ടൂറിസം സാധ്യതകളുടെ കാര്യത്തിൽ മലേഷ്യ, സിങ്കപ്പൂർ, തായ്‌ലൻഡ്, എന്നിവയെ അപേക്ഷിച്ചു ഇന്തോനേഷ്യക്കു  എന്തെങ്കിലും കുറവുകളുണ്ടോ?  ഈ ലേഖകൻ മേല്പറഞ്ഞ രാജ്യങ്ങളിലെല്ലാം വ്യാപകമായി   സഞ്ചരിച്ചിട്ടുണ്ട് . ഇപ്പോൾ  ഇന്തോനേഷ്യ പ്രതിവര്ഷം 10 മില്യൺ വിദേശ ടൂറിസ്റ്റുകളെ സ്വ്വീകരിക്കുകയും 12 ബില്യൺ ഡോളർ വരുമാനം നേടുകയും ചെയ്യുന്നുണ്ട്. ഇന്തോനേഷ്യയുടെ GDP പ്രതി വര്ഷം US$870 ബില്യൺ ആണെന്നിരിക്കെ വിദേശ ടൂറിസത്തിൽ നിന്നും രാജ്യം നേടുന്നതു വളരെ തുച്ഛമായ തുകയാണെന്നു കാണാം. ഇന്ത്യയുടെ  ജിഡിപി  $ 2095 ബില്യൺ ഉണ്ടെങ്കിലും ഇന്തോനേഷ്യയുടെ ജനസംഖ്യ നമ്മുടെ നാലിലൊന്നു മാത്രമേ വരുന്നുള്ളൂ.   2020 ഓടെ ടൂറിസത്തിൽ നിന്നുള്ള വരുമാനം  ഇരട്ടിയാക്കാനാണ്  ഇൻഡോനേഷ്യൻ സർക്കാർ ശ്രമിക്കുന്നത്.

ലോകത്തു ഏറ്റവും കൂടുതൽ സമുദ്രാതിർത്തിയോടെ  പരന്നു കിടക്കുന്ന ഒരു അത്ഭുത രാജ്യമാണ് ഇന്തോനേഷ്യ.   17.400 ദ്വീപുകൾ,  യൂറോപ്‌  വൻകരയുടെ പാതി വലുപ്പം വരുന്ന 2 ദശലക്ഷം ചതുരശ്ര മൈൽ  വരുന്ന ഭൂമി ,  മൂന്നു സമയ മേഖലകൾ,  257 ദശലക്ഷം ജനസംഖ്യ, അതാണ് ഇന്തോനേഷ്യ.

ആസിയാൻ മേഖലയിൽ പ്രധാന ടൂറിസം മോഡൽ ആയ തായ്‌ലണ്ടിന്റെ കാര്യം നോക്കാം. വിനോദ സഞ്ചാര വികസനത്തിനായി വേശ്യാ വൃത്തി പോലും നിയമ വിധേയമാക്കിയ തായ്‌ലൻഡ് 32  മില്യൺ വിദേശ ടൂറിസ്റ്റുകളെ സ്വ്വീകരിക്കുന്നു. അവരുടെ മൊത്തം ജിഡിപി യുടെ 20 ശതമാനം ടൂറിസത്തിൽ നിന്നുമാണ് താനും. 

ആഭ്യന്തര ടൂറിസം ഇന്തോനേഷ്യൻ ജീവിത രീതിയുടെ ഒരു ഭാഗമായതിനാൽ  മറ്റേതു ആസിയാൻ രാജ്യങ്ങളെക്കാളും കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന കേന്ദ്രങ്ങൾ രാജ്യത്തു എണ്ണമറ്റതായുണ്ട്. അതിനടുത്തൊക്കെയും മിതമായ നിരക്കിൽ ഉയർന്ന ഗുണനിലവാരവും ബഹുമുഖ സൗകര്യങ്ങളും നൽകുന്ന ഹോട്ടലുകളും എണ്ണമറ്റ ഭക്ഷണ ശാലകളുമുണ്ട് താനും

എന്നിട്ടും എന്ത് കൊണ്ട് വിദേശ സഞ്ചാരികൾ അധികം ഇന്തോനേഷ്യയിലേക്കു വരുന്നില്ല എന്ന ചോദ്യമുയരാം. ടൂറിസം സാധ്യതകളുടെ കാര്യത്തിൽ മലേഷ്യ, സിങ്കപ്പൂർ, തായ്‌ലൻഡ്, എന്നിവയെ അപേക്ഷിച്ചു ഇന്തോനേഷ്യക്ക് രണ്ടു പരിമിതികൾ മാത്രമാണുള്ളത്. അതിൽ പ്രധാനമായ കാരണം ‘ഇന്തോനേഷ്യ ഒരു ബ്രാൻഡ്’ എന്ന നിലയിൽ ഇത് വരെ വിദേശത്തു വിപണനം ചെയ്യപ്പെടുന്നില്ല എന്നത് മാത്രമാണ്.

സിയാനിലെ  ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണ് ഇന്തോനേഷ്യ. ഈ ബ്ലോക്കിലെ  40 % ജനങ്ങൾ താമസിക്കുന്നതും ഏറെ ഭൂവിസ്തൃതിയുള്ളതും ഇന്തോനേഷ്യക്കാണ് താനും.  നിലവിലുള്ള ആഭ്യന്തര രംഗത്തെ ടൂറിസം സൗകര്യങ്ങൾ മാത്രം വിപണനം ചെയ്‌താൽ പോലും ഇന്തോനേഷ്യക്കു  ലോകത്തെ മറ്റെല്ലാ ടൂറിസം കേന്ദ്രങ്ങളെയും കടത്തി വെട്ടാനുള്ള കരുത്തുണ്ടെന്നു കാണാം. ഇപ്പോൾ ലോകത്തു രണ്ടാം സ്ഥാനം അലങ്കരിക്കുന്നത് ഈ മേഖലയിലെ തന്നെ തായ്‌ലൻഡ് ആണ്.

ഇന്തോനേഷ്യക്കാർ  അവരുടെ പാഠ്യ പദ്ധതിയിൽ നമ്മെ പോലെ  ഇംഗ്ലീഷ് ഭാഷക്കു പ്രാമുഖ്യം നൽകാത്തത് കൊണ്ട്  പലപ്പോഴും ഇന്തോനേഷ്യന് ഉത്പന്നങ്ങൾ ലോക വിപണിയിലെത്തിക്കുന്നതു മലേഷ്യയിലെയോ, സിംഗപ്പൂരിലെയോ സ്ഥാപനങ്ങളാണ് . എന്തിനധികം? കേരളത്തിലേക്ക് പോലും ഇന്തോനേഷ്യയിൽ നിന്ന് പലതും  കയറ്റുമതി ചെയ്യുന്നുണ്ട്. അത് സാർക് അംഗ രാജ്യങ്ങളിൽ നിന്നുള്ള നികുതിയിളവ് നേടാനായി കൊളംബോ തുറമുഖത്തു വെച്ച് ഒറിജിൻ മാറ്റി ശ്രീലങ്ക എന്നാക്കി മാറ്റുന്നത് കൊണ്ട്  ഇന്തോനേഷ്യ ശ്രദ്ധിക്കപ്പെടാതെ പോകുന്നു.

വിദേശികളുടെ പേടി സ്വപ്നമായ ഭൂമി കുലുക്കം!

ഉദാഹരണത്തിന് പാശ്ചാത്യ മാധ്യമങ്ങൾ നിരന്തരം ഇന്തോനേഷ്യയിൽ നിന്നും ഭൂകമ്പ വാർത്തകളാണ് കാര്യമായി പുറത്തു വിടാറുള്ളത്. അത് കോപ്പിയടിക്കുന്ന മലയാള മാധ്യമങ്ങൾ അടക്കം ഇന്തോനേഷ്യയെ കുറിച്ച് പൂർണമായും  അജ്ഞരാണ്.  2004 ൽ ഇന്തോനേഷ്യയുടെ ഒരു അറ്റത്തു നടന്ന സുനാമിയിൽ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലോ,  ജകാർത്ത അടക്കമുള്ള  വൻ നഗരങ്ങളിലോ ഒരു ദുരന്തവും വിതറിയില്ല.  നെഗറ്റീവ് വാർത്തകൾക്ക് പ്രാധാന്യം നൽകുന്ന രീതിയാണ് ഇന്തോനേഷ്യയിൽ നിന്ന് റിപ്പോർട്ട് നൽകുന്ന പല പാശ്ചാത്യ പത്ര പ്രവർത്തകരും വര്ഷങ്ങളായി ചെയ്തു കൊണ്ടിരിക്കുന്നത്. അത്തരം വാർത്തക്ക് പിന്നിൽ അവരെ നിയോഗിച്ച രാജ്യങ്ങൾക്കുള്ള രാഷ്ട്രീയവും സാമ്പത്തികവുമായ താല്പര്യങ്ങൾ കാണും .

ട്രാഫിക് ജാമുകൾ, റോഡ് ഗതാഗതം

രണ്ടാമത്തേത് വിദൂര ദേശങ്ങളിലേക്കുള്ള റോഡ് ഗതാഗതത്തിലുള്ള പരിമിതികളും ജകാർത്ത പോലുള്ള മഹാ നഗരങ്ങളിലെ കൂറ്റൻ  ട്രാഫിക് ജാമുകളുമാണ്.  ഇതിൽ റോഡ് ഗതാഗത ശൃംഖല വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ദേശീയ തലത്തിൽ വൻ മുതൽ മുടക്കോടെ ആരംഭിച്ചു കഴിഞ്ഞു.  ട്രാഫിക് ജാമുകൾ പണ്ടത്തെ അപേക്ഷിച്ചു കുറയുന്ന്നുണ്ടെങ്കിലും റോഡിൽ പുതുതായി ഇറങ്ങുന്ന വണ്ടികളുടെ കാര്യത്തിൽ വർദ്ധനവ് തുടരുകയാണ്.  വളരെ കുറഞ്ഞ പെട്രോൾ വില, വാഹനങ്ങൾ  പുതുതായി വാങ്ങിക്കാനുള്ള ആകർഷമായ വായ്പകൾ,  വേഗത്തിലുള്ള മധ്യവർഗത്തിന്റെ വളർച്ചാ നിരക്ക് എന്നിവ കാരണം ട്രാഫിക് ജാമുകൾ പെട്ടെന്നൊന്നും കാര്യമായി കുറയുമെന്ന് കരുതേണ്ട. ഇന്തോനേഷ്യയിൽ ഒരു ലിറ്റർ പെട്രോളിന് ഏകദേശം 31 രൂപ മാത്രമേ വിലയുള്ളൂ. ലോകത്തുള്ള മിക്ക  പ്രമുഖ കാർ നിർമാതാക്കളും ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട് . എല്ലാ ബ്രാൻഡ് വാഹനങ്ങളൂം നിങ്ങള്ക്ക് ഇന്തോനേഷ്യയിൽ കാണാം.

എന്നാൽ ഇന്തോനേഷ്യയിൽ വ്യാപകമായി 186 എയർ പോർട്ടുകൾ ഉണ്ട് എന്നതിനാൽ  യാത്ര അത്ര ദുഷ്കരമല്ല. ഈ വർഷത്തെ കണക്കു പ്രകാരം  95 മില്യൺ യാത്രക്കാരാണ് ജകാർത്ത വിമാനത്താവളത്തിൽ നിന്ന് മാത്രം യാത്ര ചെയ്തത്. ഇത് ദുബൈയിൽ ജോലി അന്വേഷിച്ചു  യാത്രക്കാരെത്തുന്നത് പോലുള്ള ഒരു കണക്കല്ല. ഇതിൽ സിംഹഭാഗവും ആഭ്യന്തര യാത്രക്കാരായ ഇന്തോനേഷ്യക്ക്കാരും  പിന്നെ ആസിയാൻ മേഖലയിൽ നിന്നുള്ളവരുമാണ്.  2015 ഏപ്രിൽ  – 2016  മാർച്ചു കാലയളവിൽ ഇന്ത്യ യിലെ എല്ലാ വിമാന താവളങ്ങളിലും  കൂടെ യാത്ര ചെയ്‌തത്‌  224  മില്യൺ യാത്രക്കാരാണെന്നത് കൂടെ ചേർത്ത് വായിക്കുക.

ചരിത്രത്തിലെ ഏറ്റവും വലിയ ഓർഡർ വിമാന നിർമാതാക്കൾക്ക് നൽകി   (ബോയിങ് $22.4 ബില്യൺ ),  (എയർ ബസ് $24  ബില്യൺ ) എമിറേറ്റസിനെ പോലും പിന്നിലാക്കിയത് ഇൻഡോനേഷ്യയിലെ പ്രമുഖ ബജറ്റ് എയർലൈൻസ് ആയ ലയൺ എയർ ആണെന്നോർക്കുക!

ഇൻഡോനേഷ്യയിലെ ഡൊമസ്റ്റിക്  വിമാന യാത്രാ നിരക്ക് പലപ്പോഴും ബസിനോളം കുറവാണ് . നിരവധി വിമാന കമ്പനികളും , എയർ പോർട്ടുകളും, ട്രെയിൻ സർവീസും, കപ്പൽ ഗതാഗതവും, ഒക്കെയുള്ള ഒരു  രാജ്യമാണ് ഇന്തോനേഷ്യ.  അത് കൊണ്ട് ഇന്തോനേഷ്യയുടെ ടൂറിസം സാധ്യതകളും വികസന സാധ്യതകളും മറ്റേതു രാജ്യങ്ങളെക്കാളും മുന്നിലാണെന്ന് നിസ്സംശയം പറയാം.