ഗൾഫിലെ മലയാളികളിൽ പലരും മലേഷ്യക്ക് യാത്ര ചെയ്‌യാറുണ്ടെങ്കിലും ഇന്തോനേഷ്യ സന്ദർശിക്കുന്നവർ വിരളമാണ്.  ഇതിന്റെ പ്രഥമമായ കാരണം ഇന്തോനേഷ്യയെ കുറിച്ചു ഗൾഫ് രാജ്യങ്ങളിലെ അറബികളിൽ അടക്കം നില നിൽക്കുന്ന മുൻവിധി തന്നെയാണ്. ഇൻഡോനേഷ്യയിലെ വിദൂര ഗ്രാമങ്ങളിൽ നിന്നും വന്നു അറേബ്യൻ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ‘ ഹൌസ് മെയ്‌ഡ്‌ ‘ എന്ന വീട്ടു വേലക്കാരികളെ കണ്ടിട്ടാവണം പലരും ഇന്തോനേഷ്യ ഒരു ദരിദ്ര രാജ്യമാണെന്ന ധാരണയിൽ എത്തുന്നത്.  ഗൾഫ് രാജ്യങ്ങളിലേക്ക് പുതിയതായി വീട്ടു വേലക്കാരികളെ അയക്കുന്നതു പോലും ഇന്തോനേഷ്യ നിരോധിച്ചിരിക്കയാണിപ്പോൾ.

ഇൻഡോനേഷ്യ സന്ദർശിക്കുന്ന ഏതൊരാൾക്കും  ആഭ്യന്തര ടൂറിസം അതി ശക്തമായ രീതിയിൽ  അവരുടെ സമ്പത് ഘടനയെ സഹായിക്കുന്നതിനായി കാണാം. ഇക്കാര്യത്തിൽ അവർ മലേഷ്യക്കും സിംഗപ്പൂരിനും ഒക്കെ വളരെ മുന്നിലാണ് താനും.  പക്ഷെ വിദേശത്തു നീന്നും   ഒരു ടൂറിസ്റ്റ് ലൊക്കേഷൻ എന്ന രീതിയിൽ ഇന്തോനേഷ്യയെ പലരും അറിയാൻ ശ്രമിയ്ക്കാറില്ല. കാരണം ഇന്തോനേഷ്യ അവരുടെ  ടൂറിസ്റ്റ് സാധ്യതകൾ അന്താരാഷ്‌ട്ര തലത്തിൽ വിപണനം ചെയ്‌യുന്നതിനേക്കാളുപരി  ആഭ്യന്തര ടൂറിസത്തെ തന്നെ ആശ്രയിക്കുന്നു.

2016 യിൽ അബുദാബിയിൽ നടന്ന അന്താരാഷ്ട്ര ഹലാൽ ടൂറിസം കോൺഫെറെൻസിൽ ഇന്തോനേഷ്യ 6 അവാർഡുകൾ നേടുകയുണ്ടായി.  ഇതിനകം ജകാർത്തക്കു യാത്ര ചെയ്യുന്ന അറബികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് വന്നു കഴിഞ്ഞു.  ബഹ്‌റൈൻ ഒഴികെയുള്ള ഗൾഫിലെ എല്ലാ നഗരങ്ങളിൽ നിന്നും ജകാർത്തക്കു നേരിട്ട് വിമാന സർവീസ് ലഭ്യമാണ്. ഗൾഫിലെ നഗരങ്ങളിൽ നിന്ന് ശരാശരി 8 മുതൽ 9 മണിക്കൂർ വരെ യാത്ര ചെയ്‌താൽ ജക്കാർത്തയിൽ എത്താം. അത് കൂടാതെ ഗൾഫിലെ  ചില വിമാന കമ്പനികൾ ബാലിയിലേക്ക് കൂടെ നേരിട്ട് വിമാന സർവീസ് നടത്തുന്നുണ്ട്.  എമിരേറ്റ്സ്, ഇത്തിഹാദ് , ഒമാൻ എയർ, ഖത്തർ എയർ വെയ്‌സ്, ഗരുഡ ഇന്തോനേഷ്യ, സൗദി എയർലൈൻസ്, കുവൈറ്റ് എയർ വെയ്‌സ്, എന്നിവ നേരിട്ട് സർവീസ് നടത്തുന്നു.  സിങ്കപ്പൂർ എയർലൈൻസ്, ശ്രീ ലങ്കൻ എയർലൈൻസ്, തായ് എയർ, ബ്രൂണെ എയർ, ഫിലിപ്പൈൻ എയർലൈൻസ് എന്നിവ അതാത് രാജ്യങ്ങളിൽ ട്രാൻസിറ്റ് സൗകര്യത്തോടെ ജകാർത്തക്കു സർവീസ് നടത്തുന്നു.

മറ്റേതു ഗൾഫ് രാജ്യങ്ങളെക്കാളും യു.എ. ഇ. യിൽ നിന്ന് ജകാർത്തക്കു യാത്ര ചെയ്യാൻ നിരവധി സാധ്യതകളുണ്ട്. ഒപ്പം ഏറ്റവും കുറഞ്ഞ നിരയ്ക്കും ഈ സെക്ടറിൽ ലഭ്യമാണ്. സാധാരണ ഗതിയിൽ ഏകദേശം 1300 മുതൽ 2800 ദിർഹം വരെയാണ്  റിട്ടേൺ ടിക്കറ്റിനു വേണ്ടി വരുന്നത്. മിക്കവാറും 2000 ദിര്ഹത്തിൽ താഴെയാണ് സാധാരണ നിരക്കുകൾ. കേരളത്തിലേക്കുള്ളതിന്റെ ഇരട്ടി ദൂരം സഞ്ചരിക്കുവാൻ കുറഞ്ഞ വിമാന കൂലി കൊടുത്താൽ മതിയെന്ന് സാരം.

സാധാരണ ഗതിയിൽ 30 കിലോഗ്രാം വരെ തൂക്കമാണ് വിമാന കമ്പനികൾ ഈ സെക്ടറിൽ അനുവദിക്കുന്നത്. ഇത്തിഹാദ് തിരിച്ചുള്ള യാത്രക്ക് 23 കിലോ ആക്കി കുറച്ചിരുന്നു. സാധാരണ ഗതിയിൽ, ശ്രീ ലങ്കൻ എയർലൈൻസ് 40 കിലോ വരെ അങ്ങോട്ടും തിരിച്ചും അനുവദിക്കാറുണ്ട്. യു. എ. ഇ.യിൽ നിന്ന് കുറഞ്ഞ നിരക്കിൽ ജകാർത്തക്കു പോകാൻ സാധ്യത കൂടുതലുള്ളത് ശ്രീ ലങ്കൻ എയർ , ഒമാൻ എയർ, എന്നിവയിലാകും. വളരെ കൂടുതൽ ട്രാൻസിറ്റ് ടൈം ഈ സെക്ടറിൽ എടുക്കാറില്ല. യാത്രയുടെ പകുതിയിൽ ഒരു ബ്രേക്ക് കിട്ടുന്ന സൗകര്യത്തിനു നല്ലതു ശ്രീലങ്കൻ എയർലൈൻസ് ആകും. മദ്യം അമിതമായി വിളമ്പുന്ന പാരമ്പര്യം നില നിറുത്തുന്നതൊഴിച്ചാൽ ശ്രീ ലങ്കൻ താരതമേന്യ  മെച്ചപ്പെട്ട സർവീസ് നൽകുന്നുണ്ട് . കൂടുതൽ ബാഗേജ് ഉണ്ടെങ്കിൽ ശ്രീ ലങ്കൻ എയർലൈൻസ്  സഹായകരമാകും.

സാമാന്യമായി കണ്ടു വരുന്ന രീതിയെ കണക്കാക്കിയാണ് ഇതിലെ വിവരണങ്ങൾ. വിമാന കമ്പനികൾ അവരുടെ പോളിസികൾ ഇടയ്ക്കിടെ മാറ്റി കൊണ്ടിരിക്കുന്നതിനാൽ  നിങ്ങള്ക്ക് അനുയോജ്യമായ ടിക്കറ്റ് എടുക്കാൻ ശ്രമിക്കുക.

യാത്ര പുറപ്പെടുന്നതിനു മുമ്പ് ഗൾഫിലെ കറൻസികൾ മൊത്തമായി ഡോളർ ആക്കി മാറ്റേണ്ടതില്ല. ഇൻഡോനേഷ്യയിലെ മണി എക്സ്ചേഞ്ച് കളിൽ നിന്ന് യു. എ. ഇ. ദിർഹവും റിയാലും മറ്റും മാറ്റിയെടുക്കാൻ പ്രയാസമില്ല.ഇന്തോനേഷ്യയിൽ മണി എക്സ്ചേഞ്ച് (MONEY EXCHANGE) എന്ന പേരിനു പകരമായി  നിങ്ങൾ കാണുക മണി ചെയ്ന്ജർ (MONEY CHANGER ) എന്ന ബോർഡ് ആയിരിക്കും. നഗരത്തിൽ പലയിടത്തും MONEY CHANGER എന്ന ബോർഡ് കാണാം. ഇവിടെയെല്ലാം നിങ്ങള്ക്ക് കറൻസി മാറ്റിയെടുക്കാം.

ഡോളർ ആണ് വാങ്ങുന്നതെങ്കിൽ പുതിയതും കാണാൻ വെടിപ്പുമുള്ളവയുംമാത്രം ചോദിച്ചു വാങ്ങുക. ഇൻഡോനേഷ്യയിലെ മണി എക്സ്ചേഞ്ച്കൾ പഴയതോ ചുള്ക്കോ, പൊട്ടലോ ഉള്ള നോട്ടുകൾ കണ്ടാൽ മൂല്യം കുറച്ചു എടുക്കുന്ന ഒരു രീതിയുണ്ട്. അത് കൊണ്ട് എല്ലാ കറൻസികളും പുതിയത് മാത്രം കരുതുന്നതാണ് ബുദ്ധി.

നിങ്ങൾ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന ആളാണെങ്കിൽ ഇന്തോനേഷ്യയിൽ മിക്കവാറുമെല്ലാ സ്ഥലങ്ങളിലും അതുപയോഗിക്കാം. ഗൾഫ് രാജ്യങ്ങളിൽ നിന്നും ഭിന്നമായി MCdonalds, KFC തുടങ്ങിയ റെസ്ടാറന്റുകൾ വരെ ക്രെഡിറ്റ് കാർഡ് സ്വീകരിക്കും .

ഇന്ത്യൻ പൗരത്യമുള്ളവർ ഇന്തോനേഷ്യ സന്ദർശിക്കാൻ വിസക്ക് മുൻകൂട്ടി അപേക്ഷിക്കേണ്ടതില്ല. റിട്ടേൺ ടിക്കറ്റ് എടുത്തു നേരെ യാത്ര പുറപ്പെടുക. ജകാർത്ത അടക്കമുള്ള ഭൂരിഭാഗം വിമാനത്താവളങ്ങളിൽ നിന്നും 30 ദിവസം പ്രാബല്യമുള്ള ടൂറിസ്റ്റ് വിസ സൗജന്യമായി അടിച്ചു തരും. വിമാനത്താവളത്തിലെ VOA (VISA ON ARRIVAL) എന്നെഴുതിയ കൗണ്ടറിനടുത്തു നിന്ന് ലഭിക്കുന്ന അപേക്ഷ പൂരിപ്പിചു എമിഗ്രേഷൻ കൗണ്ടറിൽ നൽകിയാൽ മതി.

ഗൾഫ് മലയാളിക്ക് കുടുംബമായോ, ബാക്ക് പാക്കർ ആയോ ഇന്തോനേഷ്യ സന്ദർശിക്കാം. കുടുബമായി യാത്ര ചെയ്‌യുന്നവർക്കു സന്ദർശിക്കാവുന്ന നിരവധി ലൊക്കേഷനുകൾ ജകാർത്തക്കകത്തും അടുത്തുള്ള നഗരങ്ങളായ ബാൻഡുങ് , ബോഗോർ എന്നിവിടങ്ങളിലുണ്ട്. ഒരു ദിവസം മുഴുവനും കുടുംബവുമായി ഉല്ലസിക്കാൻ ജകാർത്തയിലെ Taman Mini Indonesia എന്ന  250  ഏക്കർ വിസ്തൃതിയുള്ള പടുകൂറ്റൻ പാർക് മതിയാകും. നിരവധി റൈഡുകളും, നൗകകളും കായലും, ട്രെയിനും ഒക്കെ ചേർന്ന ‘തമൻ മിനി’യിൽ ഇന്തോനേഷ്യയിലെ 34 സംസ്ഥാനങ്ങളുടെയും  ജീവിത രീതി പ്രതിഫലിപ്പിക്കുന്ന തീം പാർക്കുകൾ ഉണ്ട്. അവയിൽ പലതിലും ഉത്സവ പ്രതീതി നില നിൽക്കുന്ന ചടങ്ങുകൾ ഇപ്പോഴും കാണാം.

ബോഗോറിലുള്ള ‘തമൻ സഫാരി’ അതി വിശാലമായ ഒരു വന്യ ജീവി സങ്കേതമാണ്. 420 ഏക്കറിൽ 2,500 തരം പക്ഷി മൃഗാദികളുള്ള ർ അത്ഭുത ലോകമാണിത്.  ഇവിടെ കുടുംബത്തോടൊപ്പം  ദിവസങ്ങൾ തന്നെ ചിലവഴിക്കാവുന്നത്ര കാഴ്‌ചകളുണ്ട്.  ‘തമൻ സഫാരി’യിലെ മിനി മൃഗശാല പോലും പ്രസിദ്ധമായ സിങ്കപ്പൂർ മൃഗശാലയേക്കാൾ  വലുതാണ്. അത് കൂടാതെ ഹെക്ടറുകൾ നീണ്ടു കിടക്കുന്ന തുറന്ന വന്യ ജീവി സങ്കേതം കൂടെ ചേർന്നതാണ്  ‘തമൻ സഫാരി’ എന്ന്  അറിയുമ്പോൾ സിങ്കപ്പൂർ,  ക്വാലാലംപൂർ മൃഗശാലകൾ എത്ര ചെറുതാണെന്ന് നിങ്ങൾക്കു മനസിലാകും. സിങ്കപ്പൂർ മൃഗശാലയുടെ വിസ്തൃതി കേവലം 69 ഏക്കറാണ്.  മലേഷ്യയുടെ ദേശീയ മൃഗശാല 110 ഏക്കറുമാണ്.  ഇന്തോനേഷ്യയിലെ തന്നെ  പ്രിജേനിലും ബാലിയിലുമായി  മറ്റു രണ്ടു പാർക്കുകൾ കൂടെ  ‘തമൻ സഫാരി’ ക്കുണ്ട്.

ബാക്ക് പാക്കർ ടൂറിസ്റ്റുകൾക്കാണെങ്കിൽ  ജക്കാർത്ത തന്നെ കണ്ടു മതിയാകില്ല. ഷോപ്പിംഗ്, വർണാഭമായ രാത്രികൾ, നിരവധി കലാ പരിപാടികൾ, മ്യൂസിയങ്ങൾ , സിനിമകൾ, സ്പാകൾ, എന്നിവ കൊണ്ട്  സമ്പന്നമാണ് ജകാർത്തയും അടുത്തുള്ള  നഗരങ്ങളും.  ഇന്റർനെറ്റ് ഡാറ്റാ പ്ലാനുകൾ വളരെ കുറഞ്ഞ തുകക്ക് നൽകുന്ന രാജ്യമാണ് ഇന്തോനേഷ്യ.  നിരവധി കമ്പനികൾ സർവീസ് നൽകുന്നത് കൊണ്ട് വിപണി ഉപഭോകതാവിനു അനുകൂലമാണ് .

ടോക്കിയോ കഴിഞ്ഞാൽ ജനസംഖ്യയിൽ ലോകത്തെ രണ്ടാമത്തെ നഗരമാണ് ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്ത. ദുബൈയെക്കാൾ പത്തിരട്ടി ജനം അധിവസിക്കുന്ന ആധുനിക സൗകര്യങ്ങളുള്ള ഈ വൻ നഗരത്തിന് ലണ്ടൻ മെട്രോ നഗരത്തിന്റെ ഇരട്ടി വിസ്തൃതിയുണ്ട്. ലോകത്തു ഏറ്റവും കൂടുതൽ ഷോപ്പിംഗ് മാൾ ഏരിയയുള്ള നഗരമാണ് ജകാർത്ത. 550 ഹെക്ടർ ഫ്ലോർ ഏരിയയിൽ വ്യാപിച്ചു കിടക്കുന്ന ഷോപ്പിംഗ് മാൾ സൗകര്യങ്ങൾ. പടു കൂറ്റൻ ജനസംഖ്യയും ഷോപ്പിംഗ് സൗകര്യങ്ങളും നിരന്തരമായ ട്രാഫിക് ജാമുകള്ക്ക് കാരണമാകുന്നുവെങ്കിലും ഈ നഗരത്തിന്റെ വൈവിധ്യം ഏതൊരാളെയും അത്ഭുതപ്പെടുത്തും. കുറ്റ കൃത്യങ്ങൾ വളരെ അപൂർവമായ ജക്കാർത്തയിൽ ലോകത്തെ എല്ലാ ബ്രാൻഡുകളും ലഭ്യമാണ്. രാത്രിയും പകലും സജീവമായ നഗരമാണ് ജകാർത്ത. സ്ത്രീകൾക്ക് വളരെ സുരക്ഷിതമായി രാത്രിയിൽ പോലും സഞ്ചരിക്കാനാകും.

ജകാർത്തയിലേക്കുള്ള നിങ്ങളുടെ യാത്ര സുഖകരമായ ഒന്നായി മാറുമെന്ന് എനിക്ക് ഉറപ്പുണ്ട്.

ഇന്ത്യൻ വിനോദ സഞ്ചാരികൾക്കു 30 ദിവസത്തെ ഇന്തോനേഷ്യൻ വിസ സൗജന്യം !