മലയാളികൾക്ക് സുപരിചിതമായ ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ചു , നിക്ഷേപകന് അനുകൂലമായി എന്തൊക്കെ സാമ്പത്തിക സൂചികകൾ ഇന്തോനേഷ്യയിലുണ്ട് എന്ന ചോദ്യം പല പ്രവാസി മലയാളികളിൽ നിന്നും  ഞങ്ങൾക്ക് ലഭിച്ചു. അത് കൊണ്ട് ഈ ചെറിയ കുറിപ്പ് ഞങ്ങൾ പ്രസിദ്ധീകരിക്കുകയാണ്. 

സമഗ്ര സാമ്പത്തിക വളർച്ചയുടെ ഭാഗമായി  സാമ്പത്തിക വിദഗ്ദ്ധർ എന്നും മുൻഗണന നൽകുന്ന വിഭാഗമാണ് മധ്യ വർഗം. സമൂഹത്തിൽ ക്രയ ശേഷി കൂട്ടുന്നതും സാമ്പത്തിക വളർച്ചാ നിരക്ക് വർധിപ്പിക്കുന്നതും  മധ്യ വർഗം വളരുമ്പോഴാണ് .  ഇപ്പോൾ  മധ്യവർഗ്ഗത്തിന്റെ വളർച്ചയിൽ ലോകത്തു തന്നെ ഏറ്റവും വേഗതയിൽ മുന്നേറുന്ന രാഷ്ട്രങ്ങളിലൊന്നാണ്  ഇന്തോനേഷ്യ.  കഴിഞ്ഞ 15 വർഷത്തിനിടെ ഇൻഡോനേഷ്യയിലെ മധ്യവർഗത്തിന്റെ ധന ശേഖരം മൂന്നു മടങ്ങു വർധിച്ചു $ 351 ബില്യൺ ആയിട്ടുണ്ട്. ഇത് ഇന്തോനേഷ്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റ (GDP)  പകുതിയോളം വളർന്നിട്ടുണ്ട് എന്നർത്ഥം. ഇന്തോനേഷ്യൻ മധ്യവർഗത്തിന്റെ വളർച്ച ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്നത്  ആരോഗ്യം, ചികിത്സ, സൗന്ദര്യ വർധക വസ്തുക്കൾ, വിനോദ സഞ്ചാരം, ഭക്ഷണ ശാലകൾ, ഹോട്ടലുകൾ എന്നീ മേഖലകളിലാണ്.

ഇന്തോനേഷ്യയിൽ HNI കളുടെ എണ്ണം കൂടി വരുന്നുവെങ്കിലും ഇന്ത്യയെ പോലെ മധ്യ വർഗ വളർച്ചയുമായി വലിയ അന്തരം കാണിക്കുന്നില്ല.  ഒരു മില്യൺ ഡോളറിലധികം സമ്പത്തുള്ള   98,000 ഇന്തോനേഷ്യക്കാരിൽ   987 പേർക്ക്  $50 മില്യണിൽ കൂടുതൽ സമ്പത്തുണ്ട്.  ഇത്  2020 ആകുന്നതോടെ 151,000 ആകുമെന്നാണ് കണക്കുകൾ .  ഇന്ത്യയിലാണെകിൽ മധ്യ വർഗത്തിന്റെ വളർച്ചാ നിരക്കിനേക്കാൾ കൂടുതൽ  അംബാനിയെ പോലുള്ള ഉപരിവർഗമായ HNI (High Networth Individual) വിഭാഗമാണ് രാഷ്ട്രത്തിന്റെ മൊത്തം GDP യിലെ വർദ്ധനവിന് കാരണമാകുന്നത്. ഇന്ത്യയിലെ മധ്യ വർഗ്ഗത്തിന്റെ വളർച്ച 20 ശതമാനത്തോളമാണെന്ന് കാണുന്നു.  (Credit Suisse )

ഇതിനോട് ചേർത്ത്  പറയാവുന്ന  മറ്റൊരു കാര്യം  ഇന്തോനേഷ്യക്കാരുടെ ഉപഭോഗ സംസ്കാരമാണ്. അറബികളെ പോലെ തന്നെ വലിയ ആവലാതികളോ, കരുതലുകളോ ഇല്ല്ലാതെ യഥേഷ്ടം ചിലവാക്കുന്ന ഒരു സമൂഹമാണ് ഇന്തോനേഷ്യക്കാർ.  അത് കൊണ്ട് ഉത്പന്നങ്ങൾ വിപണിയിൽ ഇഷ്ടം പോലെ വിറ്റഴിക്കപ്പെടുന്നു.

ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഖനി ( ഗ്രാസ്‌ബെർഗ് )  ഇൻഡോനേഷ്യയിലെ തന്നെ പാപുവയിലാണെങ്കിലും ഇന്ത്യക്കാരെ പോലെ സ്വർണം സൂക്ഷിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്ന രീതി ഇവർക്കില്ല. തങ്ങൾക്കിഷ്ടപ്പെട്ട ഏതു ഉല്പന്നവും വാങ്ങിക്കുകയെന്നതാണ്  ഇന്തോനേഷ്യൻ മനസ്സ്.  പ്രശസ്തമായ നെൽസൺ ഉപഭോകൃത സൂചികയിൽ ഇന്തോനേഷ്യ എപ്പോഴും ലോകത്തെ നല്ല വിപണികളിലൊന്നായി നില നിൽക്കുന്നതും ഇത് കൊണ്ട് തന്നെ. 

പെട്രോൾ, ഡീസൽ എന്നിവ ഉൽപാദിപ്പിക്കാനുപയോഗിക്കുന്ന ക്രൂഡ് ഓയിൽ, പ്രകൃതി വാതകം,    , ലോഹങ്ങൾ, കൽക്കരി തുടങ്ങിയ പ്രകൃതി ഖനിജങ്ങൾ കൊണ്ട് സമ്പന്നമാണ് ഇന്തോനേഷ്യ. രാജ്യത്തിന്റെ ആഭ്യന്തര ഉപഭോഗമാണ് സാമ്പത്തിക വളർച്ചയെ നിയന്ത്രിക്കുന്നത് എന്നതിനാൽ ലോക സാമ്പത്തിക വ്യവസ്ഥയിൽ വരുന്ന ചാഞ്ചല്യം ഇന്തോനേഷ്യയെ വല്ലാതെ ബാധിക്കുന്നില്ല. തൊഴിൽ ചെയ്യുന്ന ഇന്തോനേഷ്യക്കാരുടെ എണ്ണം വിയറ്റ്നാമിന്റെ രണ്ടിരട്ടിയും തെക്കൻ കൊറിയയുടെ മൊത്തം ജനസംഘ്യയുടെ മൂന്നിരട്ടിയുമാണ്.

ഇന്തോനേഷ്യൻ സമൂഹത്തിൽ പ്രകടമായി വരുന്ന മറ്റൊരു സാമൂഹ്യ മാറ്റമാണ് നവ സംരഭങ്ങൾ ആരംഭിക്കാനും മുന്നോട്ടു കൊണ്ട് പോകുവാനുമുള്ള യുവ സമൂഹത്തിന്റെ ത്വര.  1950 കളിലാണ്  ജപ്പാൻ അഭൂതപൂർവമായ വികസനത്തിന് തുടക്കമിടുന്നത്.  അതിനു സമാനമായ സാമൂഹ്യ സാഹചര്യങ്ങളാണ് ഇന്തോനേഷ്യയിൽ ഇന്ന് കാണുന്നത്.

സമ്പൂർണമായ അഭിപ്രായ സ്വാതന്ത്ര്യം നില നിൽക്കുന്ന ഒരു രാഷ്ട്രമായതിനാൽ വളരെ ക്രിയാത്മകമായ നവ സംരംഭങ്ങളാണ്  ഇന്തോനേഷ്യയിലെങ്ങും .  അപൂർവസൗന്ദര്യമുള്ള  അത്ഭുതകരമായ  ഉല്പന്നങ്ങൾ ഡിസൈൻ ചെയ്യാനുള്ള കരുത്താണ്  ഇന്തോനേഷ്യക്കാരനെ ചൈനക്കാരിൽ നിന്നും വ്യത്യസ്തമാക്കുന്ന ഒരു പ്രധാന ഘടകം. നിരവധി ധാതു വിഭവങ്ങളും,  ഫലഭൂയിഷ്ഠമായ മണ്ണും,  അസാമാന്യ പാടവമുള്ള തൊഴിലാളികളുമുള്ളതു കൊണ്ട്  സംരഭകന്‌  എല്ലാം എളുപ്പമാകുന്നു.  ആവശ്യമായ സാധനങ്ങൾ മിക്കപ്പോഴും വിപണിയിൽ ലഭ്യമാണ് താനും. ഏതു തരത്തിലുള്ള ക്രിയാത്മക സംരംഭത്തിനും സഹായിക്കുന്ന സർക്കാർ ഏജൻസികളാണ്   ഇന്തോനേഷ്യയിലുള്ളത്.  ഇതിനായി സർക്കാർ  Badan Ekonomi Kreatif എന്ന പേരിൽ ഒരു മന്ത്രാലയം തന്നെ ഏർപ്പെടുത്തിയിട്ടുണ്ട്.

ലോക സഞ്ചാര ഭൂപടത്തിൽ ഇന്തോനേഷ്യ നേടി കൊണ്ടിരിക്കുന്ന സ്ഥാനമാണ് മറ്റൊരു ഘടകം. ഇൻഡോനേഷ്യയിലെ സാമൂഹ്യ ജീവിതത്തിൽ വിനോദസഞ്ചാരത്തിനു വലിയ പങ്കുണ്ട്. ഒഴിവുദിവസങ്ങളിൽ കുടുംബമായും കൂട്ടുകാരുമായോ യാത്ര ചെയ്യുന്നത്  പതിവാണ്. ആയതിനാൽ  നൂറു കണക്കിന്  പുതിയ തരത്തിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉണ്ടായി കൊണ്ടിരിക്കുന്നു. സഞ്ചാരികൾക്കു കുറഞ്ഞ ചിലവിൽ ഏറ്റവും മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്ന രാജ്യമാണ് ഇന്തോനേഷ്യ.  വ്യത്യ്സ്ത രുചി കൂട്ട് നല്കുന്ന ലക്ഷ കണക്കിന് ഭക്ഷണശാലകളാണ് ഇന്തോനേഷ്യയിലെങ്ങും  ഒരു സഞ്ചാരിയെ കാത്തിരിക്കുന്നതും . വിദേശ മൂലധനം പ്രോത്സാഹിപ്പിക്കുന്നതിന്റെ  ഭാഗമായി  വിദേശികൾക്ക്  ഹോട്ടലുകളും  ഭക്ഷണ ശാലകളും തുടങ്ങാനും ഇപ്പോൾ അനുമതിയുണ്ട്.  ഗൾഫ് രാജ്യങ്ങളിലെ പോലെ വളരെയധികം നിയന്ത്രണങ്ങൾ ഇല്ലാതെ തന്നെ ഇവിടെ പലതും ഭംഗിയായി പ്രവർത്തിക്കുന്നു.

മറ്റൊരു പ്രകടമായ മാറ്റം അനൗപചാരിക തൊഴിൽ മേഖലയിലാണ്. ആധുനിക യന്ത്ര വൽക്കരണവും പാരമ്പര്യ തൊഴിൽ മേഖലയിലെ വൈവിധ്യ വൽക്കരണവും പുതിയ തരത്തിലുള്ള വളരെ വൈദഗ്ധ്യമുള്ള തൊഴിലാളികളെ വാർത്തെടുക്കുന്നു. നിക്ഷേപകന് അനുകൂലമായ രീതിയിൽ വളരെ ഉത്പാദനക്ഷമതയുള്ള തൊഴിലാളികളെയാണ് ഈ മേഖലയിൽ ഇപ്പോൾ കണ്ടു വരുന്നത്. ചൈനയെ അപേക്ഷിച്ചു ഇന്തോനേഷ്യയിൽ ഉൽപാദന ചെലവ് കുറയുന്നതിന്റെ ഒരു കാരണം തൊഴിലാളികളുടെ ശമ്പള കുറവാണ് . എന്നാൽ ഇന്തോനേഷ്യയെ അപേക്ഷിച്ചു ചൈനയിൽ ചരക്കു കൂലി കുറവാണ് .  ഇത് മറി കടക്കാനായി ഇന്തോനേഷ്യൻ  സർക്കാർ തന്നെ ഗതാഗത സൗകര്യങ്ങൾ സൃഷ്ടിക്കാനായി ഭീമമായ മുതൽ മുടക്കിൽ 360 $ബില്യൺ ചിലവുള്ള  പദ്ധതികൾ അതി വേഗം നടപ്പാക്കി കൊണ്ടിരിക്കുന്നുമുണ്ട്. സ്റ്റീൽ, അലൂമിനിയം ഉത്പാദനത്തിന് ചൈന ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ടിൻ, ബോക്സയ്റ്റ്, കൽക്കരി  തുടങ്ങിയ നിരവധി അടിസ്ഥാന മൂലകങ്ങൾ ഇന്തോനേഷ്യയിൽ നിന്നും ഖനനം ചെയ്യുന്നതാണ് എന്ന് കൂടെ അറിയുക.

ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ബ്ലോക്കാണ് ആസിയാൻ.   ഇന്തോനേഷ്യയിൽ നിക്ഷേപിക്കുന്നവർക്കു ആസിയാനിലെ മറ്റു വിപണികളിലേക്കും വാതിൽ തുറക്കാനാകും. തെക്കു കിഴക്കൻ ഏഷ്യയിലെ രാജ്യങ്ങളുടെ സാമ്പത്തിക കൂട്ടായ്മയായ ആസിയാൻ സമൂഹത്തിൽ  ഏറ്റവും ശക്തമായ രാഷ്ട്രമായ രാജ്യം ഇന്തോനേഷ്യയാണ്.   ഈ സാമ്പത്തിക ബ്ലോക്കിലെ 40 ശതമാനം ജനങ്ങൾ ജീവിക്കുന്നതും, ഏറ്റവും ഭൂവിസ്തൃതി ഉള്ളതും ഏറ്റവും കൂടുതൽ പ്രകൃതി വിഭവങ്ങൾ ഉള്ളതുമായ രാഷ്ട്രമാണ് ഇന്തോനേഷ്യ.  ആസിയാൻ സെക്രേട്ടറിയേറ്റ് സ്ഥിതി ചെയ്യുന്നത് ജകാർത്തയിലാണ് താനും .

സമാധാനം നില നിൽക്കുന്ന സ്ഥലത്താണ് ഉയർന്ന ശ്രേണിയിലുള്ള സ്ഥൈര്യതയുള്ള സാമ്പത്തിക വളർച്ചയുണ്ടാകുന്നതെന്നാണ്  സാമ്പത്തിക വിദഗ്ദ്ധർ പ്രവചിക്കുന്നത്.  ലോക സമാധാന സൂചികയിൽ 42  -ആം സ്ഥാനത്തു നിൽക്കുന്ന രാഷ്ട്രമാണ് ഇൻഡോനേഷ്യ.  അയൽ രാഷ്ട്രങ്ങളുമായി നല്ല ബന്ധം സൂക്ഷിക്കുകയും വളരെ ചുരുങ്ങിയ ബജറ്റ്  മാത്രം രാജ്യ രക്ഷക്ക് വേണ്ടി മാറ്റി വെക്കുകയും ചെയ്യുന്ന രാജ്യമാണ് ഇന്തോനേഷ്യ . പ്രകൃതി ദുരന്ത രക്ഷാ പ്രവർത്തനങ്ങളിൽ  സേനയെ കൂടുതൽ പരിശീലിപ്പിക്കുകയും  വിന്യസിക്കുകയും ചെയ്‌യുന്ന രീതിയുള്ളതു കൊണ്ട് സേനയെ കുറിച്ച് ജനങ്ങൾക്ക് വളരെ മതിപ്പാണ് താനും.

ഏതൊരു സംരംഭത്തിനും ആവശ്യമായ സമാധാനാന്തരീക്ഷം  ഇൻഡോനേഷ്യയിൽ  നിങ്ങള്ക്ക് ലഭ്യമാണ്. ഹർത്താലോ, പണിമുടക്കുകളോ രാഷ്ട്രീയ സംഘര്ഷങ്ങളോ, സംരംഭകനെ വലക്കുന്നില്ല.  രാഷ്ട്രീയവും സാമൂഹ്യവുമായ കാലുഷ്യങ്ങളും സംഘര്ഷങ്ങളും കാരണം  ലോക സമാധാന സൂചികയിൽ 143 -ആം  സ്ഥാനത്താണ്  ഇന്ത്യ.  ഇത്തരത്തിലുള്ള നൂറു കണക്കിന് സാമ്പത്തികവും സാമൂഹ്യവുമായ സൂചികകൾ  ഇന്തോനേഷ്യയുടെ ഭാവി വളരെ ശുഭ സൂചകമാണെന്ന് പ്രവചിക്കുന്നവയാണ്.

ചരുങ്ങിയ കാലത്തേക്കുള്ള നിക്ഷേപ പദ്ധതിയുള്ളവർക്ക്  ഗൾഫ് രാജ്യങ്ങൾ ആകർഷകമായ ഒരു വിപണിയാണെങ്കിൽ ദീർഘ കാല പദ്ധതികളുള്ളവർക്കു ഉചിതമായ സ്ഥലമാണ് ഇന്തോനേഷ്യ.  ഈ രാജ്യത്ത് നിക്ഷേപിക്കുന്നവർക്ക്  ഗ്രീൻ കാർഡിനു  തുല്യമായ സ്ഥിരമായ റെസിഡൻസ് പെർമിറ്റോ  പൗരത്വമോ  നേടാനാകും.  ഇൻഡോനേഷ്യയിലെ വ്യാപാര രംഗത്ത് പ്രമുഖരായി മാറിയ സിന്ധി സമൂഹം ഇത്തരത്തിൽ ഇന്തോനേഷ്യൻ പൗരത്വം നേടിയവരാണ്.

എന്നും തിരിച്ചു പോക്ക് പ്രതീക്ഷിച്ചു കഴിയുന്നത് കൊണ്ട് ഗൾഫിലുള്ള പ്രവാസികളിൽ പലരും കേരളത്തിന്റെ ഹരിതാഭമായ പ്രകൃതി ഭംഗി സ്വപ്നമായി കണ്ടു, നാട്ടിലെ തന്നെ  വിപണിമൂല്യമുള്ള മേഖലകളിൽ നിക്ഷേപിക്കാറില്ല. പകരം വലിയ ഭവനങ്ങൾ നിർമിച്ചു കൊണ്ടിരിക്കുന്നതായാണ് കാണുന്നത്.  കേരളത്തിനോട് സമാനമായ കാലാവസ്ഥയും ഗൾഫിനെ കിട പിടിക്കുന്ന വിപണിയും സുഖ സൗകര്യങ്ങളും ഇന്തോനേഷ്യയിൽ ലഭ്യമാണ് എന്നത് കൊണ്ട് പ്രവാസിക്ക് ഇന്തോനേഷ്യ ഒരിക്കലും ഒരു വിദേശ രാജ്യമായി പോലും തോന്നിയേക്കില്ല.  അത് കൊണ്ട് ഒരു ഇന്തോനേഷ്യൻ പ്രവാസിയുടെ സമ്പാദ്യം രണ്ടു രാജ്യങ്ങളിലായി വീതം വെക്കേണ്ടി വരുന്നില്ല.

യാതൊരു വംശവെറിയുമില്ലാത്ത ഇന്തോനേഷ്യൻ സമൂഹത്തിൽ സമാനമായ ഏഷ്യൻ  പാരമ്പര്യമുള്ള മലയാളിക്കും അവരുടെ കുട്ടികൾ അടങ്ങുന്ന തലമുറക്കും വളരെ എളുപ്പത്തിൽ കൂടി ചേരാനാകും . ഇന്ത്യൻ സ്‌കൂളുകൾ അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇൻഡോനേഷ്യയിൽ ലഭ്യമാണ്.  പോരാത്തതിന് മലയാളത്തിൽ പരിചിതമായ നിരവധി പദങ്ങളും, അറബ് ഭാഷയിലെ പദങ്ങളും ഒക്കെ ചേർന്ന ഇന്തോനേഷ്യൻ ഭാഷ പഠിക്കാൻ ഒരു പ്രയാസവും നേരിടേണ്ടി വരില്ല.