150 ഓളം വരുന്ന രാജ്യത്തെ അഗ്നി പർവ്വതങ്ങളെ   ഇന്തോനേഷ്യക്കാർ അവരുടെ ദേശീയ സമ്പത്തായാണ്  കണക്കാക്കുന്നത്.   കാരണം വളരെ ഫലഭൂയിഷ്ഠമായ മണ്ണാണ് ഓരോ അഗ്നി പർവ്വതങ്ങൾക്കടുത്തുമുള്ളത്.  5  മില്യൺ ജനങ്ങൾ ഇത്തരം മേഖലകളിൽ താമസിക്കുന്നു. അതിൽ വിളയുന്ന പ്രകൃതി വിഭവങ്ങളാണ് അതിനോടടുത്തു താമസിക്കുന്ന ജനങ്ങളെ ജീവിപ്പിക്കുന്നത്.  അഗ്നി പർവ്വതങ്ങളെ ഇന്തോനീസ്യക്കാർ ഭയക്കാറില്ല.  അപകട സാധ്യതയുള്ള സമയത്തു ചിലർ മാറി നിൽക്കുമെന്ന് മാത്രം. ഇൻഡോനേഷ്യയിലെ പല അഗ്നി  പർവ്വതങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങൾ കൂടെയാണ്.

അപകട സാധ്യത മുൻകൂട്ടി പ്രവചിക്കുന്ന സാങ്കേതിക മികവുള്ള  നിരവധി മുന്നറിയിപ്പ് സംവിധാനങ്ങളും സുരക്ഷിത കേന്ദ്രങ്ങളും ഇത്തരം മേഖലയിൽ സർക്കാർ ഒരുക്കിയിട്ടുണ്ട്.  അഗ്നിപർവതം ലാവ ഒഴുക്കുന്ന സമയത്തു പോലും ഭൂരിപക്ഷം ഗ്രാമീണരും തങ്ങളുടെ ഗ്രാമങ്ങളിൽ നിന്ന് മാറി നിൽക്കാൻ സന്നദ്ധമാവാറില്ല. അത്ര മാത്രം പ്രകൃതിയോടിണങ്ങി ജീവിക്കുന്ന മനുഷ്യരാണിവിടങ്ങളിൽ താമസിക്കുന്നത്.

ഈ ലേഖകൻ ജോഗ്‌ജയിലെ  മെറാപി അഗ്നിപർവ്വതവും, സുരബയക്കും ബാലിക്കുമിടയിലുള്ള  അടുത്തുള്ള ചിത്രത്തിൽ കാണുന്ന  ബ്രോമോ അഗ്നിപർവതവും സന്ദർശിച്ചിട്ടുണ്ട്.  കിഴക്കൻ ജാവയിലെ ബ്രോമോ – ടെൻഗർ- സെമെരു  ദേശീയ പാർക്കിലാണ് വിനോദ സഞ്ചാരികളുടെ സ്വപ്നമായ ബ്രോമോ അഗ്നി പർവതം. ഇവിടെ ചെന്നാൽ നിങ്ങള്ക്ക് മൂന്നു അഗ്നി പർവതങ്ങൾ ഒരുമിച്ചു കാണാം. ബ്രോമോക്കടുത്തുള്ള  ബോട്ടോക്‌ അഗ്നിപർവതം നിർജീവമാണെങ്കിൽ അതിലും കുറച്ചപ്പുറമുള്ള  സുമേരു അഥവാ മഹാമേരു എന്ന പടുകൂറ്റൻ അഗ്നി പർവതം ഇടക്കിടെ ലാവ പുറത്തേക്ക് തുപ്പുന്നതാണ്.  ബ്രോമോയിലേക്കു മാത്രമേ സന്ദർശകരെ അനുവദിച്ചിട്ടുള്ളൂ.

“ബ്രഹ്‌മ – അഥവാ ബ്രഹ്‌മാവ്‌’ എന്ന സംസ്‌കൃത പദത്തിൽ നിന്നും ഉണ്ടായതാണ് ‘ബ്രോമോ’ എന്ന ഇന്തോനേഷ്യൻ പദം. മനോഹരമായ ദൃശ്യ ഭംഗിയുള്ള പ്രദേശങ്ങളിൽ കൂടെയാണ് അഗ്നി പർവതങ്ങൾ കാണാനുള്ളു യാത്ര ചെയ്യേണ്ടി വരിക. 2,329 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ബ്രോമോ അഗ്നി പർവതത്തിന്റെ മുകളിലേക്ക് ഏകദേശം 250 പടവുകൾ കയറാനുണ്ട്. അതിനു മുമ്പ് താഴ്‌വാരത്തു നിന്ന്  മല നിരകളിലൂടെ  കുറച്ചു ദൂരം കുതിരപ്പുറത്ത് കയറി സവാരി ചെയ്യേണ്ടി വരും.  താഴ്‌വാരത്തിൽ  Tenggerese  ഗ്രാമീണരുടെ പോട്ടൻ (Poten) ഹിന്ദു ക്ഷേത്രം ഉണ്ട്.  അഗ്നി പർവതം ലാവ പുറത്തു വിടുന്ന സമയത്തു ഈ ക്ഷേത്രത്തിനു ഇടയ്ക്കിടെ കേടുപാടുകൾ പറ്റുമെങ്കിലും  വീണ്ടും സർക്കാർ അത്  പുനർനിർമിക്കയാണ്  പതിവ്.

ഇന്തോനേഷ്യൻ ഭാഷയുടെ വലിയ ഭാഗം സംസ്‌കൃതത്തിൽ നിന്നും രൂപപെട്ടതാണെന്നു കൂടെ പറയട്ടെ. ബ്രോമോ അഗ്നിപർവതത്തിനു   ചുറ്റും പ്രധാനമായി താമസിക്കുന്ന ഇന്തോനേഷ്യക്കാർ Tenggerese എന്ന പേരിൽ അറിയപ്പെടുന്ന പ്രാചീന സമൂഹമാണ്. ഇവരിൽ ഭൂരിഭാഗവും ഹിന്ദുമതത്തിന്റെ വക ഭേദത്തിൽ വിശ്വസിക്കുന്നവരോ,  ബുദ്ധമതക്കാരോ, പ്രകൃതിയെ ആരാധിക്കുന്നവരോ ആണ്. ബ്രഹ്‌മാവ്‌ കോപിക്കുന്നതു കൊണ്ടാണ് അഗ്നിപർവ്വതം ലാവ പുറത്തേക്കൊഴുക്കുന്നതു എന്ന് വിശ്വസിക്കുകയും കുറച്ചു ശാന്തമാകുമ്പോൾ അതിനു മുകളിൽ കയറി പുഷ്‌പാർച്ചന അർപ്പിക്കുകയും ചെയ്യുന്നവരാണ് ഈ സമൂഹം. ടൂറിസ്റ്റുകൾക്ക് അവർ പൂക്കൾ വിൽക്കാറുമുണ്ട് .

ഏകദേശം 127 ഇന്തോനേഷ്യൻ അഗ്നിപർവ്വതങ്ങളിൽ നിന്ന്  എപ്പോഴെങ്കിലും  ലാവ പുറത്തേക്കു വരാൻ സാധ്യതയുള്ളതാണ്.  ഇത്തരം മേഖലകളിൽ നിന്നുള്ള  ജിയോതെർമൽ’ ഊർജം ഉപയോഗിച്ച് ഇന്തോനേഷ്യ വൈദ്യുതി പോലും ഉൽപാദിപ്പിക്കുന്നുണ്ട് .

ഇന്തോനേഷ്യൻ ദ്വീപുകൾ സ്ഥിതി ചെയ്യുന്നത് ‘പസിഫിക് റിങ് ഓഫ് ഫയർ’ എന്ന് ഭൗമ ശാസ്ത്ര വിദഗ്ദ്ധർ വിളിക്കുന്ന 452 അഗ്നിപർവ്വതങ്ങൾ ഉള്ള പസിഫിക് സമുദ്ര മേഖലയോടടുത്താണ് . അനേകം ജിയോ തെർമൽ ഊർജം ലഭിക്കുന്ന മേഖലയിലാണിത്‌ .

ഇപ്പോൾ ജിയോ തെർമൽ വൈദ്യുതി ഉൽപാദനത്തിൽ ഒന്നാം സ്ഥാനം അമേരിക്കക്കും, രണ്ടാം സ്ഥാനം ഫിലിപ്പൈൻസിനുമാണ്.  രണ്ടാം സ്ഥാനത്തു നിൽക്കുന്ന ഇന്തോനേഷ്യ 2020 ഓടെ  കൂടുതൽ ജിയോ തെർമൽ നിലയങ്ങൾ സ്ഥാപിച്ചു ഒന്നാം സ്ഥാനത്തേക്ക് കുതിക്കാനുള്ള പദ്ധതികളിലാണ് താനും.

ലോകത്തു ഏറ്റവും കൂടുതൽ ജിയോ തെർമൽ  വിഭവങ്ങളുള്ള രാഷ്രമാണ് ഇന്തോനേഷ്യ. ഇതിൽ നിന്ന് മാത്രം 29 ഗിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ഇന്തോനേഷ്യക്കു കരുത്തുണ്ട്.  നിലവിൽ അതിന്റെ  5 % മാത്രമേ ഉപയോഗപ്പെടുത്തുന്നുള്ളൂ. എന്നാൽ പുതുതായി 62 പ്രോജക്ടുകൾ ഇതേ മേഖലയിൽ നടക്കുന്നുണ്ട്.