ലോക ടൂറിസം വിപണിയുടെ 14 ശതമാനത്തോളം ഭാഗം ഹലാൽ ടൂറിസം എന്ന ഇസ്‌ലാമിക  മാനദണ്ഡം പുലർത്തുന്ന മേഖലയാണ്. 2019 ഓടെ  ഇത് 200 $ ബില്യൺ മൂല്യമുള്ള കച്ചവട മേഖലയാകുമെന്നാണ്  പഠനം.  സത്യത്തിൽ ഇത് ഒരു ഇസ്‌ലാമിക പശ്ചാത്തലമുള്ള വിപണി എന്നതിലുമപ്പുറം കുടുംബത്തോടൊപ്പമുള്ള  വിനോദ സഞ്ചാരം എന്ന് പറയുന്നതാണ് പലപ്പോഴും ഉചിതം. ലോക ടൂറിസം ഭൂപടത്തിൽ പണം കൊയ്യുന്ന പ്രധാന ഘടകങ്ങൾ സെക്സ്, മദ്യം, ചൂതാട്ടം തുടങ്ങിയവയാണ്. കുടുംബത്തോടൊപ്പം  യാത്ര ചെയ്യുന്നവരിൽ സിംഹഭാഗവും ഈ ഘടകങ്ങളിൽ നിന്ന് വിട്ടു നിൽക്കുമെന്ന് ചുരുക്കം. പിന്നെ ഹലാൽ ടൂറിസത്തിൽ വരുന്നത് നല്ല ഭക്ഷണവും മുസ്ലിംകൾക്ക് പ്രാര്ഥിക്കാനുള്ള സൗകര്യം, മലമൂത്ര വിസർജനം ചെയ്‌താൽ വൃത്തിയാക്കാനുള്ള സൗകര്യം തുടങ്ങിയ മിതമായ കാര്യങ്ങളാണ്.

ഇതിൽ ഇന്തോനേഷ്യയുടെ സാധ്യതകൾ മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്തു നോക്കാം.

ഇന്തോനേഷ്യൻ ജനസംഘ്യയുടെ 87.2 ശതമാനവും മുസ്ലിംകളാണ്.അത് കൊണ്ട് ഇവിടെ ലഭ്യമാകുന്ന ഭക്ഷണം ഏതാണ്ട് മുഴുവനുമെന്ന പോലെ ഹലാൽ മാന ദണ്ഡങ്ങൾ അനുസരിച്ചാണ്. ലോക മുസ്ലിം ജനസംഖ്യയുടെ 13 ശതമാനത്തോളം ജീവിക്കുന്നത് ഇന്തോനേഷ്യയിലാണ്.

ഇന്തോനേഷ്യ ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്ന കോഴി, മീൻ, ആട്, പോത്ത് തുടങ്ങിയ മാംസാഹാരങ്ങളും  ആയിരകണക്കിന് പച്ചക്കറികളും, വൈവിധ്യമാർന്ന പഴവര്ഗങ്ങളും കൊണ്ട് മില്യൺ കണക്കിന് ഹലാൽ വിഭവങ്ങളാണ് ഇവിടത്തെ ഭക്ഷണശാലകൾ നിങ്ങളുടെ മുന്നിലെത്തിക്കുന്നത്! പോത്തിറച്ചി വളരെ പ്രിയപ്പെട്ട മാംസ്യാഹാരമായതു കൊണ്ട് ആസ്‌ട്രേലിയയിൽ നിന്നും ഇപ്പോൾ ഇന്ത്യയിൽ നിന്നും വ്യാപകമായി ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് കൂടെ പറയട്ടെ.

ലോകത്തു ലഭ്യമാകുന്ന മിക്കവാറും എല്ലാ ഭക്ഷ്യവസ്തുക്കളും ഇന്തോനേഷ്യയിൽ നിങ്ങള്ക്ക് ലഭ്യമാണ്.അത് പോലെ തന്നെ KFC, MCdonald, Burger King, Windeys,  Starbucks, തുടങ്ങിയ ലോക റെസ്റ്റോറന്റുകളും ഇവിടത്തെ  നഗരങ്ങളിലെല്ലാം ധാരാളമായി കാണാം.  ഇവരെല്ലാം തന്നെ ഹലാൽ ഭക്ഷണമാണ് വിളമ്പുന്നത്. കൂടാതെ ഇൻഡോനേഷ്യയിലെ തന്നെ പ്രശസ്തമായ ബ്രാൻഡുകളും, ഇന്ത്യൻ, അറബ്, ഏഷ്യൻ (Japense, Korean, Thai, Vietnames, Philppine) മെക്സിക്കൻ ഭക്ഷണ ശാലകളും, മസാകാൻ പാഡാങ് (Masakan Padang) പോലെയുള്ള മലബാർ രുചി തരുന്ന ഇന്തോനേഷ്യൻ  റെസ്റ്റോറന്റുകളും വ്യാപകമായുണ്ട്.

ഇൻഡോനേഷ്യയിലെ ജനങ്ങൾ വീട്ടിൽ അപൂർവമായേ ഭക്ഷണം ഉണ്ടാക്കാറുള്ളൂ. ജോലി, കച്ചവടം എന്നിവയുമായി ബന്ധപ്പെട്ടു നടക്കുന്ന യാത്രകിടക്ക് വഴിയിലുള്ള റെസ്റ്റാറ്റാന്റിൽ കയറി ഭക്ഷിക്കും. ബിസിനിസ് മീറ്റിംഗുകൾ പ്രധാനമായും നടത്തുന്നതും റെസ്റ്റാറന്റിലാകും. ഇത് തന്നെയാണ് മലേഷ്യയിലെയും രീതി.

മലേഷ്യ ഒരു  മുസ്ലിം രാജ്യമെന്ന പേരിൽ അറിയപ്പെടുന്നത് കൊണ്ട് ഹലാൽ ഭക്ഷണത്തിനുള്ള ചില പരിമിതികൾ പലരും ഓർക്കാറില്ല. മലേഷ്യയുടെ  ജനസംഖ്യയിൽ മുസ്ലിംകൾ  61.4% ശതമാനമേയുള്ളുവെന്നത് അവരുടെ ഹലാൽ ബ്രാൻഡിങ്ങിൽ വിസ്മയം പൂണ്ടു പലരും മറന്നു പോകും. അതൊക്കെയായാലും നിരവധി ഹലാൽ ഭക്ഷണ ശാലകൾ മലേഷ്യയിലുണ്ടെന്നു നിസ്സംശയം പറയാം. എന്നാൽ അതല്ല മറ്റു രണ്ടു ടൂറിസം ലക്ഷ്യങ്ങളായ തായ്‌ലൻഡ് , സിങ്കപ്പൂർ എന്നിവയുടെ സ്ഥിതി. 

ടൂറിസം കേന്ദ്രമായ തായ്‌ലൻഡിൽ പലപ്പോഴും ‘ഹലാൽ’ എന്ന ബോർഡ്  എഴുതിയ സ്ഥലത്തു തന്നെ മദ്യവും ഇഷ്ടം പോലെ ലഭിക്കും. കാരണം തായ്‌ലൻഡിലെ ഭരണകൂടം ഒരു ഭക്ഷണ ശാലക്ക്  അനുമതി നല്കുന്നതിനോടൊപ്പം മദ്യ വ്യാപാരത്തിനുള്ള പെർമിറ്റും അതിൽ ഉള്പെടുത്തുന്നുണ്ട്. വളരെ സൂക്ഷമതയുള്ള മുസ്ലിം മാനേജ്മെന്റ് മാത്രമേ അത് ഉപയോഗിക്കാതിരിക്കുന്നുളളൂ. ബാങ്കോക്കിലും ഹുആഹീൻ പോലുള്ള തായ് ടൂറിസ്റ്റ് കേന്ദ്രങ്ങളിലുമുള്ള പല ഹലാൽ ഭക്ഷണ ശാലകളും മുസ്ലിംകളുടെ ഉടമസ്ഥതയിൽ പോലുമല്ല എന്നതാണ് സത്യം. തായ്‌ലൻഡിലെ മുസ്ലിം ജനസംഖ്യ 5.8%  മാത്രമാണ്. കബാബ് തുടങ്ങിയ ഇന്ത്യൻ, പാകിസ്താനി വിഭവങ്ങൾ നൽകുന്ന കടകൾ ആണെങ്കിൽ അത് ഹലാൽ ഭക്ഷണമാണ് എന്ന് ടൂറിസ്റ്റുകളായ മുസ്ലിംകൾ കരുതുന്നുവെന്നു മാത്രം. തായ്‌ലൻഡിലെ ജനങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണം പോർക്കിറച്ചിയാണ്. തായ് മുസ്ലിംകളിൽ ഭൂരിഭാഗവും ജീവിക്കുന്നത്  മലേഷ്യക്കടുത്തുള്ള  തായ്‌ലൻഡിലെ തെക്കൻ സംസ്ഥാനങ്ങളായ  Satun, Yala, Pattani, Narathiwat, തുടങ്ങിയ സ്ഥലങ്ങളിലാണ്.തായ്‌ലൻഡിലെ 4000 ഓളം മുസ്ലിം പള്ളികളിൽ  700 ഉം പറ്റാനിയിലാണ്.  ഇവിടങ്ങളിൽ ടൂറിസം ഇത് വരെ വികസിച്ചിട്ടു പോലുമില്ല എന്നത് മാത്രമല്ല രാഷ്ട്രീയ അസ്ഥിരത കൂടെ നില നില്കുന്നു.

14.7 % മുസ്ലിം ജനസംഖ്യയുള്ള സിംഗപ്പൂരിൽ ഹലാൽ ഭക്ഷണ ശാലകൾ മിക്കവാറും നടത്തുന്നത് മലായ്, ഇന്തോനേഷ്യൻ, ഇന്ത്യൻ വംശജരാണ്.  വളരെ ചെറിയ ഒരു രാജ്യമായ സിംഗപ്പൂരിന്റെ പരിമിതമായ ഭൂപ്രദേശത്തിനകത്തു നിന്ന് ഒരു ഹലാൽ ഭക്ഷണ ശാലക്കു പരിമിതികളേറെയാണ്. ഉയർന്ന വിലയും കുറഞ്ഞ ഹലാൽ ഭക്ഷണ വിഭവങ്ങളുമാണ് സിംഗപ്പൂരിൽ ഒരു ഹലാൽ ടൂറിസ്റ്റിനിടെ മുന്നിലെത്തുക.

ഇനി ഇന്തോനേഷ്യയിലേക്കു വന്നാൽ ഒരു ഹലാൽ ടൂറിസ്റ്റിനു ഒന്നിനും പ്രത്യേകവും അലയേണ്ടി വരില്ല. ഹലാൽ അല്ലാത്ത ഭക്ഷണ ശാലകൾ അപൂർവമായേ ഇന്തോനേഷ്യയിലുള്ളൂ. അതിലുമുപരിയായി,   നമസ്കരിക്കാനുള്ള സൗകര്യം ഇന്തോനേഷ്യയിൽ എല്ലായിടത്തും ലഭ്യമാണ്. ആയിരകണക്കിന് പള്ളികളെ കൂടാതെ ഷോപ്പിംഗ് മാളുകൾക്കകത്തും, എന്തിനു റെസ്ടാറന്റുകൾക്കകത്തു പോലും mushola എന്നെഴുതിയ നമസ്കാരത്തിനുള്ള ചെറിയതും വലിയതുമായ ഹാളുകളുണ്ടാകും. സ്ത്രീകൾക്ക് നമസ്കരിക്കുമ്പോൾ ധരിക്കാനായി നല്ല ഭംഗിയുള്ള mukena അഥവാ നമസ്കാര കുപ്പായവും ഇവിടങ്ങളിൽ സൗജന്യമായി ഉണ്ടാകും. പുരുഷന്റെ പിറകിലായാണ് സ്ത്രീകൾ mushola കളിൽ നില്കുന്നത്. വുദു എടുക്കാവുള്ള  സ്ഥലമാണെന്ന് ചൂണ്ടിക്കാണിക്കുന്ന ‘tempat wudu’ എന്ന ബോർഡ് നോക്കി പോയി വുദു എടുക്കാം. വലിയ Mushola കളിൽ ആണുങ്ങൾക്കും (Pria) പെണ്ണുങ്ങൾക്കും (Wanita) വുദുവെടുക്കാനുള്ള  പ്രത്യേകമായ സൗകര്യമുണ്ട്. മൂത്രപ്പുരകൾ എല്ലായ്‌പോഴും വെവ്വേറയാണ്. ഇന്തോനേഷ്യൻ ഭാഷയിൽ Wanita എന്നാൽ സ്ത്രീ തന്നെയാണ് എന്ന് കൂടെ ഓർക്കുക.

നിങ്ങൾ താമസിക്കുന്ന എല്ലാ ഹോട്ടലുകളിലും ഖിബ്‌ലയുടെ ദിശ അറിയാനായി സീലിങ്ങിൽ ഖിബ്‌ല മാർക് ചെയ്തിട്ടുണ്ടാകും. അത് കൂടാതെ നമസ്കരിക്കാനുള്ള മുസല്ല നിങ്ങളുടെ റൂമിൽ തന്നെ മിക്കവാറും കാണും. ഇത് കൂടാതെ ജമാഅത്തായി നമസ്കരിക്കുന്നതിനായി മിക്കവാറും എല്ലാ ഹോട്ടലിലും ഒരു പൊതു musholla ഉണ്ടാക്കും. നിങ്ങളുടെ റിസപ്ഷൻ കൗണ്ടറിൽ ചോദിച്ചാൽ അവരതു കാണിച്ചു തരും.

ഇനി ഷോപ്പിംഗിനു പോകുകയാണെങ്കിൽ ലക്ഷകണക്കിന് മുസ്ലിം വസ്ത്രങ്ങളുടെ ഡിസൈൻ നിങ്ങള്ക്ക് കാണാൻ കഴിയും.

മരിച്ചാൽ പൊതിയാനും നമസ്കരിക്കാനും ഒരൊറ്റ വെള്ള വസ്ത്രം മാത്രം കണ്ടു  പരിചയിച്ച മലയാളി മുസ്ലിംകൾക്ക് മുന്നിൽ സൗന്ദര്യാനുഭൂതിയുടെ ആയിരം സാധ്യതകൾ നൽകുന്നതാണ് ഇൻഡോനേഷ്യയിലെ ‘ബുസാന മുസ്‌ലിം ‘

Busana Muslim എന്ന് പറഞ്ഞാൽ മുസ്ലികൾക്കുള്ള മനോഹരമായ ഡിസൈൻ വസ്ത്രങ്ങളാണ് . വളരെ ലക്ഷ്വറി ബ്രാൻഡുകൾ മുതൽ സാധാരണക്കാരനു വേണ്ടിയുള്ളതു വരെ ‘ബുസാന മുസ്ലിം’ ശ്രേണിയിൽ കിട്ടും. ഇത്തരം സാധ്യതകളൊന്നും ലോകത്തു മറ്റൊരിടത്തും കാണില്ല. മലേഷ്യക്കാർ പോലും ഇത്തരം വസ്ത്രങ്ങൾ വാങ്ങിക്കുന്നത് ഇന്തോനേഷ്യയിൽ നിന്നാണ് .

ഒരു ഹലാൽ ടൂറിസ്റ്റിന്റെ മുന്നിൽ ഇത്തരത്തിലുള്ള ആയിരകണക്കിന് സാധ്യതകൾ നൽകുന്ന ഒരു രാജ്യമാണ് ഇന്തോനേഷ്യ.