ഇന്തോനേഷ്യയെ കുറിച്ച് പറയുമ്പോൾ പല മലയാളികൾക്കും ഒരു ഉൾഭയം ഞാൻ കാണാറുണ്ട്. ഇന്തോനേഷ്യയിൽ ഭൂകമ്പം നടന്നാൽ കൊല്ലത്തു  സുനാമി വരുമെന്ന ഉൽകണ്ഠ കൊണ്ടോ, വാർത്തയോടുള്ള മലയാളിയുടെ സഹജമായ കൗതുകം കൊണ്ടോ അത് തുടരുന്നു. സുനാമി ദുരിതം സംഭവിച്ചതിനു ശേഷമുള്ള കൊല്ലത്തുകാരുടെ പരാതികൾ ഇത് വരെ പരിഹരിക്കപ്പെട്ടില്ല. അത് കൊണ്ടാകും ഇന്നും പല മലയാളികളും 2004 ൽ നടന്ന സുനാമിയുടെ ഹാങ്ങ് ഓവറിലാണെന്നു തോന്നുന്നു.

ഇടയ്ക്കിടെ നടക്കുന്ന ഭൂകമ്പങ്ങളെ കുറിച്ച് ഇന്തോനേഷ്യയിൽ താമസിക്കുന്ന മലയാളികൾ സാധാരണ ശ്രദ്ധിക്കാറേയില്ല എന്നതാണ് യാഥാർഥ്യം.  മലയാള ചാനലുകാർ ഇടയ്ക്കിടെ ഇത്തരം വാർത്തകൾ വിടുന്നത് കേട്ട് ബന്ധുക്കളോ സുഹൃത്തുക്കളോ വിളിക്കുമ്പോഴാണ് ഇന്തോനേഷ്യൻ മലയാളി അക്കാര്യം അറിയുന്നത് തന്നെ.

2004 ൽ ഇന്തോനേഷ്യയുടെ ഒരു അറ്റത്തു നടന്ന സുനാമിയിൽ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ കാര്യമായ ഒരു ദുരന്തവും വിതറിയില്ല. ഈ ലേഖനത്തിൽ ചേർത്ത 2004 ലെ സുനാമിയുടെ ഇമ്പാക്ട് ചിത്രം കാണുക.  കൊല്ലത്തും ശ്രീലങ്കയിലും വരെ അത് നാശങ്ങൾ വിതച്ചു. സുനാമി ഇടയ്ക്കിടെ സംഭവിക്കുന്ന ഒരു പ്രതിഭാസവുമല്ല.  ദുരന്തം നടന്ന ആച്ചേ (ACEH ) യിലാകട്ടെ, വെറും രണ്ടു വര്ഷം കൊണ്ട് എല്ലാം പുനർ നിർമിക്കാൻ ഇന്തോനേഷ്യൻ ജനതയ്ക്ക് കഴിഞ്ഞു. ഈ ലേഖകൻ സുനാമി നടന്നതിന് തൊട്ടു പുറകിൽ അവിടം സന്ദർശിക്കയും പുനരധിവാസ ശ്രമങ്ങളിൽ മിതമായി പങ്കെടുക്കുകയും ചെയ്തിരുന്നു.

ഇന്തോനേഷ്യയുടെ ചില മേഖലകളിൽ സ്ഥിരമായി ചെറിയ  ഭൂമി കുലുക്കങ്ങൾ പതിവാണ്. മിക്കവാറും ജനങ്ങൾ താമസിക്കാത്തയിടങ്ങളിലാണ് ചെറിയ ഭൂകമ്പങ്ങൾ രേഖപ്പടുത്താറുള്ളത്.  അവയുടെ ആഘാതം ചെറുതാണ്. ഒരു പക്ഷെ അവ കടലിന്റെ അടിത്തട്ടിൽ, വളരെ ദൂരെ നടക്കുന്നതാകാം. അത് പ്രവചിക്കാനും ട്രാക്ക് ചെയ്യാനും ഇന്തോനേഷ്യയിൽ ആധുനിക സജീകരണങ്ങളുമുണ്ട്. ഭൂമി കുലുക്കങ്ങൾ പൊതു ജനങൾക്ക് ട്രാക്ക് ചെയ്യാനായി ഗവണ്മെന്റ് ആപ്പ് പോലും പുറത്തിറക്കിയിട്ടുണ്ട്. ഗൂഗിൾ സ്റ്റോറിൽ പോയി INFO BMKG എന്ന ആപ്പ് ഡൌൺലോഡ് ചെയ്‌താൽ നിങ്ങള്ക്ക് ഇത് കാണാം.