ലോകത്ത് ഏറ്റവും കുറഞ്ഞ ചിലവിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമായ രാജ്യങ്ങളിൽ ഒന്നാണ് ഇന്തോനേഷ്യ. 4G നഗരങ്ങളിലും, 3G ഗ്രാമങ്ങളിലും വ്യാപകമായി ലഭ്യമാണ്.  ഇവിടെ മിക്കവാറും ബസ്സുകളിലും, റെസ്ടാറന്റുകളിലും ഇന്റർനെറ്റ് സേവനം സൗജന്യമാണ്.  നിരവധി മൊബൈൽ ഫോൺ സേവന ദാതാക്കൾ ഉള്ളത് കൊണ്ടും പല വിധ ഓഫറുകൾ കാണുന്നത് കൊണ്ടും നിങ്ങള്ക്ക് ഏതു സിംകാർഡ് വാങ്ങണമെന്ന സംശയം കാണും.  ഇൻഡോനേഷ്യയിൽ  6 പ്രമുഖ ടെലിഫോൺ  സേവന  ദാതാക്കളുണ്ട്.  പലപ്പോഴും 10 – ഓ 50 -ഓ ഇന്ത്യൻ രൂപക്കു താഴെ മാത്രം വില വരുന്ന പുതിയ സിംകാർഡ് ഇന്തോനേഷ്യൻ ടെലിഫോൺ ദാതാക്കൾ ഓഫർ ചെയ്‌യാറുണ്ട് .  ഇവിടെ പലരും ബിസിനസ് ആവശ്യത്തിനായുള്ള സ്ഥിരമായുള്ള ഒരു  സിം കാർഡ് കൂടാതെ രണ്ടാമതൊരു  സിം കാർഡ്  കൂടെ  ഉപയോഗിക്കാറുണ്ട് .  ഇതിനു പ്രധാനമായും രണ്ടു കാരണങ്ങളുണ്ട്.

ഒന്നുകിൽ ഒരേ  ടെലിഫോൺ ദാതാവിൽ നിന്നും പരസ്പരം വിളിക്കുന്നതിന്‌ ഫോൺ കമ്പനികൾ നൽകുന്ന ഇളവുകൾ ഉപയോഗിക്കുന്നു.  അല്ലെങ്കിൽ തങ്ങൾക്കു ഏറ്റവും ആകർഷകമായ ഡാറ്റാ പ്ലാൻ നൽകുന്ന ഒരെണ്ണം ഇന്റർനെറ്റ് കണക്ട് ചെയ്യാൻ മാത്രം ഉപയോഗിക്കുന്നു.  അങ്ങിനെ ബിസിനസ് ആവശ്യങ്ങൾക്കുള്ള ഫോൺ നമ്പർ നില നിറുത്തി കൊണ്ട് തന്നെ ഡാറ്റാ പ്ലാൻ സൗജന്യം ബുദ്ധിപൂർവം ഉപയോഗിക്കുന്നു.

ഏറ്റവും പ്രശസ്തമായ ഫോൺ സേവന ദാതാവ്  സർക്കാർ മേഖലയിൽ തന്നെയുള്ള ടെൽ കൊംസെൽ  (telkomsel) എന്ന സ്ഥാപനമാണ്. ജനവാസമുള്ള എല്ലാ മേഖലകളിലും ഇവരുടെ നെറ്റ്‌വർക്ക് ലഭ്യമാണ്. ഇവരുടെ താരിഫ് ഘടന മറ്റുള്ളവരെ അപേക്ഷിച്ചു കുറച്ചു കൂടുതൽ ആണെകിലും, ഒരു ബിസിനസ് ഫോണിന്റെ ഉപയോഗം പൂർണമായും നിങ്ങള്ക്ക് പ്രതീക്ഷിക്കാം. നിങ്ങൾ ഒരു ഇന്തോനേഷ്യൻ സിം കാർഡ് മാത്രമേ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുള്ളുവെങ്കിൽ ടെൽ കൊംസെൽ തന്നെയാണ് ഏറ്റവും ഉചിതം. ഒരു ഫോൺ ഉപഭോക്താവിന് ഏറ്റവും നല്ല വർധിത മൂല്യം ലഭിക്കുന്നതും  ടെൽ കോംസെലിന്റെ  സിം പാതി (SimPATI) എന്ന കാർഡിൽ നിന്നാകും. ശരാശരി 500  ഇന്ത്യൻ രൂപക്ക്  (IDR 100,000) 3 മാസം വരെ ആക്റ്റീവ് ആക്കാവുന്ന ഒരു ടെൽ കോം സെൽ ഇന്റർനെറ്റ് ഡാറ്റാ പ്ലാൻ നിങ്ങള്ക്ക് ലഭ്യമാണ്.

ഏറ്റവും വേഗതയേറിയ ഇന്റർനെറ്റ് സ്പീഡ്, ഇന്തോനേഷ്യയിൽ ഏറ്റവും കൂടുതൽ നെറ്റ് വർക് പ്രാതിനിധ്യം തുടങ്ങിയ എല്ലാ സാങ്കേതിക മികവുകളും ഇവരുടെ (telkmosel) സിം കാർഡിൽ നിന്നും നിങ്ങള്ക്ക് ലഭിക്കും.  ഇന്ത്യയിലേക്ക്  വിളിക്കുമ്പോൾ  01017  എന്ന നമ്പർ ആദ്യം ചേർത്ത് വിളിച്ചാൽ ഏറ്റവും ചെലവ് കുറഞ്ഞ ഇന്റർനെറ്റ് കാൾ ആയി മാറും.  ഉദാഹരണം : 01017 91 12345678  
  യാത്ര  ചെയ്‌യുന്ന സമയത്ത് 100  MBPS  സ്പീഡ് ലഭിക്കാവുന്ന,  ഏറ്റവും കൂടുതൽ വൈഫി  കോർണർ,   ഹോട് സ്പോട്(  www.wifi.id )  ലഭ്യമാകുന്നതും ടെൽ കൊംസെൽ ഉപഭോക്താവിനാണ് .  ബസ്, ട്രെയിൻ, വിമാനത്താവളങ്ങൾ തുടങ്ങിയ പൊതു ഗതാഗത മേഖലയിൽ പലയിടത്തും സൗജന്യവും അല്ലാത്തതുമായ ഇവരുടെ ഹോട് സ്പോട് കണ്ടെത്താനാകും.

വളരെ ജനകീയമായ മറ്റൊരു  സേവന ദാതാവാണ്‌ ഇൻഡോ സാറ്റ് എന്ന ഖത്തർ ടെലികോമിന്റെ അധീനതയിലുള്ള ഫോൺ കമ്പനി . പല നഗരങ്ങളിലും കുറഞ്ഞ ചിലവിൽ മെച്ചപ്പെട്ട സ്പീഡുള്ള ഡാറ്റാ പ്ലാൻ നൽകുന്ന സ്ഥാപനമാണ് ഇൻഡോ സാറ്റ് (Indosat).  ഞാൻ ഇൻഡോസാറ്റിന്റെ  ഒരു മി-ഫൈ (Mi-Fi) ഉപയോഗിക്കുന്നുണ്ട്.   10 പേർക്ക് ഒരേ സമയം ഇന്റർനെറ്റ് കണക്ട് ചെയ്‌യാവുന്ന  ഹുവെയ് (Huwei)  നിർമിച്ച ഒരു  മി-ഫി മോഡം (സൗജന്യം) ,  പ്രതിമാസം 14 ജി ബി ഡാറ്റാ വെച്ച് ഒരു വര്ഷം മുഴുവൻ  ഉപയോഗിക്കാവുന്ന ഒരു പാക്കേജിന് ഞാൻ നൽകിയത്  വെറും  4,500 ഇന്ത്യൻ  രൂപയാണ്!

ഞാൻ ജകാർത്തക്കു പുറത്തുള്ള ചില നഗരങ്ങൾ സന്ദർശിക്കുമ്പോൾ ഇൻഡോ സാറ്റ് നെറ്റ് വർക്  ലഭിച്ചില്ലെങ്കിൽ, ടെൽകോം സെൽ  കണക്ഷൻ ഉപയോഗിക്കുകയാണ് പതിവ് .  അങ്ങകലെ പാപുവയിലെ പ്രസിദ്ധമായ രാജാ അമ്പത് (Raja Ampat) എന്ന പവിഴ പുറ്റുകൾക്ക് പ്രസിദ്ധമായ സമുദ്ര സംരക്ഷിത ദ്വീപുകൾ സന്ദർശിച്ചപ്പോൾ പോലും എന്റെ  ടെലികോംസെൽ ഡാറ്റാ പ്ലാൻ ഉപയോഗിച്ച് ഫോട്ടോ അപ്‌ലോഡ് ചെയ്‌യാൻ കഴിഞ്ഞു!

മറ്റൊന്ന്, എക്സ് എൽ (XL) എന്ന മലേഷ്യൻ – ഇന്തോനേഷ്യൻ ഫോൺ സേവന ദാതാവാണ്‌. പ്രമുഖ നഗരങ്ങളിൽ ഇടയ്ക്കു ഓഫറുകൾ നൽകി  ഫോൺ – ഡാറ്റാ പ്ലാൻ സൗകര്യം നൽകുന്ന ജനകീയമായ ദാതാവാണ്‌  എക്സ് എൽ (XL-Axiata).  എന്നാൽ ഈ സിം കാർഡ് ഉപയോഗിച്ച് നിങ്ങൾ ഉൾനാടൻ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്‌താൽ നെറ്റ്‌വർക്ക് പരിധിക്കു പുറത്തു പോകാനിടയുണ്ട്.

നാലാം സ്ഥാനത്തുള്ള   ത്രീ (Tri)  എന്ന മറ്റൊരു ഇന്തോനീഷ്യൻ ദാതാവാണ്‌ .   ഡാറ്റാ പ്ലാനിന്റെ വിലക്കുറവിൽ  ആകൃഷ്ടരായി  പലരും  ത്രീയുടെ വരിക്കാരാകുന്നുണ്ട്.  എന്നാൽ ത്രീയുടെ  നെറ്റ്‌വർക്ക് പ്രാതിനിധ്യം ചില നഗര മേഖലകളിൽ മാത്രം പരിമിതവുമാണ്.

സൗദി ടെലികോമിന്റെ അധീനതയിലുള്ള ആക്സിസ് എന്ന സേവന  ഫോൺ കമ്പനിയുടെ സേവനങ്ങൾ  ചില മെട്രോ നഗരങ്ങളിൽ മാത്രം പരിമിതമാണ്. രാത്രി വിളികൾക്കു വലിയ സൗജന്യങ്ങൾ നൽകുന്നതു കൊണ്ടും  കുറഞ്ഞ ഡാറ്റാ പ്ലാൻ നിരക്കുകളും കാരണം പല യുവാക്കൾക്കും ഇവരുടെ(AXIS) ഡാറ്റാ പ്ലാൻ ആകർഷകമാണ്. കൂടാതെ സൗദി അറേബ്യൻ യാത്രയിൽ ഉപഗോയ്‌ഗപ്പെടുത്താവുന്ന ഒരു പ്ലാനും തീർത്ഥാടകരുടെ സൗകര്യത്തിനായി ആക്സിസ് നൽകുന്നുണ്ട്.

ഒരു ടെലിഫോൺ എന്ന നിലയിൽ  സ്മാർട് ഫ്രൻ  (SmartFren)  എന്ന മറ്റൊരു ഫോൺ സേവന ദാതാവിന്റെ സേവനം പരിമിതമാണെങ്കിലും ജകാർത്ത അടക്കമുള്ള ചില നഗരങ്ങളിലെങ്കിലും ഇവർക്കു നെറ്റ്‌വർക്ക് കവറേജ്‌ ഉണ്ട് . പലരും ഇവരുടെ 4G മോഡം (Andromax)  ഉപയോഗിക്കുന്നുമുണ്ട് .

ലിപ്പോ  ഗ്രൂപ്പ് കമ്പനിയുടെ  മി-ഫി  മോഡം ( Bolt Mi-Fi ),   നെറ്റ്‌വർക്ക് കവറേജ്  ഉള്ള സ്ഥലങ്ങളിൽ സാമാന്യം ഭേദപ്പെട്ട 4G സ്പീഡ് നൽകുന്നുണ്ടെങ്കിലും bolt നു നെറ്റ്‌വർക്ക് ലാറ്റെൻസി (network latency) കൂടുതലാണ്. പ്രധാനമായും ജകാർത്ത, സുരബായ, മെഡാൻ , തുടങ്ങിയ ചില നഗരങ്ങളിൽ മാത്രമാണ് ബോൾട്  4G സേവനം നൽകുന്നത്.

ഇന്തോനേഷ്യയിൽ വാട്‍സ് ആപ്പ് വിളികൾക്കു നിരോധനമില്ല. കൂടാതെ വര്ഷങ്ങളായി ഇന്തോനേഷ്യയിൽ വ്യാപകമായി ബ്ലാക്ക്ബെറി നൽകുന്ന ചാറ്റ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചും പരസ്പരം ബന്ധപ്പെടാറുണ്ട്. ബ്ളാക് ബെറിയുടെ ആൻഡ്രോയിഡ് പതിപ്പ് ഉള്ളത് കൊണ്ട് ഇപ്പോഴും പലരും അത് വീഡിയോ, ഓഡിയോ കാൾ ചെയ്‌യാനും ചാറ്റിനിങ്ങിനും ഉപയോഗിക്കുന്നു.

ഇന്തോനേഷ്യയുടെ 17,400 ദ്വീപുകളിൽ 10,0000 ദ്വീപുകളിൽ ജനവാസമില്ല. സുമാത്ര, കലിമാന്താൻ തുടങ്ങിയ കടുത്ത വന മേഖലകളിലോ, പാപുവ പോലുള്ള ഖനിജങ്ങളുള്ള വലിയ മേഖലകളിലോ ടെലഫോണ് നെറ്റ്‌വർക്ക് എല്ലായിടത്തും ലഭിച്ചോളണമെന്നുമില്ല.