ഇന്ത്യയിൽ നിന്ന്  ഇന്തോനേഷ്യയിലേക്ക്  കയറ്റുമതി ചെയ്യാവുന്ന സാധനങ്ങളുടെ സാധ്യതാ പട്ടികയിൽ  മൂന്നെണ്ണം മുൻഗണന അർഹിക്കുന്നുണ്ട്. അതിൽ  ഏറ്റവും പ്രധാനം ബീഫ് ഇറച്ചി തന്നെയാണ്.  ഇപ്പോൾ ആസ്ട്രേലിയയിൽ നിന്നാണ്   80 ശതമാനം ബീഫ് ഇറച്ചിയുംഇന്തോനേഷ്യ ഇറക്കുമതി ചെയ്യുന്നത്. എന്നാൽ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുമ്പോൾ ഏകദേശം പകുതി  വിലക്ക് ഇന്തോനേഷ്യൻ വിപണിയിൽ ഇന്ത്യൻ ബീഫ്  ലഭ്യമാകും.  പ്രധാനമായും ഗൾഫ് രാജ്യങ്ങളിലേക്ക് ബീഫ് കയറ്റുമതി ചെയ്യുന്ന ഇന്ത്യക്കു ഒരു പുതിയ വിപണിയാണ് ഇന്തോനേഷ്യയിൽ ലഭിച്ചിട്ടുള്ളത്.

എന്നാൽ ഇന്ത്യയിലെ ബീഫ് ഇറച്ചിയുടെ ഗുണനിലവാരത്തിൽ ഇന്തോനേഷ്യൻ ഏജൻസികൾ പൂർണമായും തൃപ്തരായിട്ടില്ല. ഒരു പക്ഷെ അതിനു പിന്നിൽ ആസ്ട്രേലിയൻ കമ്പനികളുടെ ഇടപെടൽ കൂടെയുണ്ടാകും. ഓസ്ട്രേലിയ, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളുടെ സമ്പദ് ഘടന ഇന്തോനേഷ്യയെ ആശ്രയിച്ചാണ് നില കൊള്ളുന്നത്. ഓസ്ട്രേലിയക്കു ഇന്തോനേഷ്യ ഒരു വൻ വിപണിയാണ്. ഇന്തോനേഷ്യയിൽ നിന്നുള്ള കള്ളപ്പണത്തിന്റെ വരവാണ് സിംഗപ്പൂരിന്റെ സമ്പദ്ഘടനയുടെ അത്താണി. ഇന്തോനേഷ്യൻ വിപണിയിൽ ഇന്ത്യയുടെ ഇടപെടൽ ഈ രാജ്യങ്ങളുടെ സാമ്പത്തിക താല്പര്യങ്ങൾക്കെതിരാണ് എന്ന് കാണാം. ഇന്തോനേഷ്യയോട് ഏറ്റവും അടുത്ത സാംസ്കാരിക ബന്ധമുള്ള  രാജ്യം ഇന്ത്യയാണെന്നത് കൊണ്ട് ഇന്ത്യൻ ഉത്പന്നങ്ങളേയും സ്ഥാപനങ്ങളെയും  ഇന്തോനേഷ്യക്കാർ പൊതുവെ സ്വാഗതും ചെയ്യാറുണ്ട്.

ഇന്തോനേഷ്യയിലേക്കു സാധ്യതയുള്ള മറ്റൊരു കയറ്റുമതി ഉല്പന്നം  ഒട്ടുന്ന തരത്തിലുള്ള  (Sticky Rice) ഇന്ത്യൻ  അരിയാണ് . എന്നാൽ ബസ്മതി പോലുള്ള ഇന്ത്യൻ അരിക്ക് ഇന്തോനേഷ്യൻ വിപണിയിൽ ഡിമാൻഡ് ഇല്ല.  കഴിഞ്ഞ വര്ഷം ഇന്തോനേഷ്യൻ സ്വകാര്യ സ്ഥാപനങ്ങൾ ഇന്ത്യയിൽ നിന്നും 900,000 ടൺ അരി ഇറക്കുമതി ചെയ്തു. ഇത് കൂടാതെ  അടുത്ത നാല് വർഷത്തേക്ക് ഇന്ത്യയിൽ നിന്നും പ്രതിവർഷം ഒരു മില്യൺ ടൺ ഇറക്കുമതിക്ക് സർക്കാർ തലത്തിൽ ധാരണയായിട്ടുണ്ട്.

മൂന്നാമത്തേത് ഫാർമസി മരുന്ന് ഉത്പന്നങ്ങളാണ്. ഇന്തോനേഷ്യയുടെ തന്നെ ഗവണ്മെന്റ് അധീനതയിലുള്ള കിമിയ ഫാർമ  (kimia farma)  പോലുള്ള പടു കൂറ്റൻ സ്ഥാപനങ്ങൾക്ക് മേൽകൈ ഉള്ള മേഖലയാണിത്. ദേശീയ താല്പര്യങ്ങളെ മുൻ നിർത്തി ഈ വിപണിയിൽ ഇന്ത്യക്കു പെട്ടെന്ന് വാതിൽ തുറക്കാനിടയില്ല. എന്നാൽ ചില പ്രത്യേക മരുന്നുകൾക്ക് സാധ്യത നില നിൽക്കുകയും ചെയ്യുംപുതുതായി മരുന്നുത്പാദന ലൈസൻസുകൾ നേടുന്നത് കാലദൈർഘ്യം വരാവുന്ന നടപടിയാണ്. എന്നാൽ FDA/WHO എന്നിവ അംഗീകരിച്ച മരുന്നുകളുടെ വിപണന  സാധ്യത താരതമ്യേന എളുപ്പമാകും.

മറ്റൊന്ന് ബോളിവുഡ് സിനിമകളുടെ ഇന്തോനേഷ്യൻ വിപണിയാണ്. അമീർ ഖാൻ, സൽമാൻ ഖാൻ തുടങ്ങി ഇന്ത്യയിലെ എല്ലാ താരങ്ങളും ഇന്തോനേഷ്യക്കാർക്കു സുപരിചിതരാണ്.  ഇന്തോനേഷ്യയുടെ ആഭ്യന്തര സിനിമ വിപണി   30 % വളർച്ചയാണ് പ്രതിവർഷം രേഖപ്പെടുത്തുന്നത്. ഇന്ത്യയിൽ നിന്ന് കുടിയേറി ഇന്തോനേഷ്യൻ പൗരന്മാരായ സിന്ധി ബിസിനസ് പ്രമുഖർ നടത്തുന്ന കമ്പനികൾക്ക് വലിയ വലിയ പ്രാതിനിധ്യമുള്ള മേഖലയാണ് ഇൻഡോനേഷ്യൻ സിനിമാ വ്യവസായം.

ഇന്ത്യയുമായുള്ള വ്യാപാരബന്ധത്തിൽ പ്രതിവർഷം ശരാശരി $8 മുതൽ $9 ബില്യൺ മിച്ചം നേടാൻ ഇന്തോനേഷ്യക്കു കഴിയുന്നുണ്ട്.  കൂടുതൽ  ഇന്ത്യൻ ഉൽപന്നങ്ങൾ ഇന്തോനേഷ്യൻ വിപണിയിലേക്കെത്തിച്ചാൽ ഈ വ്യാപാര കമ്മി നികത്താനും  ചരിത്രപരമായ ബന്ധം ശക്തിയാർജിപ്പിക്കാനും കഴിയും.