ജകാർത്തക്കു 150 കിലോ മീറ്റർ ദൂരെ  വിനോദസഞ്ചാരത്തിനു പ്രസിദ്ധമായ, തണുത്ത കാലാവസ്ഥയുള്ള നഗരമാണ് ബാന്ഡുങ് . 2013 മുതൽ ഈ നഗരത്തിലെ മുസ്ലിം പള്ളികൾ അടക്കമുള്ള ആരാധനാലയങ്ങൾ, പാർക്കുകൾ, ഹാളുകൾ തുടങ്ങിയ പൊതു സ്ഥലങ്ങളിൽ സൗജന്യമായി ഇന്റർനെറ്റ് വൈഫി ലഭ്യമാണ്. ബാൻഡുങ് ഗവർണ്ണറായ ( ഇന്ത്യയിലെ മുഖ്യ മന്ത്രി പദവിക്ക് തുല്യം) ശ്രീ. റിദ്വാൻ കാമിൽ ആണ് ഈ ആശയം ഇന്തോനേഷ്യയിൽ പ്രചരിപ്പിച്ചത്. അമേരിക്കയിൽ പഠിക്കുകയും പിന്നീട് സ്വന്തമായി തന്നെ ഒരു  കൺസൾട്ടൻസി സ്ഥാപനം ആരംഭിക്കുകയും ചെയ്ത, നഗരാസൂത്രണത്തിൽ പ്രാഗൽഭ്യമുള്ള ഒരു ആർകിടെക്ട് ആണ് റിദ്വാൻ കാമിൽ.

ഇൻഡോനേഷ്യയിലെ ആദ്യത്തെ സൗജന്യ വൈഫി നൽകുന്ന മുസ്ലിം പള്ളി എന്ന റെക്കോർഡ് 2013 ൽ തന്നെ ബാന്റുങ്ങിലെ പാസിറെന്താ (Pasir Endah) എന്ന സ്ഥലത്തുള്ള ‘മസ്ജിദ് അൽ മുഹാജിറീൻ’ നേടി. അന്താരാഷ്‌ട്ര പ്രസിദ്ധമായ ബാന്റുങ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യിൽ നിന്നും വളരെ അടുത്താണ് മസ്ജിദ് അൽ മുഹാജിറീൻ.

ഇൻഡോനേഷ്യയിലെ ഏറ്റവും പ്രമുഖ ഇസ്ലാമിസ്റ്റ് പാർട്ടിയായ പെ. കെ. എസിന്റെ  (P.K.S)  പ്രമുഖ നേതാവാണ് റിദ്വാൻ  കാമിൽ  (Ridwan Kamil). അദ്ദേഹമാണ് ബാൻഡുങ് പ്രവിശ്യയിൽ  5000 പോയിന്റുകളിൽ വൈഫി സൗജന്യമായി നൽകുന്ന പരിപാടി, ദേശീയ സേവന ദാതാവായ പി.ടി. ടെൽകോം സെല്ലുമായി  ചേർന്ന് ആരംഭിച്ചത്. ആദ്യത്തിൽ ചില മുസ്ലിം യാഥാസ്ഥിക സംഘടനകളിൽ നിന്ന് വിമർശനം ഏറ്റു വാങ്ങേണ്ടി വന്നുവെങ്കിലും പിന്നീട് ഇൻഡോനേഷ്യയിലെ പല സംസ്ഥാനങ്ങളും സമാനമായ രീതിയിൽ മുസ്ലിം പള്ളികളിൽ സൗജന്യ വൈഫി നടപ്പിലാക്കി വരുന്നുണ്ട്.

” പള്ളികളിൽ വൈ-ഫി സൗകര്യമുള്ളത് കൊണ്ട് ഇവിടങ്ങളിൽ ഒത്തു കൂടുന്ന കുട്ടികൾ അവരുടെ കൂട്ടായ്മയിൽ നിന്ന് തന്നെ ധാർമിക പാഠങ്ങൾ പഠിക്കുന്നു. മോശപ്പെട്ട വെബ്‌സൈറ്റുകളിൽ കുട്ടികൾ പോകാതിരിക്കാൻ അവയെ കേന്ദ്രീകൃത സാങ്കേതിക വിദ്യ ഉപയോഗിച്ച് നിയന്ത്രിക്കാൻ ഞങ്ങൾക്ക് കഴിയുന്നു. അങ്ങിനെ സാങ്കേതിക വിദ്യ കൈവരിക്കുന്നതിനോടൊപ്പം തന്നെ, ഉന്നതമായ ധാർമിക മൂല്യങ്ങളുള്ള രാഷ്ട്രം ഉണ്ടാക്കാനാണ് ഞങ്ങളുടെ ശ്രമം” റിദ്വാൻ കാമിൽ പറയുന്നു.

ഇതിനൊക്കെയുമപ്പുറം ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ ധ്രുത ഗതിയിൽ മുന്നേറാനായി ടെലികോംസെലുമായി ചേർന്ന് ഈ നഗരം ‘ബാൻഡുങ് ഡിജിറ്റൽ വാലി‘ കൂടെ ആരംഭിച്ചു കഴിഞ്ഞു. മനോഹരവും അതിനൂതനവുമായ ഫാഷൻ വസ്ത്രങ്ങൾക്കും അനുബന്ധ ഉത്പന്നങ്ങൾക്കും പ്രശസ്തമായ നഗരമാണ് ബാൻഡുങ് . ‘ക്രിയാത്മകതയുടെ നഗര’ മെന്ന ഖ്യാതിയുള്ള  ബാന്ഡുങ്ങിൽ (Bandung) വെച്ച് തന്നെയാണ് നെഹ്‌റു, ഇന്ദിരാഗാന്ധി തുടങ്ങിയവർ പങ്കെടുത്ത ആഫ്രോ- ഏഷ്യൻ രാജ്യങ്ങളുടെ ഉച്ചകോടി 1955 ൽ നടന്നതും.