ഇൻഫർമേഷൻ ടെക്നോളജി ഉപയോഗപ്പെടുത്തി ഇന്തോനേഷ്യൻ സർക്കാർ എത്ര പെട്ടെന്ന് മുന്നേറുന്നുവെന്നു അറിയാൻ മലയാളികൾക്ക് താല്പര്യം ഉണ്ടാകും എന്ന് കരുതിയാണ് ഈ ലേഖനം പ്രസിദ്ധീകരിക്കുന്നത്.

ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ നിന്നും  വ്യത്യസ്തമായി  ‘തുറന്ന സർക്കാർ ഡാറ്റ’ (Open Government Data)  എന്ന രീതിയാണ് ഇന്തോനേഷ്യൻ സർക്കാർ പിന്തുടരുന്നത്.  ഇതിനർത്ഥം സർക്കാർ കാര്യങ്ങൾ പൊതു ജനങ്ങളുടെ ഇടയിൽ തുറന്ന നിലയിൽ ലഭ്യമാണ് എന്നാണ്.  ഇന്ത്യയിലെ പോലെ RTI അപേക്ഷ സമർപ്പിച്ചതിന് ശേഷം സർക്കാർ ഡാറ്റക്ക് വേണ്ടി കാത്തിരിക്കേണ്ടതില്ല എന്ന് സാരം.

സർക്കാർ പ്രവർത്തനങ്ങളിൽ സുതാര്യത മെച്ചപ്പെടുത്താനായി, 2008 ൽ ഇന്തോനേഷ്യ പബ്ളിക് ഇൻഫർമേഷൻ ആക്റ്റ് പാസാക്കി,  മുൻ പ്രസിഡണ്ട്, സുശിലോ ബാംബാങ് യുധിയാനോ (SBY)  ആണ് ഈ സ്മാർട് വിപ്ലവത്തിന് തുടക്കം കുറിച്ചത്.

‘തുറന്ന സർക്കാർ ഡാറ്റ’ (Open Government Data) പ്രസ്ഥാനം ആരംഭിച്ച ഏജൻസിയിൽ ഡെപ്യൂട്ടി മന്ത്രി യായിരുന്ന താര ഹിദായത്ത് പറയുന്നു. “മുമ്പ് സർക്കാർ കാര്യങ്ങൾ സ്വതവേ രഹസ്യമായിരുന്നു. ആരെങ്കിലും അഭ്യർത്ഥിച്ചു വരുമ്പോൾ മാത്രമേ സർക്കാർ ഡാറ്റ പുറത്തേക്ക് വരാൻ സാധ്യത ഉണ്ടായിരുന്നുള്ളു. എന്നാൽ ഈ നിയമം വന്നപ്പോൾ സർക്കാർ കാര്യങ്ങൾ സ്വയം തുറന്നു”   “ഇന്തോനേഷ്യൻ ജനാധിപത്യം ,  വളര്ന്ന് കൊണ്ടേയിരിക്കുകയാണ്. കൂടുതൽ സുതാര്യത ആവശ്യപ്പെട്ട് ശക്തമായ ശബ്ദമാണ് ജനങ്ങളിൽ നിന്നുയരുന്നതും  ” താരാ ഹിദായത്ത് തുടർന്നു.

അമേരിക്ക അടക്കം 8 രാജ്യങ്ങൾ ഉൾപ്പെട്ട 2011-ൽ സ്ഥാപിതമായ  ‘തുറന്ന സർക്കാർ ഡാറ്റ പദ്ധതി‘ യുടെ, സ്ഥാപക രാജ്യങ്ങളിൽ ഒന്നാണ് ഇന്തോനേഷ്യ . (ഇതിലെ മറ്റു സ്ഥാപക അംഗ രാജ്യങ്ങൾ Brazil, Mexico, Norway, the Philippines, South Africa, the United Kingdom and the United States എന്നിവയാണ് ) അതോടെ,  ഇന്തോനേഷ്യ ഓപ്പൺ സർക്കാർ എന്ന പദ്ധതി പ്രോത്സാഹിപ്പിക്കാൻ  ശ്രമം സജീവമാക്കി. ഇപ്പോൾ ദേശീയവും പ്രാദേശികവുമായ ഗവർമെന്റ് ഏജൻസികൾ ‘തുറന്ന ഡാറ്റ പ്ലാറ്റ്ഫോം’ ഉപയോഗിച്ച് സദ്ഭരണം മെച്ചപ്പെടുത്തുന്നു.

2014 ൽ കേന്ദ്രീകരിച്ച ഡാറ്റ പോർട്ടൽ – data.go.id – പൊതുജനങ്ങൾക്കായി തുറന്നു. നിലവിൽ  ഈ പോർട്ടൽ 32 കേന്ദ്ര പ്രാദേശിക സർക്കാർ സ്ഥാപനങ്ങൾ  നല്കുന്ന 1200 ഡാറ്റാഗണങ്ങൾ പൊതു ജനങ്ങൾക്കു ലഭ്യമാക്കിയിട്ടുണ്ട്. ദേശീയ സർക്കാർ പ്രവർത്തനങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്, ബാൻഡുങ് , ജകാർത്ത തുടങ്ങിയ പ്രാദേശിക സർക്കാരുകൾ പോലും സ്വന്തം തുറന്ന ഡാറ്റ പോർട്ടലുകൾ ആരംഭിച്ചു.

“ഞാൻ മുമ്പ് എന്തെകിലും കാര്യത്തിന് സർക്കാർ ഓഫീസിൽ പോയാൽ നിരവധി ഓഫിസുകളിൽ കയറി ഇറങ്ങേണ്ടതുണ്ടായിരുന്നു. കാരണം എന്നെ കുറിച്ചുള്ള ഡാറ്റ പല സർക്കാർ ഓഫിസുകളിലുമായിരുന്നു . ‘ ഇപ്പോൾ ജകാർത്ത നഗരത്തിന്റെ സ്മാർട്ട് സിറ്റി  മേധാവിയായ സെത്തിയാജി താൻ ഒരു കോളേജ് വിദ്യാർഥിയായിരുന്ന കാലത്ത് സർക്കാർ സേവനം നേടാൻ എത്ര പ്രയാസമായിരുന്നു എന്നോർക്കുന്നു.

ഇന്ന് ആ സ്ഥിതിയൊക്കെ പൂർണമായും മാറി കഴിഞ്ഞു.  അപേക്ഷിക്കുന്നയാളുടെ രേഖകൾ കൃത്യമാണെങ്കിൽ, നിങ്ങൾ ഒരു താമസ സെര്ടിഫിക്കറ്റിനു ( surat domisili) ജക്കാർത്തയി ലെ ഏതെങ്കിലും പ്രാദേശിക ഭരണാധികാര ഓഫിസിൽ  (kantor kelurahan) കാലത്തു അപേക്ഷ നൽകിയാൽ അന്ന് വൈകിട്ട് തന്നെ അത് നിങ്ങള്ക്ക് ലഭിക്കുന്നുണ്ട്.

ജകാർത്ത സ്മാർട്ട് സിറ്റിയൂണിറ്റ് മേധാവിയായ സെത്തിയാജിയുടെ വ്യക്തിപരമായ ദൗത്യം ജനക്ഷേമത്തിനായി ഡാറ്റയുടെ മെച്ചപ്പെട്ട ഉപയോഗമാണ്. മുസ്ലിംകളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആൻ ഉദ്ധരിച്ചു,  വിവര കൈമാറ്റത്തിന്റെ പ്രാധാന്യം  അദ്ദേഹം പറയുന്നു. ” ഖുർആൻ പഠിപ്പിക്കുക, അത് ഒരു വാക്യമാണെങ്കിലും എന്ന് പറഞ്ഞ പോലെ തന്നെ ഒരു കഷ്ണം ഡാറ്റ ആണെകിൽ പോലും അത് പൊതുസമൂഹത്തിനു കൈമാറുക.”

നിലവിലെ പ്രസിഡന്റ് ജോകോ വിദാദോ (Joko Widodo) പ്രസിഡൻഷ്യൽ ചീഫ് ഓഫ് സ്റ്റാഫ് ഓഫീസ് മുഖാന്തരം തുറന്ന ഡാറ്റാ സർക്കാർ സംരംഭത്തിനു പിന്തുണ തുടരുന്നു.  തുറന്ന ഡാറ്റ സംരംഭത്തിന്റെ ആദ്യ ഘട്ടം, വിവിധ ഏജൻസികളെ തുറന്ന ഡാറ്റക്കു പ്രാപ്തമാക്കുക എന്നതായിരുന്നു. എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഫോർമാറ്റിൽ കൂടുതൽ സർക്കാർ ഡാറ്റ പൊതു ജനങ്ങൾക്ക് നൽകുകയാണ് സർക്കാർ. തുറന്ന ഡാറ്റ കൊണ്ട് സുതാര്യതയും ഉത്തരവാദിത്വവും വർദ്ധിപ്പിക്കുക മാത്രമല്ല, പൊതു പങ്കാളിത്തം വഴി സർവീസ് ഡെലിവറി മെച്ചപ്പെടുത്തുന്നതിനും, പൗരന്മാർക്കിടയിൽ പുതിയ സാമൂഹിക, സാമ്പത്തിക സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഇപ്പോൾ കഴിയുന്നുണ്ട്.

“നിങ്ങൾക്കു ഇപ്പോൾ ജകാർത്ത സർക്കാർ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കാണാൻ കഴിയും. ഉദാഹരണത്തിന് ഞങ്ങളുടെ ബജറ്റ് പദ്ധതി വിഹിതവും ഉപയോഗയവുമൊക്കെ പൊതുജനങ്ങൾക്ക് തൽസമയം കാണാം. അല്ലെങ്കിൽ ഞങ്ങൾ എത്ര മണിക്കൂറാണ് വലിയ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് എന്ന് പോലും അറിയാം, സെത്തിയാജി  അഭിമാനത്തോടെ പറഞ്ഞു.

ജനങ്ങളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്ന ‘സിറ്റിസൺ ഫീഡ്ബാക്ക്’ സർക്കാരിനെ പല തരത്തിൽ പ്രാപ്തമാക്കി. നഗരത്തിൽ താമസിക്കുന്നവർക്ക് അവരുടെ പ്രശ്നങ്ങൾ Qlue മൊബൈൽ അപ്ലിക്കേഷൻ വഴി ഒരു സ്മാർട്ട് ഫോൺ ഉപയോഗിച്ച് റിപ്പോർട്ട് ചെയ്യാം. അതു പിന്നെ ഫോളോ അപ്പ് ചെയ്യാൻ വേണ്ടി പ്രാദേശിക അധികാരികൾക്ക് കൈമാറുകയും അത് പരിഹരിക്കുന്നത് വരെ ജകാർത്ത സ്മാർട് സിറ്റി കേന്ദ്ര ഓഫീസ്  ശ്രദ്ധിക്കുകയും ചെയ്യും.

ഇന്തോനേഷ്യയുടെ ‘ തുറന്ന സർക്കാർ പ്രസ്ഥാന ത്തിനു അഞ്ചു വയസ്സ് പ്രായം മാത്രമേ ഉള്ളൂവെങ്കിലും അത് സർക്കാരിൽ ജനങ്ങൾക്കു വലിയ വിശ്വാസം സൃഷ്ടിച്ചു കഴിഞ്ഞു.  ഇന്തോനേഷ്യയിൽ വിദേശ മൂലധനം (Foreign Direct Investment) നിക്ഷേപിക്കുന്നവർക്കുള്ള  നടപടി ക്രമങ്ങൾ അതി വേഗത്തിലാക്കാനും ‘ഓപ്പൺ ഡാറ്റ ഗവണ്മെന്റ്’ എന്ന സംവിധാനം സഹായകമായി.  വിദേശികൾക്ക് ഇന്തോനേഷ്യയിൽ വ്യവസായമോ, കച്ചവടമോ, വളരെ കാല ദൈർഘ്യമില്ലാതെ ആരംഭിക്കുവാനുള്ള സാഹചര്യമാണ് ഇതിലൂടെ വന്നു ചേർന്നിരിക്കുന്നത്. പല മേഖലകളിലും വിദേശികൾക്ക് ഇന്തോനേഷ്യയിൽ 100 ശതമാനം നിക്ഷേപം അനുവദിച്ചിട്ടുമുണ്ട്.

ഇന്തോനേഷ്യൻ സർക്കാരിന്റെ ഓപ്പൺ ഗവണ്മെന്റ് ഡാറ്റ പദ്ധതിയെ കുറിച്ച് കൂടുതൽ അറിയാൻ  അവരുടെ ഔദ്യോഗിക വെബ് സൈറ്റ് സന്ദർശിക്കുക.