തമിഴ്‌നാട്ടിൽ നിന്നുള്ള മുസ്ലിം കച്ചവടക്കാരായ  മരിക്കാർമാർ സുമാത്രയിലെ പാടാങ്ങിൽ (Padang) സ്ഥാപിച്ച ആരാധനാലയമാണ്  മസ്‌ജിദ്‌ മുഹമ്മദൻ (Masjid Muhammadan) .  ഇത് ഇൻഡോനേഷ്യയിലെ തന്നെ ആദ്യ മുസ്ലിം പള്ളികളിൽ പെട്ടതാണ്.  പതിമൂന്നാം നൂറ്റാണ്ടിൽ ഇന്ത്യയിലെ ഗുജറാത്തിൽ  നിന്നും കച്ചവടത്തിനെത്തിയ സൂഫി മുസ്ലിംകളാണ്   ഇന്തോനേഷ്യയിൽ ഇസ്‌ലാം പ്രചരിപ്പിച്ചത് എന്നാണു ചരിത്രം.  എന്നാൽ  സുമാത്ര മേഖലയിൽ ഇസ്‌ലാം വ്യാപിപ്പിക്കുന്നതിൽ ചരിത്രപ്രധാനമായ പങ്ക് വഹിച്ചത് മസ്‌ജിദ്‌ മുഹമ്മദൻ ആണെന്നാണ് ചരിത്രകാരന്മാർ വിലയിരുത്തുന്നത്.

1843 ൽ നിർമിച്ച മസ്‌ജിദ്‌ മുഹമ്മദനു നാഗൂരിലെ മുസ്ലിം പള്ളിയുമായി സാമ്യമുണ്ട്. ഇന്തോനേഷ്യൻ സർക്കാർ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളുടെ പട്ടികയിൽ പെടുത്തിയിരിക്കുന്ന പള്ളിയാണ് പാടാങിലെ  മസ്‌ജിദ്‌  മുഹമ്മദൻ.

2009 ൽ പാടാങ്ങിലുണ്ടായ ഭൂകമ്പത്തിൽ കേടുപാടുകൾ പറ്റിയ ഈ പള്ളിക്കു സർക്കാർ സഹായത്തോടെ പഴയ പ്രതാപം തിരിച്ചു കിട്ടി. പഴയ മാർക്കറ്റിനോടടുത്തുള്ള   ഭാഗത്താണ് പള്ളി  സ്ഥിതി ചെയ്യുന്നത്. ഈ മുസ്ലിം പള്ളിക്കടുത്തുള്ള പല വീടുകളിലും ഇപ്പോഴും മരിക്കാർ കുടുംബങ്ങൾ താമസിക്കുന്നു.  പള്ളിയുടെ വഖഫ് ഭരണവും മൃതദേഹം മറമാടാനുള്ള അനുമതിയുമൊക്കെ ഇപ്പോഴും ‘മരിക്കാർ’ കുടുംബങ്ങൾക്ക് തന്നെയാണ് .

കേരളത്തിലും തമിഴ്‌നാട്ടിലും വേരുകളുള്ള മരിക്കാർ സമൂഹം കടൽ നാവികരായ വർത്തക പ്രമാണിമാരായാണ് അറിയപ്പെടുന്നത്.  സുമാത്ര അടക്കമുള്ള ഇൻഡോനേഷ്യയിലെ പല ഭാഗങ്ങളിലും മരിക്കാർ മുസ്ലിംകൾ അതെ പേരിൽ തന്നെ അറിയപ്പെടുന്നു. ശ്രീലങ്കയിലും  മലേഷ്യയിലും സിംഗപ്പൂരിലുമുള്ള  ബിസിനിസ് രംഗത്ത് നിരവധി മരക്കാർ കുടുംബങ്ങളുണ്ട്. തമിഴ്‌നാട്ടിലെ പറങ്കി പേട്ടൈ Parangipettai (Tamil: பரங்கிப்பேட்டை), എന്ന ഗൂഡല്ലൂർ  ജില്ലയിലെ തീരദേശ മേഖലയിൽ  നിന്ന് ഇന്തോനേഷ്യയിൽ കുടിയേറിയ നിരവധി പേരുണ്ട്.  പോർട്ടുഗീസ് ഭരണ കാലത്തു  Porto Novo (“New Port” in Portuguese) എന്നാണു ഈ തുറമുഖ ഗ്രാമം അറിയപ്പെട്ടിരുന്നത്. ഇന്ത്യയിലെ ആദ്യത്തെ സ്റ്റീൽ പ്ലാന്റ് നിർമ്മിച്ചത് ഇവിടെയാണ്. നാവിക മാപ്പിൽ ചരിത്രപ്രസിദ്ധമായ ഒരു തുറമുഖമായിരുന്നു പറങ്കി പേട്ടൈ.

മരയ്ക്കാർ, മറയ്ക്കാർ, മരിക്കാർ,(மரைக்காயர்) എന്നീ പേരുകളിൽ   കേരളത്തിലും തമിഴ്‌നാട്ടിലും, ശ്രീ ലങ്കയിലുമൊക്കെയായി പടർന്നു കിടക്കുന്നതു ഒരേ സമൂഹമാണ്. പല ചരിത്രകാരന്മാരുടെയും അഭിപ്രായത്തിൽ മരക്കാർ എന്ന പേരിന്റെ ഉൽഭവം  മറയ്കളം ( wooden boat ) ആണെന്നും   കേരളത്തിലെ മാപ്പിള അഥവാ’ മഹാ പിള്ള’  (Smart Son/ ബോട്ട് ഡ്രൈവർ) എന്നതിൽ നിന്നാണെന്നും കാണുന്നു.

ദക്ഷിണേന്ത്യയിലെ ഗോത്രങ്ങൾ എന്ന ഗ്രന്ഥത്തിൽ Thurston സമർത്ഥിക്കുന്നത് മരക്കാർ എന്ന  ഗോത്ര പേരിന്റെ ഉൽഭവം  അറബ് ഭാഷയിലെ  വഞ്ചി / ബോട്ട്  എന്നർത്ഥം വരുന്ന മർകബ് (Arabic مركب, markab) എന്ന പദത്തിൽ നിന്നാണെന്നാണ്.

കഥ ഇങ്ങിനെ. സ്വന്തം നാട്ടിൽ നിന്ന് പലായനം ചെയ്തു ദക്ഷിണേന്ത്യയ്‌ൻ കടൽ തീരങ്ങളിലെത്തിയ അറബ് അഭയാർത്ഥികളോടു തദ്ദേശീയർ എവിടെ നിന്ന് വരുന്നു എന്ന് ചോദിക്കുന്നു. മറുപടിയായി മര വഞ്ചി ചൂണ്ടി കാട്ടി ‘മർകബ് ‘(markab) എന്ന് പറയുന്നു. പിന്നീട് അവർ മരക്കാർ എന്ന് അറിയപ്പെട്ടു.