ഇന്തോനേഷ്യയിൽ ജോലി സാധ്യതയുണ്ടെന്ന പേരിൽ കേരളത്തിലെ ചില തട്ടിപ്പുകാർ തൊഴിൽ ദാതാക്കളെ പറ്റിക്കുന്നതായി ഞങ്ങൾക്ക് ലഭിച്ച നിരവധി ചോദ്യങ്ങളിൽ നിന്നും മനസ്സിലാക്കുന്നു. ഇന്തോനേഷ്യയിൽ മുതൽ മുടക്കി സംരഭം തുടങ്ങാനോ, നിക്ഷേപിക്കാനോ അല്ലാതെ, ഗൾഫ് രാജ്യങ്ങൾ പോലെ തൊഴിൽ തേടി വരാവുന്ന ഒരു രാജ്യമല്ലയിതെന്നു ആദ്യമേ പറയട്ടെ.

ഇന്തോനേഷ്യയിൽ അനധികൃതമായി താമസിക്കുന്നവരെ പിടി കൂടിയാൽ   5  വര്ഷം തടവും 25 ലക്ഷം ഇന്ത്യൻ രൂപ പിഴയും വരെ അധികൃതർക്ക് ചുമത്താനാകാവും  എന്നാണ്  2011 ലെ ഇമിഗ്രേഷൻ നിയമത്തിന്റെ ( 6 ) വകുപ്പിൽ പറയുന്നത്.  ഉദ്യോഗസ്ഥന്റെ മുന്നിൽ താമസ  രേഖകൾ കാണിക്കാതിരുന്നാൽ  3 മാസം തടവും ഒന്നേ കാൽ ലക്ഷം ഇന്ത്യൻ രൂപ പിഴയും നൽകേണ്ടി വരും.

മൂന്ന് തരത്തിലുള്ള തൊഴിൽ തട്ടിപ്പുകൾക്ക് ഇന്തോനേഷ്യ ഇപ്പോൾ വേദിയാകുന്നുണ്ട്. അതിലൊന്ന് വളരെ ഗുരുതര കുറ്റമായ മയക്കു മരുന്ന് കടത്താണ്‌. നിങ്ങൾ മയക്കുമരുന്ന് കടത്തുന്ന ഒരു ഏജന്റ് ആയി  പ്രവർത്തിച്ചു പിടിക്കപ്പെട്ടാൽ  മരണശിക്ഷ ഉറപ്പാണ്. യാതൊരു ദയയും ഇക്കാര്യത്തിൽ പ്രതീക്ഷിക്കേണ്ടതില്ല. ഇന്ത്യൻ വംശജനായ മൗര്യൻ സുകുമാരൻ അടക്കം 9 ഓസ്‌ട്രേലിയൻ പൗരന്മാരെ ഹെറോയിൻ കടത്തിയതിന് 2015 ൽ വലിയ അന്താരാഷ്‌ട്ര സമ്മർദ്ദമുണ്ടായിട്ടും വധശിക്ഷ നടപ്പിലാക്കിയ രാജ്യമാണ് ഇന്തോനേഷ്യ.

രണ്ടാമത്തേത് ഇന്തോനേഷ്യയിൽ കൂടെ മലേഷ്യയിലേക്ക് ബോട്ട് ഉപയോഗിച്ച് കടൽ മാർഗം നിർമാണ മേഖലയിലേക്ക് അവിദഗ്ത്ത തൊഴിലാളികളെ കടത്തുന്നവരാണ്. ഇതിനു ഇരയാകുന്നവരിൽ കൂടുതലും ബംഗ്ളാദേശി പൗരന്മാരും, ചില വടക്കെ ഇന്ത്യക്കാരുമാണ്.  മറ്റൊന്ന് ഇന്തോനേഷ്യയിൽ നിന്ന് ആസ്‌ട്രേലിയയിലേക്ക് ബോട്ട് മാർഗം ശ്രീലങ്ക, അഫ്‌ഗാനിസ്ഥാൻ, തുടങ്ങിയ സംഘർഷ മേഖലകളിൽ നിന്നുള്ള അഭയാർഥികളുടെ മനുഷ്യ കടത്താണ്. അവസാനത്തെ രണ്ടു മനുഷ്യ കടത്തും മറ്റു രാജ്യങ്ങളിലേക്ക് ആയതു കൊണ്ട് ആഭ്യന്തര സുരക്ഷാ വിഭാഗം ചിലപ്പോൾ കണ്ണടക്കാറുണ്ടെങ്കിലും ഏജന്റുമാരെയും സംഘങ്ങളെയും ഇടയ്ക്കു പിടി കൂടാറുമുണ്ട്.

ഇന്തോനേഷ്യൻ പോലീസ്  സേന വളരെ പൊതുവെ ശാന്തരും സൗമ്യരുമായാണ് ജനങ്ങളോട് പെരുമാറുക. അനാവശ്യമായി കേസുകൾ രെജിസ്റ്റർ ചെയ്‌താൽ ഉന്നത ഉദ്യോഗസ്ഥരോട് സമാധാനം പറയേണ്ടി വരുന്നത് കൊണ്ട് അത്തരം സാഹസങ്ങൾ അവർ ചെയ്യാറില്ല. അഴിമതിയുടെ തോത് സേനയിൽ വളരെയധികം കുറക്കാൻ കഴിഞ്ഞ ഗവണ്മെന്റുകൾക്കായിട്ടുമുണ്ട്. വിദേശികളുടെ ചലനങ്ങൾ നിരീക്ഷിക്കാനുള്ള   ശക്തമായ ഇന്റലിജൻസ് സംവിധാനവും  രാജ്യത്തുണ്ട്.  കുപ്രസിദ്ധ ഇന്ത്യൻ കുറ്റവാളി ചോട്ടാ രാജനെ 2015-ൽ  ബാലിയിൽ നിന്ന്  പിടി കൂടി ഇന്ത്യക്കു കൈമാറാൻ ഇന്തോനേഷ്യൻ പൊലീസിന് കഴിഞ്ഞു.

ഗൾഫ് രാജ്യങ്ങളെ പോലെ തൊഴിലാളികളെ ഇറക്കുമതി ചെയ്യേണ്ട അവസ്ഥ ഇന്തോനേഷ്യയിൽ നില നിൽക്കുന്നില്ല. തൊഴിൽ മേഖലയിൽ ഇന്ത്യയേക്കാൾ വളരെ സ്വയം പര്യാപ്തമായ രാഷ്ട്രമാണ് ഇന്തോനേഷ്യ. ചില അപൂർവ തൊഴിൽ മേഖലകളിൽ മാത്രമേ വിദേശികൾക്ക് ജോലി ചെയ്‌യാൻ ഇന്തോനേഷ്യൻ സർക്കാർ അനുമതി നല്കുന്നുള്ളു.
വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് മുമ്പ് സ്പോൺസർ ചെയ്യുന്ന സ്ഥാപനം വളരെ ദൈർഘ്യമുള്ള നടപടി ക്രമങ്ങൾ നടത്തേണ്ടി വരും. അത് ഇവിടുത്തെ മാനവശേഷി വിഭവ മന്ത്രാലയത്തെ ബോധ്യപ്പെടുത്തണം. അത്യപൂർവ തൊഴിൽ മേഖലകളിൽ വിദേശികളെ നിയമിക്കണമെങ്കിൽ തന്നെ വളരെ ചെറിയ അനുപാതത്തിൽ മാത്രമേ അനുമതി നൽകയുള്ളൂ.

അനുമതി കിട്ടിയാൽ തന്നെ 1200 അമേരിക്കൻ ഡോളർ (85000 ഇന്ത്യൻ രൂപ) ഒരു വര്ഷം സർക്കാരിന് കൊടുക്കാനുള്ള ബാധ്യത സ്പോൺസർക്കു വന്നു ചേരും. ഇത് കൂടാതെ വിസ ചെലവുകൾക്കായി 60,000 ഇന്ത്യൻ രൂപയിലധികം സ്പോൺസർക്ക് ചെലവ് വരും. ഇത് പ്രതി വര്ഷം സ്പോൺസർ കൊടുക്കേണ്ടി വരുന്ന തിരിച്ചു കിട്ടാത്ത ബാധ്യതയായത് കൊണ്ട് അത്യപൂർവ വിദഗ്ദ്ധർക്ക് മാത്രമേ സ്പോൺസർ തൊഴിൽ വിസ നൽകുകയുള്ളൂ. റിഫൈനറി, ബാങ്കിങ്, തുടങ്ങിയ ചില അത്യപൂർവ മേഖലകളിൽ മാത്രമേ ഇത്തരത്തിൽ തൊഴിൽ വിസ ലഭിക്കാൻ സാധ്യത നില നില്കുന്നുള്ളു.  തൊഴിൽ വിസയിൽ ജോലി ചെയ്യുന്നവർക്ക് സ്ഥിരം റെസിഡെൻസി ലഭിക്കണമെങ്കിൽ തന്നെ അവർ ഉയർന്ന തൊഴിലുകളിൽ ഏർപെട്ടവരാകണമെന്നുണ്ട്.

സിംഗപ്പൂരിനോട് അടുത്തുള്ള ഇൻഡോനേഷ്യയിലെ ബതാം ദ്വീപുകളിലെ  (Batam Islands)  ഫ്രീ സോൺ മേഖലയിൽ മലയാളികൾ അടക്കമുള്ള ചില വിദേശികൾ ജോലി ചെയ്യുന്നുണ്ട്. ഇവിടെയുള്ള തൊഴിൽ നിയമങ്ങളിൽ ചില ഇളവുകളുണ്ട് എങ്കിലും അതൊന്നും ഇന്തോനേഷ്യയിലേക്കു മലയാളികൾക്ക് തൊഴിൽ സാധ്യത കൂട്ടുന്നില്ല.

എന്നാൽ നിങ്ങൾ ഇവിടെ നിയമപ്രകാരം വിദേശ മൂലധനം നിക്ഷേപിച്ചു തുടങ്ങിയ ഒരു സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ, ചെയർമാൻ (komisaris) തുടങ്ങിയ പദവിയുള്ള വ്യക്തി ആണെങ്കിൽ ആദ്യത്തെ 2 വര്ഷം ഓരോ വർഷവും പുതുക്കാവുന്ന റെസിഡൻസ്  പെർമിറ്റും, പിന്നീട് അമേരിക്കൻ ഗ്രീൻ കാർഡിന് സമാനമായ  5 വര്ഷത്തേക്കുള്ള പെർമനന്റ് പെർമിറ്റും നിയമ പ്രകാരം നേടാം. പിന്നീട് വിദേശിക്ക് കാലക്രമേണ നിയമപരമായി ഇന്തോനേഷ്യൻ പാസ്പോര്ട്ട് നേടാനും  കഴിയും. പാസ്പോര്ട് നേടുന്നത് വരെ പ്രതിമാസം 100 അമേരിക്കൻ ഡോളർ ഇവിടുത്തെ മാനവശേഷി മന്ത്രാലയത്തിന് കൊടുക്കേണ്ടി വരും. എന്നാൽ നിങ്ങളുടെ ഇണയോ, മക്കളോ ഈ തുക കൊടുക്കേണ്ടതില്ല. വിസ നേടുന്നതിന് ആവശ്യമായ മറ്റു ചിലവുകൾ വേറെയും വരും.

ഗൾഫ് രാജ്യങ്ങളിൽ നിന്നും വ്യത്യ്സ്തമായി, ഇന്തോനേഷ്യയിൽ വിദേശ നിക്ഷേപം  നടത്തുന്നയാൾക്ക്  ക്രമ പ്രകാരം ഇന്തോനേഷ്യൻ പാസ്പോര്ട്ട് നേടാനാകും.  ഇൻഡോനേഷ്യയിലെ ഫോർബസ്‌  ബില്യനയർ ലിസ്റ്റിൽ 5.3 ബില്യൺ ആസ്തിയോടെ നാലാം സ്ഥാനത്തുള്ള ഇന്ത്യൻ വംശജനായ ശ്രീ പ്രകാശ് ലോഹിയ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു , ഇന്തോനേഷ്യൻ പൗരത്വം നേടിയയാളാണ്. ഇന്തോനേഷ്യൻ പൗരത്വം നിയമപരമായി നേടിയ  നിരവധി ഇന്ത്യക്കാർ ഇവിടെയുണ്ട് .

ഇന്തോനേഷ്യൻ പാസ്പോര്ട്ട് ഉപയോഗിച്ച് ആസിയാനിലെ എല്ലാ രാജ്യങ്ങളിലും വിസ ഇല്ലാതെ യാത്ര ചെയ്യാം.   വിസ നിയന്ത്രണ സൂചികയുടെ കണക്കു പ്രകാരം ഇന്തോനേഷ്യൻ പാസ്പോര്ട്ട്  ഉള്ളയാൾക്കു 58  രാജ്യങ്ങളിൽ വിസയില്ലാതെയോ, വിസ ഓൺ അറൈവൽ ആയോ  യാത്ര ചെയ്‌യാനാകും. ഇപ്പോൾ ജപ്പാൻ അടക്കമുള്ള പല  രാജ്യങ്ങളും ഇന്തോനേഷ്യൻ പാസ്പോര്ട്ട് ഉള്ളവർക്ക് വിസ ഓൺ അറൈവൽ നൽകുന്നുണ്ട്.