സുമാത്രയിലെ റിയാവു  സംസ്ഥാനത്തു നിന്ന് പടിഞ്ഞാറൻ സുമാത്രയിലേക്കുള്ള റോഡ് യാത്രയിൽ നിങ്ങള്ക്ക് അത്ഭുതകരമായ ഈ പടു കൂറ്റൻ പാലത്തിനു മുകളിലൂടെ യാത്ര ചെയ്യേണ്ടി വരും. കെലോക് സെംപിലാന് (KELOK 9) എന്നാൽ ‘വളവുകൾ ഒമ്പത്‘ എന്നാണ് അർഥം.  ആദ്യമായി  ഈ വീഡിയോ കാണുമ്പോൾ നിങ്ങള്ക്ക് ഭീതി തോന്നാനിടയുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വന നിബിഡമായ പ്രദേശങ്ങളിൽ ഒന്നിൽ കൂടെയാണ് നിങ്ങൾ യാത്ര ചെയ്യുന്നത്. പക്ഷെ യഥാർത്ഥത്തിൽ ഇത് വഴി സഞ്ചരിച്ചാൽ  ഏറെ മാനസികമായ ആനന്ദം ലഭിക്കുമെന്നുറപ്പ്പാണ്‌. ഇൻഡോനേഷ്യയിലെ രണ്ടു പ്രസിദ്ധമായ വനസംരക്ഷിത മേഖലയെ ബന്ധിപ്പിക്കുന്നതാണ് ഈ പാലം.  ഹരിതാഭമായ മനോഹരമായ യാത്ര സുമാത്രയിലെമ്പാടും  പ്രതീക്ഷിക്കാം. റോഡിൻറെ അരികിലായി പലയിടത്തും വളരെ വില കുറവിൽ പഴവർഗങ്ങൾ വിൽക്കുന്ന കടകൾ കാണാം. സുമാത്രയിൽ പൊതുവെ ഭക്ഷ്യ വിഭവങ്ങൾക്ക് ജകാർത്തയെക്കാളും വളരെ വില കുറവാണ്.

ഇന്തോനേഷ്യക്കാർ വളരെ ശ്രദ്ധിച്ചാണ് ഇപ്പോഴും വാഹനങ്ങൾ ഓടിക്കുക. റോഡുകൾ വളഞ്ഞു തിരിഞ്ഞു പോകുന്നതാണെങ്കിലും അപകട സാധ്യത വളരെ വിരളമാണ്. ഞാൻ റിയാവു (Riau) വിന്റെ തലസ്ഥാനമായ പെകൻ ബാരു (PekanBaru)  വിൽ നിന്നും പടിഞ്ഞാറൻ സുമാത്ര (Sumatra Barat)   യിലെ പാടാങ് (Padang) നഗരത്തിലേക്ക് കാർ മാർഗം പല തവണ ഇത് വഴി യാത്ര ചെയ്തിട്ടുണ്ട്. അതാണെകിൽ 6 മുതൽ 9 മണിക്കൂർ വരെ സമയ  ദൈർഘ്യമുള്ള 350 കിലോമീറ്റർ യാത്രയാണ് . ഓരോ ദിവസവും പതിനായിരത്തിനും 12,0000 ത്തിനുമിടക്ക് വാഹനങ്ങൾ ഇത് വഴി കടന്നു പോകുന്നുണ്ട്. ഒഴിവു ദിവസങ്ങളിൽ ഇത് മൂന്നിരട്ടിയാകും. ശരാശരി 18 മില്യൺ യാത്രക്കാരും 30 മില്യൺ ടൺ ചരക്കുകളും പ്രതിവർഷം ഈ പാലത്തിലൂടെ കടന്നു പോകുന്നുണ്ട്.

മലബാർ ഭക്ഷണങ്ങളോട് ഏറ്റവും സാമ്യമുള്ള ‘മസാകാൻ പാടാങ് ‘  (Masakan Padang) ഭക്ഷണം ധാരാളം     ലഭിക്കുന്ന പായാകൂമ്പു (Payakumbuh) എന്ന നഗരത്തിൽ നിന്നും കിഴക്കോട്ട്  പാടാങ്ങിലേക്കുള്ള യാത്രക്കിടയിലുള്ള 30 കിലോ മീറ്റർ സഞ്ചരിച്ചാൽ ഈ പാലത്തിലെത്തും.  കെലോക് സെംപിലാന് (KELOK 9) പാലത്തിനു മുകളിൽ തന്നെ നിരവധി ഭക്ഷണശാലകളുണ്ട്. താഴെ വിശാലമായ പാർക്കുമുണ്ട്.  ഈ റൂട്ടിൽ ഉടനീളം വിനോദ സഞ്ചാരികൾക്കു ഒരിക്കലും മറക്കാനാകാത്ത ഒരനുഭൂതി നൽകുന്ന യാത്രയാണ് .  മാങ്കോസ്റ്റീൻ, ദുരിയാൻ, കൈതച്ചക്ക, തുടങ്ങിയ പലവിധ  പഴവർഗങ്ങൾ ധാരാളമായുണ്ടാകുന്ന കൃഷിയിടങ്ങളുള്ള  മേഖലയിലൂടെയാണ് ഈ വഴി.  ഇന്തോനേഷ്യൻ യാത്രയിൽ എല്ലായിടത്തും ഇടക്കിടെ ഭക്ഷണം കഴിക്കാനും വിശ്രമിക്കാനുമുള്ള സ്ഥലങ്ങൾ ലഭ്യമായിരിക്കും.