ഇന്ത്യയിൽ നിന്നും വിദേശ രാജ്യങ്ങളിൽ കുടിയേറി പാർക്കുന്ന അതി സമ്പന്നരായ സിന്ധി സമൂഹത്തിന്റെ ബിസിനിസ് വിജയ രഹസ്യം എന്താണ്?

“ഞങ്ങൾ ഒരു രാജ്യത്തും അഭയാർഥികളായി പോകാറില്ല. ഞങ്ങൾ വിദേശ രാജ്യങ്ങളിൽ സ്ഥിരമായി ജീവിക്കാൻ വേണ്ടി അവിടെ തന്നെ നിക്ഷേപിക്കുന്നവരാണ്.” ഇൻഡോനേഷ്യയിലെ ഏറ്റവും സമ്പന്നരുടെ കൂട്ടത്തിൽ പെടുന്ന ഇന്ത്യയിൽ നിന്നുള്ള സിന്ധി വംശജരിൽ പ്രമുഖനായ ശ്രീ. സുരേഷ് ജി വാസ്വാനി പറയുന്നു.  ജകാർത്തയിലെ പ്രസിദ്ധമായ ഗാന്ധി മെമ്മോറിയൽ ഇന്റർകോണ്ടിനെന്റൽ സ്കൂളിന്റെ ചെയർമാൻ ആണ് വാസ്വാനി. മലയാളികളിൽ നിന്നും വ്യത്യസ്തമായി, ഇന്ത്യയിലുള്ള എല്ലാ സ്വത്തുകളും വിറ്റു കൊണ്ട് മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്നവരാണ് സിന്ധികൾ. പൗരത്വം ലഭിക്കാൻ ഒരു സാധ്യതയുമില്ലാത്ത ഗൾഫ് രാജ്യങ്ങളിൽ പോലും സിന്ധികൾ വൻ നിക്ഷേപം നടത്തുകയും വിജയം കൊയ്‌യുകയും ചെയ്യാറുണ്ട്.

1840 കളിൽ തന്നെ സിന്ധി കച്ചവടക്കാർ  ഇന്തോനേഷ്യൻ ടെക്‌സ്റ്റൈൽ വിപണിയിൽ വന്നിട്ടുണ്ട്.  സിന്ധി സമൂഹമാണ്   ജക്കാർത്തയിൽ  1947 ൽ  ബോംബെ മർച്ചന്റ് അസോസിയേഷൻ സ്ഥാപിച്ചത് . പിന്നീട് അത് ‘ഗാന്ധി സേവാ ലോക’ എന്ന് പേര് മാറ്റുകയുണ്ടായി. അന്താരാഷ്‌ട്ര എക്സിബിഷൻ സെന്റർ നില നിൽക്കുന്ന ജക്കാർത്തയിലെ കേമായൊരാൻ (kemayoran) എന്ന സ്ഥലത്തിന് അടുത്താണ് ഐ. ബി. സിലബസ് പിന്തുടരുന്നതും, വൻ ഫീസ് ഘടനയുമുള്ള ഗാന്ധി മെമ്മോറിയൽ അന്താരാഷ്‌ട്ര സ്കൂൾ. ഇൻഡോനേഷ്യയിലെ സിഖ് സമൂഹത്തിന്റെ നേതൃത്വത്തിലുള്ള ജക്കാർത്തയിലെ  ഗുരുദ്‌വാര പ്രബന്ധക് കമ്മിറ്റിയുമായി ബന്ധപ്പെട്ടും സിന്ധികൾ പ്രവർത്തിക്കുന്നുണ്ട്.

ഇന്തോനേഷ്യൻ പൗരന്മാരായ  1,500 സിന്ധി കുടുംബങ്ങൾ ജക്കാർത്തയിൽ തന്നെ താമസിക്കുന്നു.  ഇന്തോനേഷ്യയുടെ ടെക്‌സ്‌റ്റൈൽസ് മേഖലയുടെ  75 -80 ശതമാനം വിപണി കൈയാളുന്നവരാണിന്ന്  സിന്ധി കച്ചവട സമൂഹം. സിന്ധി ബിസിനസ് പ്രമുഖരായ  റാം പഞ്ചാബിയുടെ  MVP Indonesia, ഗോപീ സംതാനി യുടെ Rapi Films തുടങ്ങിയ പ്രൊഡക്ഷൻ സ്ഥാപനങ്ങളാണ് ഇന്തോനേഷ്യൻ സിനിമാ ലോകത്തെ പ്രധാന സ്ഥാപനങ്ങൾ . 

ഇരുപതിനായിരത്തിലധികം വരുന്ന ഇൻഡോനേഷ്യയിലെ സിന്ധി സമൂഹം പ്രധാനമായും കൈകാര്യം ചെയ്യുന്നത് ടെക്‌സ്‌റ്റൈൽസ്, അപ്ഹോൾസ്റ്ററി, സിനിമ എന്നീ വ്യാപാര മേഖലകളാണ്  .

പ്രസിദ്ധമായ ജയ്‌പൂർ കൃത്രിമ കാലുകൾ 12,000 ത്തോളം പേർക്ക്  നൽകി ആതുര സേവനം നടത്തുന്ന ജക്കാർത്തയിലെ സുന്ദറിലുള്ള   The Sadhu Vaswani center 2007ൽ സിന്ധി സമൂഹം സ്ഥാപിച്ചതാണ്.