ഇൻഡോനേഷ്യൻ വിസ

ഇന്ത്യൻ പൗരത്യമുള്ളവർ ഇന്തോനേഷ്യ സന്ദർശിക്കാൻ വിസക്ക് മുൻകൂട്ടി അപേക്ഷിക്കേണ്ടതില്ല. രാജ്യത്തെ ഭൂരിഭാഗം വിമാനത്താവളങ്ങളിലും ചില സമുദ്ര തുറമുഖങ്ങളിലും 30 ദിവസം പ്രാബല്യമുള്ള വിനോദ സഞ്ചാരികൾക്കായുള്ള വിസ സൗജന്യമായി ലഭ്യമാണ്.

നിങ്ങൾ ഇന്തോനേഷ്യയിൽ എത്തിയാൽ വിമാനത്താവളത്തിലെ വിസ ഓൺ അറൈവൽ  (VOA : Visa On Arrival) എന്നെഴുതിയ കൗണ്ടറിനടുത്തു നിന്ന് ലഭിക്കുന്ന അപേക്ഷ പൂരിപ്പിക്കുക. നിങ്ങളുടെ പേര്, ജനന തിയതി , തൊഴിൽ, പാസ്പോര്ട്ട് നമ്പർ, പൗരത്വം, നിങ്ങൾ വന്നതും തിരിച്ചു പോകുന്നതുമായ വിമാനത്തിന്റെ  കോഡ് നമ്പർ, യാത്രാ തിയതി, നിങ്ങൾ ഇന്തോനേഷ്യയിൽ താമസിക്കുവാൻ ഉദ്ദേശിക്കുന്ന ഹോട്ടൽ അല്ലെങ്കിൽ അപാർട്മെന്റ് എന്നിവയുടെ വിലാസം,  എന്നീ പ്രാഥമിക വിവരങ്ങൾ ആണ് ഈ ഫോറത്തിൽ ഉണ്ടാകുക. പിന്നീട് ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ കൗണ്ടറിനു മുന്നിലുള്ള വരിയിൽ റിട്ടേൺ ടിക്കറ്റ് , ഹോട്ടൽ അല്ലെങ്കിൽ അപാർട്മെന്റ് ബുക്കിംഗ് എന്നിവയുടെ പകർപ്പുകൾ കാണിക്കേണ്ടി വരും. സാധാരണ ഗതിയിൽ ഹോട്ടൽ അല്ലെങ്കിൽ അപാർട്മെന്റ് ബുക്കിംഗ് നിര്ബന്ധമില്ല. നിങ്ങളുടെ പാസ്പോര്ട്ട് മെഷീൻ റീഡബിൾ ആണെങ്കിൽ സാധാരണ ഗതിയിൽ നിമിഷങ്ങൾക്കുള്ളിൽ തന്നെ വിസ ഒരു സ്റ്റാംപ് രൂപത്തിൽ നിങ്ങളുടെ പാസ്സ്പോർട്ടിൽ അടിച്ചു നൽകും. അല്ലെങ്കിൽ യാത്രക്കാരന്റെ പാസ്പോര്ട്ട് വിവരങ്ങൾ ഉദ്യോഗസ്ഥൻ കമ്പ്യൂട്ടറിൽ എഴുതി ചേർക്കാനുള്ള സമയം എടുക്കാം. പിന്നീട് നിങ്ങള്ക്ക് ബാഗേജ് ശേഖരിക്കാൻ കൺവേയർ ബെൽറ്റിന് സമീപത്തേക്കു പോകാം.

ഇന്തോനേഷ്യൻ വിസ നിരസിക്കാവുന്ന കാരണങ്ങൾ

മറ്റു പല രാജ്യങ്ങളിലുമുള്ള പോലെ നിങ്ങൾ വരുന്ന ദിവസം മുതൽ ചുരുങ്ങിയത് 6 മാസം എങ്കിലും നിങ്ങളുടെ പാസ്സ്പോർട്ടിന് സാധുത വേണമെന്ന ഒരു കീഴ്‌വഴക്കം ഇന്തോനേഷ്യയിലുമുണ്ട്. സാധാരണയായി 6 മാസത്തിൽ താഴെ മാത്രമേ നിങ്ങളുടെ പാസ്സ്പോർട്ടിന് കാലാവധി ഉള്ളൂ എന്ന ഒറ്റ കാരണം കൊണ്ട് മാത്രം നിങ്ങള്ക്ക് ഇന്തോനേഷ്യൻ വിസ നിഷേധിക്കാറില്ല . നിങ്ങൾ സാമ്പത്തിക ഭദ്രതയില്ലാത്ത ഒരു അഭയാർഥിയോ, ഗവണ്മെന്റ് രേഖകളിൽ കടുത്ത കുറ്റ കൃത്യങ്ങളിൽ ഏർപ്പെട്ട ആളോ ആണെങ്കിൽ ഏതൊരു നാട്ടിലുമെന്ന പോലെ  നിങ്ങളുടെ അപേക്ഷ നിരസിക്കാൻ ഇന്തോനേഷ്യൻ ഇമ്മിഗ്രേഷൻ വകുപ്പിന് അധികാരമുണ്ട്. അഥവാ കൗണ്ടറിൽ ഇരിക്കുന്ന ഉദ്യോഗസ്ഥന് തൃപ്തിയായില്ലെങ്കിൽ അവർ നിങ്ങളെ സീനിയർ ഉദ്യോഗസ്ഥന്റെ അടുത്തേക്ക് കൂട്ടി കൊണ്ട് പോയി അവരുടെ അനുവാദത്തോടെ തീരുമാനം എടുക്കും. സാധാരണ ഗതിയിൽ ഇത്തരം അവസ്ഥ വിനോദ സഞ്ചാരികൾക്കു ഇന്തോനേഷ്യയിൽ നേരിടേണ്ടി വരാറില്ല.

കസ്റ്റംസ് പരിശോധന

ഇന്തോനേഷ്യയിലെ കസ്റ്റംസ് അധികൃതർ ആരെയും അനാവശ്യമായി പീഡിപ്പിക്കാറില്ല. സാധാരണ ഗതിയിൽ യാത്രക്കാരൻ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന സാധനങ്ങൾ ഡ്യൂട്ടി കൊടുക്കേണ്ടവയുടെ പരിധിയിൽ പെടുന്നില്ല. 2018 ജനുവരി മുതൽ ഒരു വ്യക്തിക്ക് കസ്റ്റംസ് ഡ്യൂട്ടി കൊടുക്കാതെ കൊണ്ടുവരാവുന്ന സാധങ്ങളുടെ മൂല്യം ഡോളർ ആണെന്ന് ധനമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതിനു മുകളിൽ വില വരുന്ന പുതിയ സാധനങ്ങൾക്ക് വിലയുടെ 10 ശതമാനം വാറ്റ് തീരുവയും 10 ശതമാനം വരുമാന നികുതിയും ഈടാക്കാമെന്നാണ് ധനമന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നത്.

സാധാരണ ഗതിയിൽ ഗ്രീൻ ചാനെലിൽ കൂടെ നിങ്ങൾക്കു പുറത്തു കടക്കാനാകും. ഇതിനു മുമ്പ് ഒരു കസ്റ്റംസ് ഡിക്ലറേഷൻ ഫോം പൂരിപ്പിച്ചു നൽകേണ്ടതുണ്ട്.പലപ്പോഴും ഇതിലെ വിവരങ്ങൾ ഉദ്യോഗസ്ഥർ വായിച്ചു നോക്കുക പോലുമില്ല. ബാഗേജ് കളക്ട് ചെയ്‌യുന്ന പരിസത്തു തന്നെ ഈ ലളിതമായ ഫോം നിരവധി സ്ഥലങ്ങളിൽ കാണാം. നിങ്ങളുടെ പേര്, ജനന തിയതി , തൊഴിൽ, പാസ്പോര്ട്ട് നമ്പർ, പൗരത്വം, നിങ്ങൾ ഇന്തോനേഷ്യയിൽ താമസിക്കുന്ന സ്ഥലം, വന്ന വിമാനത്തിന്റെ നമ്പറം, തിയതിയും, ഒപ്പം വരുന്ന യാത്രക്കാർ, ബാഗുകളുടെ എണ്ണം എന്നിവ പൂരിപ്പിച്ച ശേഷം ബാക്കി ഭാഗം ‘നോ’ എന്നത് ടിക്ക് ചെയ്യുക. പുറകിലായി പേരെഴുതി ഒപ്പിടുക.

അതിനു ശേഷം കസ്റ്റംസ് ഉദ്യോഗസ്ഥരുടെ മുന്നിൽ ബാഗേജ് സ്കാൻ ചെയ്തു കഴിഞ്ഞാൽ നിങ്ങള്ക്ക് എയർ പോർട്ടിന് പുറത്തു കടക്കാം.

ശ്രദ്ധിക്കുക : മയക്കു മരുന്ന് കടത്തുന്നത് ഇന്തോനേഷ്യയിൽ വധ ശിക്ഷക്ക് കാരണമാകുന്ന കുറ്റമാണ്.

കൂടുതൽ സംശയങ്ങൾ ഉണ്ടെങ്കിൽ, ന്യൂ ദില്ലിയിലെ ഇന്തോനേഷ്യൻ സ്ഥാനപതി കാര്യാലയവുമായി ബന്ധപ്പെടുക.
Embassy of the Republic of Indonesia
Consular Section
50-A Kautilya Marg, Chanakyapuri,
New Delhi 110021 New Delhi – India
Phone: +91-11- 26118642, 26118643, 26118644, 26118645
Fax: +91-11-26874402, 26886763
Phone: newdelhi.kbri@kemlu.go.id