ഇന്തോനേഷ്യ, മലേഷ്യ എന്നിവ ഉൾക്കൊള്ളുന്ന  ആസിയാൻ മേഖലയിൽ ചരിത്രപരമായ കാരണങ്ങളാൽ ബഹു ഭാര്യത്വത്തിനു സാമൂഹ്യ അംഗീകാരമുള്ളതായി കാണാം. ഔദ്യോഗികമായ കണക്കുകൾ പ്രകാരം ഇന്തോനേഷ്യയിൽ 10 % ത്തോളം  ബഹുഭാര്യത്വം നില നില്ക്കുന്നു. എന്നാൽ അനൗദ്യോഗിക കണക്കുകൾ പ്രകാരം ഇത് 20 ശതമാനത്തോളം വരുമെന്നും പറയപ്പെടുന്നു. പരമ്പരാഗതമായി  ബാലിയിലെ ഹിന്ദുക്കളുടെ ഇടയിലും ബഹുഭാര്യത്വം നില നിൽക്കുന്നുണ്ട്.  സ്വത്തുക്കളുടെയും കുട്ടികളുടെയും അവകാശം ബാലിയിലെ ഹിന്ദു സമൂഹത്തിൽ കൈകാര്യം ചെയ്യുന്നത് പുരുഷനാണ്.

ബഹുഭാര്യത്വത്തിനു സാമൂഹ്യമായ അംഗീകാരം  നില നില്ക്കുന്നത് കൊണ്ട് പലപ്പോഴും സ്ത്രീകൾ തന്നെ അതിനെ പിന്തുണക്കുന്നതായി കാണാം.  ബഹുഭാര്യത്വം നില നിർത്തണമെന്നാവശ്യപ്പെട്ട് ഹിസ്‌ബു തഹ്‌രീർ എന്ന മുസ്ലിം വനിതാ സംഘടന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റാലിയും കാമ്പയിനും നടത്തിയ ചരിത്രമാണ് ഇന്തോനേഷ്യക്കുള്ളത്. വർധിച്ചു വരുന്ന വിവാഹമോചനങ്ങളുടെ പാശ്ചാത്തലത്തിൽ കുട്ടികൾക്കും സ്ത്രീകൾക്കും ബഹുഭാര്യത്വം മാന്യതയും സംരക്ഷണവും നൽകുന്നുവെന്നും അത് വേശ്യാ വൃത്തിയെ കുറക്കുമെന്നും ഹിസ്‌ബു തഹ്‌രീർ പോലുള്ള വനിതാ സംഘടനകൾ പറയുന്നു.

സന്തുഷ്ടമായ ബഹുഭാര്യത്വം പുലർത്തുന്ന, ഇൻഡോനേഷ്യയിലെ ഏറ്റവും ആദരിക്കപ്പെടുന്ന, പ്രസിദ്ധനായ   മതപണ്ഡിതനാണ്  Ustadz Arifin Ilham.  ( ഉസ്താദ് ആരിഫിൻ ഇൽഹാം -ചിത്രം 1 കാണുക )

അറബികൾ അടക്കമുള്ള നിരവധി വിദേശികൾ  ഇന്തോനേഷ്യയിൽ നിന്ന് രണ്ടാം വിവാഹം കഴിക്കുന്നുണ്ട്.  നിയമപരമായ വിവാഹത്തിൽ ഏർപ്പെടുന്നവർക്ക് ഇന്തോനേഷ്യയിൽ സ്ഥിരമായി താമസിക്കുവാനുള്ള പെർമിറ്റ് രണ്ടാം വിവാഹത്തിലൂടെയും സാധ്യമാണ്. പിന്നീട് അത് ഇന്തോനേഷ്യൻ പൗരത്വം ലഭിക്കാനും ഉപയോഗിക്കുന്നവരുണ്ട്. 

ടി.വി. റേഡിയോ, റിയൽ എസ്റ്റേറ്റ്, യൂണിവേഴ്‌സിറ്റികൾ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ ഉടമയും മത പണ്ഡിതനുമായ  ആഗിമ്മിനു രണ്ടു ഭാര്യമാരുണ്ട്. (Ustadz KH Abdullah Gymnastiar – Aa Gym)

പല മതേതര പാർട്ടികളുടെ നേതാക്കളും, നടന്മാരും, സെലിബ്രിറ്റികളും രഹസ്യമായി വിവാഹിതരോ, വിവാഹിതര ബന്ധങ്ങൾ പുലർത്തുന്നവരോ ആണെന്ന വാർത്തകൾ ഇന്തോനേഷ്യൻ മാധ്യമങ്ങളിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ അവരിൽ നിന്നൊക്കെയും വ്യത്യസ്തരാണ്  ഇസ്ലാമിസ്റ് കക്ഷികളുടെ നേതാക്കൾ.  ഇസ്‌ലാം അനുശാസിക്കുന്ന രീതിയിലുള്ള ബഹുഭാര്യത്വത്തെ പെ. കെ . എസ് അംഗീകരിക്കുകയും അവരിൽ ചില നേതാക്കൾ അത് പരസ്യമായി ആചരിക്കുകയും ചെയ്യുന്നു.   ഇൻഡോനേഷ്യയിലെ ഏറ്റവും വലിയ ഇസ്‌ലാമിസ്റ് രാഷ്ട്രീയ പ്രസ്ഥാനമായ പെ. കെ. എസിന്റെ മുൻ അധ്യക്ഷൻ ആണ് അനീസ് മാത. (ചിത്രം 2 )  ഇസ്‌ലാം സ്വീകരിച്ച ഒരു ഹങ്കേറിയൻ യുവതിയെയാണ് അദ്ദേഹം രണ്ടാം ഭാര്യയായി തെരഞ്ഞെടുത്തത്.  സംഘടനയുടെ തന്നെ മുൻ ചെയര്മാൻ  ലുത് ഫി ഹസൻ ഇസ്ഹാകിന് മൂന്ന് ഭാര്യമാരുണ്ട്.

സുഹാർത്തോ ഭരണക്കാലത്ത് നടപ്പിലാക്കിയ ബഹുഭാര്യത്വത്തിനുള്ള വിലക്കുകൾ  പിന്നീടുള്ള സർക്കാരുകൾ കുറച്ചു കൊണ്ട് വരുന്നതായി കാണാം. യഥാർത്ഥത്തിൽ  പൊതു ജനങ്ങളെക്കാൾ കൂടുതൽ സർക്കാർ ഉദ്യോഗസ്ഥർക്കാണ് ഈ വിധി വിലക്കുകൾ ബാധകമായിരുന്നത്. സാമൂഹ്യ സമ്മർദ്ദത്തിന്റെ ഭാഗമായി  2015 ൽ രാജ്യ രക്ഷാ മന്ത്രാലയം സിവിൽ ഉദ്യോഗസ്ഥർക്ക് ബഹുഭാര്യത്വത്തിനു അനുമതി നൽകുകയാണ് ചെയ്തത്.

ഇന്തോനേഷ്യൻ മതകോടതിയിൽ നിന്നും അനുവാദം ലഭിച്ചാൽ ഒരു മുസ്ലിം പുരുഷന് രണ്ടാമതൊരു ഭാര്യയെ സ്വീകരിക്കാമെന്നാണ് 1974 ലെ നിയമത്തിലെ വിവിധ ഖണ്ഡികകളിലുള്ളത്. നിലവിലുള്ള ഭാര്യക്ക് അവളുടെ കടമകൾ നിർവഹിക്കാൻ പറ്റാതാകുക, അംഗവൈകല്യം പോലുള്ള രോഗങ്ങൾ ബാധിക്കുക, മാതൃത്വത്തിനുള്ള സാധ്യതകൾ ഇല്ലാതാകുക തുടങ്ങിയ ഇസ്‌ലാമികമായ കാരണങ്ങൾ കോടതിയെ ബോധ്യപ്പെടുത്താൻ പുരുഷന് കഴിഞ്ഞാൽ മത കോടതി ബഹുഭാര്യത്വത്തിന് അനുമതി നൽകാം.  എന്നാൽ കോടതിയുടെ അനുവാദം ലഭിക്കാതെ തന്നെ പലരും ബഹുഭാര്യത്വത്തിൽ ഏർപ്പെടാറുണ്ട്.

Polygamy Sakinah Family Forum (FKPS), Global Ikhwan (ചിത്രം 3 ) ഹിസ്ബ് തഹ്‌രീർ, തുടങ്ങിയ നിരവധി എൻ ജി. ഒ. കൾ ബഹുഭാര്യത്വത്തിനുള്ള നിയമങ്ങൾ ലഘൂകരിക്കാൻ  വേണ്ടി സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട് . വിവാഹ മോചിതരുടെയും, വിധവകളുടെയും, കുട്ടികളുടെയും സംരക്ഷണം, ഗ്രാമ പ്രദേശങ്ങളിലെ ദാരിദ്ര്യം മൂലം  നഗരങ്ങളിലേക്ക് കുടിയേറുന്ന ചെറുപ്പക്കാരികൾ വേശ്യാ വൃത്തിയിലേക്ക്  ആകൃഷ്ടരാകുന്നത് തടയുക തുടങ്ങിയ കാര്യങ്ങളാണ് മുസ്ലിം വനിതാ സംഘടനകൾ  ബഹുഭാര്യത്വത്തിന് അനുകൂലമായി ചൂണ്ടി കാട്ടുന്നത്.

ജാവയിലെ പ്രശ്‌സതമായ ഒരു റെസ്റ്റാറന്റ് ചെയിൻ ആണ് അയാം ബക്കർ വോങ് സോളോ. (Ayam Bakar Wong Solo) അതിന്റെ ഉടമസ്ഥനായ   പുസ്‌പോ വാർഡൊയോ (Puspo Wardoyo) ഏറ്റവും സന്തുഷ്ടമായ ബഹുഭാര്യത്വം പാലിക്കുന്ന  കുടുംബത്തിന് 2003 ൽ  അവാർഡ് പ്രഖ്യാപിച്ചു കൊണ്ട്  ജകാർത്തയിലെ ഒരു പഞ്ച നക്ഷത്ര ഹോട്ടലിൽ ചടങ്ങ് സംഘടിപ്പിക്കുകയുണ്ടായി.  നാല് ഭാര്യമാരുള്ള അദ്ദേഹം ഇപ്പോഴും സന്തുഷ്ടമായ കുടുംബ ജീവിതം ആസ്വദിക്കുന്നു!

മലേഷ്യയിൽ ബഹു ഭാര്യത്വത്തിന് ചില നിയന്ത്രണങ്ങൾ വന്നതോടെ പല  പുരുഷന്മാരും തായ്‌ലൻഡിൽ നിന്നും ഇന്തോനേഷ്യയിൽ നിന്നുള്ള  മുസ്ലിം വനിതകളെയാണ് പകരം കണ്ടത്.  അതോടെ ഇസ്‌ലാമിസ്റ് കക്ഷികൾക്ക് ആധിപത്യമുള്ള കലിമന്താൻ സംസ്ഥാനം ബഹു ഭാര്യത്വം പ്രോത്സാഹിപ്പിക്കാനുള്ള നടപടികളിലേക്ക് നീങ്ങിയിരിക്കയാണ്. മുസ്ലിം കുട്ടികളുടെ രക്ഷാ കർതൃത്വം, അവരുടെ സാമൂഹ്യവും  മതപരവുമായ  വളർച്ച എന്നിവക്ക്  പുതിയ തീരുമാനം സഹായിക്കുമെന്നാണ്  കലിമന്താൻ  കുടുംബ ക്ഷേമ മന്ത്രാലയം കരുതുന്നത്.