കേരളത്തിലെ ഉമ്മൻ ചാണ്ടി സർക്കാരിനെ കുലുക്കിയ സോളാർ വിപണി ഇനി മുസ്‌ലിയാക്കന്മാരുടെ തൊഴിൽ മേഖലയിലും കടന്നു ചെല്ലുമോ? ഖബറിന് സമീപം 24 മണിക്കൂറും സൗരോർജം ഉപയോഗിച്ച് ‘യാസീൻ’ (ഖുർആനിലെ അദ്ധ്യായം) ഓതുന്ന ഉല്പന്നമാണ് ഇയ്യിടെ ഇന്തോനേഷ്യൻ വിപണിയിൽ ഒരു  ചൈനീസ് കമ്പനി പരീക്ഷിച്ചു നോക്കിയത്. ഫേസ്ബുക് ഉപയോഗിച്ചുള്ള ഓൺലൈൻ കച്ചവടത്തിലൂടെയാണ് ആദ്യം ജനങ്ങൾ സംഭവമറിഞ്ഞത്.

അതിനിടെ ചിലരെങ്കിലും ‘സോളാർ യാസീൻ പെട്ടി’ വാങ്ങിയെങ്കിലും വ്യാപകമായ എതിർപ്പ് വന്നതോടെ ഉത്പാദകർ വിപണിയിൽ നിന്ന് പിന്മാറി. തങ്ങൾക്കു സമൂഹത്തിലുള്ള  സ്ഥാനം നഷ്ടപ്പെടുമെന്ന് കണ്ട യാഥാസ്ഥിതികർ ശക്തമായി രംഗത്ത് വന്നു.  മുസ്ലിം പരിഷ്കരണ വാദികളാകട്ടെ, ഇത് യാഥാസ്തികരെ പരിഹസിക്കാനുള്ള ഒരു സന്ദർഭവുമാക്കി. ഔചിത്യബോധമില്ലാതെ പുറത്തിറക്കിയ ഉപകരണം പിൻവലിക്കാൻ അങ്ങിനെ  ചൈനീസ് ഉത്പാദകർ നിര്ബന്ധിതരായി.  ചൈനയിൽ നിന്നും കുടിയേറി ഇന്തോനേഷ്യക്കാരായി മാറിയ ചൈനീസ് വംശജരാണ് ഇൻഡോനേഷ്യയിലെ ഏറ്റവും ധനാഢ്യരായ കച്ചവട സമൂഹം.

ഖബറുകൾ ഭംഗിയോടെ കെട്ടിയുയർത്തി ടൈൽസ് ഇടുന്ന രീതി ജാവയിലെ സമ്പന്നരുടെ ഇടയിൽ സാധാരണയാണ്. മരണ വാർഷികത്തിന്  കബറിന് മുകളിൽ പുഷ്പങ്ങൾ വിതറുകയും, വെള്ളമൊഴിക്കുകയും, ‘യാസീൻ’ ഓതുകയും ജാവക്കാരായ മുസ്ലിംകളുടെ ഇടയിൽ പതിവാണ്. കേരളത്തിലെ യാഥാസ്ഥിതിക  സുന്നി മുസ്ലിം ആചാരങ്ങളോട് സമാനമായ പല രീതികളും ഹിന്ദുസംസ്കാരത്തിന്റെ പാരമ്പര്യമുള്ള ജാവ മേഖലയിൽ കാണാം. എന്നാൽ ഇയ്യിടെയായി  സലഫീ വീക്ഷണങ്ങൾക്ക്‌ കൂടുതൽ സ്വീകാര്യത ജാവയിൽ കണ്ടു വരുന്നുണ്ട്. മലായ് സംസ്കാരത്തിനു പ്രാമുഖ്യമുള്ള സുമാത്രയിൽ ഇസ്‌ലാമിസ്റ് കക്ഷികളുടെ സാമൂഹ്യവും രാഷ്ട്രീയവുമായ ആശയങ്ങൾക്കാണ് പ്രാമുഖ്യം.

87.5 ശതമാനം മുസ്ലിം ജനസംഖ്യയുള്ള ഇൻഡോനേഷ്യയിലെ മനോഹരമായ  പൊതു ഖബറിസ്ഥാനുകളിൽ എല്ലാ മതവിശ്വാസികളുടെയും മൃതദേഹം സംസ്കരിക്കാൻ അനുവാദമുണ്ട്. ജകാർത്ത  നഗരത്തിലുള്ള 56 പൊതു ശ്മശാനങ്ങളിൽ  മുസ്ലിം, ഹിന്ദു, കാത്തലിക്, പ്രൊട്ടസ്റ്റന്റ്, ബുദ്ധിസ്റ്, കൺഫ്യൂഷ്യസ് എന്നിങ്ങനെ ഭരണഘടന അംഗീകരിച്ച ആറു മതവിഭാഗങ്ങളുടെയും മൃതദേഹം അടക്കം ചെയ്യാം. തുറന്നു കിടക്കുന്ന ഒരൊറ്റ ശ്‌മശാനത്തിൽ തന്നെ ഓരോ മത വിഭാഗത്തിനും വ്യത്യസ്തമായ ഭാഗങ്ങളാക്കി തിരിച്ചിട്ടുണ്ട് എന്ന് മാത്രം. സർക്കാർ പരിപാലിക്കുന്ന പൊതു ശ്മശാനങ്ങൾ  കൂടാതെ ഓരോ മതവിഭാഗത്തിനും അവരുടേതായ സ്വകാര്യ ശ്‌മശാനങ്ങളുമുണ്ട് . സംഘടനകളോ വ്യക്തികൾക്കോ ശ്മശാനങ്ങൾ ഉണ്ടാക്കാനും പരിപാലിക്കാനും സർക്കാർ അനുമതി നൽകും 

വളരെ ഭംഗിയോടെ സജ്ജീകരിച്ചിട്ടുള്ളതും  നിരവധി ഉദ്യാനപാലകർ ജോലി ചെയ്യുന്നതുമാണ് ഇവിടുത്തെ പൊതു ശ്‌മശാനങ്ങൾ.  ജനസേവന തല്പരരായ സർക്കാർ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണ് ഇവയൊക്കെ പരിപാലിച്ചു പോകുന്നത്  എന്നത് മലയാളികൾക്ക് ഒരു കൗതുകമായി തോന്നാം. പൊതു ശ്മശാനങ്ങളുടെ (Tempat Pemakaman Umum – TPU) വികസസനത്തിനും നടത്തിപ്പിനുമായി   ജകാർത്ത നഗരഭരണകൂടം ഈ വര്ഷം നീക്കി വെച്ചത്  7.5 മില്യൺ ഡോളറും കഴിഞ വര്ഷം 4 മില്യൺ ഡോളറുമാണ്.  ജകാർത്ത നഗരത്തിലെ പൊതു ശ്മശാനങ്ങളുടെ ആകെ വിസ്തൃതി 1,500 ഏക്കറാണെന്നും ഓരോ ദിവസവും 110 ഖബറുകൾക്ക് ആവശ്യം വരുന്നുണ്ടെന്നുമാണ് കണക്ക്. പരേതരുടെ മറവു ചെയ്ത ലൊകേഷൻ അടക്കമുള്ള  എല്ലാ വിവരങ്ങളും കേന്ദീകൃത ഡാറ്റാബേസിൽ നിന്നും കാണാം.

ജകാർത്ത പൊതു ശ്മാശാനങ്ങളുടെ കേന്ദീകൃത വെബ് സൈറ്റ് സന്ദർശിക്കുക.