനിച്ച കുട്ടി ആയിരുന്നുവെങ്കിലും അവൾക്കു യാത്രക്ക് മുമ്പ് നിർവഹിക്കേണ്ട ഹിന്ദു മതത്തിലെ തന്നെ പ്രാർത്ഥന അറിയില്ല എന്നതായിരുന്നു.! എന്നാൽ ഹിന്ദുക്കൾ അടക്കമുള്ള വിവിധ മതവിശ്വാസികൾ  യാത്രക്ക് മുമ്പ് ചെയ്യേണ്ട  പ്രാർത്ഥനകൾ  ഇന്തോനേഷ്യൻ പൊതു വാഹനങ്ങളിൽ ഇപ്പോഴും ഒരു ബ്രോഷർ ആയി  ലഭ്യമാണ്.

ഇന്തോനേഷ്യയിൽ യാത്ര ചെയ്യുന്ന വിമാനങ്ങളിലും ട്രാൻസ് ജക്കാർത്ത തുടങ്ങിയ പൊതു ബസ്സുകളിലും നിങ്ങൾ കയറി നോക്കൂ. ഇന്തോനേഷ്യൻ ഭരണ ഘടന ഔദ്യോഗികമായി അംഗീകരിച്ച 6 മതങ്ങളായ ഇസ്‌ലാം, ഹിന്ദു, പ്രൊട്ടസ്റ്റന്റ്, കാത്തോലിക് , ബുദ്ധിസം, കൺഫ്യൂഷ്യനിസം എന്നിവയുടെ യാത്രക്ക് മുമ്പ്   നിർവഹിക്കാനുള്ള പ്രാർത്ഥനകൾ അടങ്ങുന്ന ബ്രോഷർ ( Doa Perjalanan) നിങ്ങളുടെ ഇരിപ്പിടത്തിനു മുന്നിൽ കാണാം. ഇതോടൊപ്പം പോസ്റ്റ് ചെയ്തിരിക്കുന്നത് ലയൺ എയർ  വിമാനത്തിൽ നിങ്ങളുടെ സീറ്റിനു മുന്നിൽ കാണുന്ന പ്രാർത്ഥനാ പുസ്തകത്തിന്റെ ഫോട്ടോ ആണ്.

മുസ്ലിംകൾ 87.5 % മുള്ള, ലോകത്തിലെ 13%  മുസ്ലിംകളും താമസിക്കുന്ന ഇൻഡോനേഷ്യയിലെ മതേതരത്വംഇങ്ങിനെയാണ്‌. ഞങ്ങൾ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. എല്ലാവർക്കുമുള്ള പങ്ക് ഔദോഗികമായി തന്നെ നൽകുന്നു.  എല്ലാ മതങ്ങളിലെയും നന്മകളെ പ്രോത്സാഹിപ്പിക്കുന്നു.  ഇൻഡോനേഷ്യയിലെ ബാലിയിലെ ഹിന്ദുക്കളുടെ  ഇടയിലുണ്ടായിരുന്ന ജാതി വേർതിരിവ്  ഒരു പരിധി വരെ ഇല്ലാതാക്കാനും സാമൂഹ്യവും നിയപരവുമായ  സമീപനങ്ങളിലൂടെ  ഇന്തോനേഷ്യൻ ഗവണ്മെന്റിനു കഴിഞ്ഞിട്ടുണ്ട് എന്ന് കൂടെ പറയട്ടെ.