ഒരു ഇന്തോനേഷ്യൻ പൗരനായ യുവതിയെയോ യുവാവിനെയോ വിവാഹം കഴിക്കുവാനുദ്ദേശിക്കുന്ന മലയാളികൾ  താഴെ പറയുന്ന കാര്യങ്ങൾ  ശ്രദ്ധിക്കുക. 

16 വയസ്സിനു താഴെയുള്ള പെൺകുട്ടിക്കോ, 18 നു താഴെയുള്ള ആണ്കുട്ടിക്കോ വിവാഹബന്ധത്തിലേർപ്പെടാൻ ഇന്തോനേഷ്യൻ  നിയമം അനുവദിക്കുന്നില്ല. 21 വയസിനു താഴെയുള്ള പെൺകുട്ടിയോ,  ആൺകുട്ടിയോ വിവാഹം കഴിക്കുന്നതിനു  രക്ഷിതാക്കളുടെ സമ്മത പത്രം ആവശ്യമാണ് . 21 വയസ്സ് തികഞ്ഞ പൗരന് രക്ഷിതാവിന്റെ സമ്മതമില്ലാതെ തന്നെ നിയമപരമായും, മതചിട്ടകൾ അനുസരിച്ചും വിവാഹത്തിലേര്പ്പെടാം. മുസ്ലിം മതവിശ്വാസികൾക്ക്  ആദ്യ ഭാര്യയുടെ സമ്മതത്തോടെ നിയമപരമായി ബഹുഭാര്യത്വം അംഗീകരിച്ചിട്ടുണ്ട്.  

മുസ്ലിം വിവാഹങ്ങൾ അതാതു സ്ഥലത്തെ കുആ (Kantor Urusan Agama/KUA) യിൽ രേഖപ്പടുത്തി വിവാഹത്തിന്റെ സാക്ഷ്യ പത്രമായ ബുക്കു നികാഹ് (buku nikah) നേടണം.  പുരുഷന് ചുവപ്പു പുറം ചട്ടയും സ്ത്രീക്ക് പച്ച പുറം ചട്ടയുമുള്ളതുമായ   പാസ്പോര്ട്ട് പോലെ തോന്നിക്കുന്ന രേഖയാണ് ബുക്കു നികാഹ്.  ബന്ധപ്പെട്ട  വ്യക്തികൾ താമസിക്കുന്ന പ്രാദേശിക ഗവണ്മെന്റ് ബോഡിയുടെ ഔദ്യോഗിക രേഖകൾ കാണിച്ചു കൊണ്ട്  ഇൻഡോനേഷ്യയിലെ  ഏതു സ്ഥലത്തുള്ള   കുആയിൽ വെച്ചും  വിവാഹത്തിൽ ഏർപ്പെടാം. വീണ്ടും സിവിൽ രെജിസ്ട്രിയിൽ രേഖപ്പെടുത്താതെ തന്നെ ‘ബുക്കു നിക്കാഹ് ഗവണ്മെന്റ് ഔദ്യോഗിക രേഖയായി കണക്കാക്കും. 

മുസ്ലിംകൾ അല്ലാത്തവർ  ആദ്യം തങ്ങളുടെ ആരാധനയത്തിൽ  വെച്ചു  വിവാഹ ചടങ്ങുകൾ നടത്തുകയും പിന്നീട് സിവിൽ റെജിസ്ട്രിയിൽ (Kantor Catatan Sipil) രേഖപ്പെടുത്തി സാക്ഷ്യ പത്രം  നേടുകയും ചെയ്യുന്നതോടെ  നിയമ പരമായി വിവാഹംസാധുവാകും. ഒരു ഇന്ത്യക്കാരനായ ഹിന്ദുവിന് ഇന്തോനേഷ്യൻ ഹിന്ദുവിനെ വിവാഹം കഴിക്കുവാൻ ഈ രീതിയാണ് പിന്തുടരേണ്ടി വരിക. ബാലിയിലെ ഹിന്ദു വിവാഹ രീതിയാണ് രണ്ടാമത്തെ ഫോട്ടോയിൽ . ഇന്തോനേഷ്യയ്ക്കാരായ ക്രിസ്ത്യാനികളെ വിവാഹം കഴിക്കാൻ  ഇതേ രീതി  തന്നെയാണ് വിദേശീയരായ  ക്രിസ്ത്യാനികളും തുടരേണ്ടി വരിക. 

ഇൻഡോനേഷ്യയിലെ വിവാഹ നിയമപ്രകാരം, രണ്ടു വ്യത്യസ്ത മതങ്ങളിലുള്ളവരുടെ വിവാഹത്തിന് നിയമ സാധുത ഇല്ല. സുദൃഡമായ വിവാഹ ബന്ധത്തിനായി രണ്ടു പേരും വിവാഹത്തിന് മുമ്പ്  ഒരേ മതം സ്വീകരിക്കണമെന്ന കാഴ്ചപ്പാടാണ് ഇന്തോനേഷ്യൻ ഭരണകൂടത്തിനുള്ളത്. എന്നാൽ വിദേശിയുടെ രാജ്യത്തു വെച്ച് അന്നാട്ടിലെ നിയമപ്രകാരം ഒരു ഇന്തോനേഷ്യൻ പൗരനുമായി വിവാഹബന്ധത്തിൽ ഏർപെട്ടാൽ അവർ വ്യത്യസ്ത മത വിശ്വാസം പുലർത്തുന്നവരാണെങ്കിലും പിന്നീട് ഇന്തോനേഷ്യൻ സിവിൽ രെജിസ്ട്രിയിൽ ചേർക്കാൻ ആകും.

എല്ലാ നിയമപരമായ വിവാഹങ്ങൾക്കും ഔദ്യോഗിക രേഖകൾ ആവശ്യമാണ്.  ചിലപ്പോഴൊക്കെ  ഇന്തോനേഷ്യന്  ഗ്രാമങ്ങളിൽ ബുക്കു നികാഹ് വാങ്ങാതെയും  വിവാഹങ്ങൾ നടക്കാറുണ്ട്. ഇസ്‌ലാം മത വിശ്വാസമനുസരിച്ചു നടക്കുന്ന ഇത്തരം ലളിത വിവാഹങ്ങൾക്കു കാരണമാകുന്നത് ഗ്രാമീണർക്ക് ഔദ്യോഗിക രേഖകൾ കിട്ടാൻ നേരിടുന്ന സമയ ദൈർഘ്യമോ, പണമില്ലായ്മയോഅജ്ഞതയോ ഒക്കെയാകും . അവയെ നികാഹ് സിരി (nikah siri) അഥവാ രഹസ്യ വിവാഹം എന്ന് പറയാറുണ്ടെങ്കിലും സമൂഹം സാധുവായി കണക്കാക്കാറുണ്ട്.   എന്നാൽ ഇത്തരത്തിൽ നടക്കുന്ന വിവാഹങ്ങൾക്ക് പിന്നീട് ഔദ്യോഗിക രേഖകൾ ലഭിക്കാൻ ചില പ്രയാസങ്ങൾ നേരിടാം. എന്നാലും ഗ്രാമ മുഖ്യന്റെ അധികാരമുപയോഗിച്ചും മാനുഷികപരിഗണനകൾ വെച്ചും അതൊക്കെ സാധാരണ ഗതിയിൽ വൈകിയാണെങ്കിലും നേടാവുന്നതാണ്.