കേരളത്തിന് സമാനമായ ഇളം ചൂടും മൺസൂൺ മഴകളും മാറി മാറി വരുന്ന കാലാവസ്ഥയാണ് ജകാർത്തക്കുള്ളത്. ജനസംഖ്യയിൽ ടോക്കിയോ കഴിഞ്ഞാൽ ലോകത്തെ രണ്ടാമത്തെ നഗരമാണ് ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്ത. ദുബൈയെക്കാൾ പത്തിരട്ടി ജനം അധിവസിക്കുന്ന ആധുനിക സൗകര്യങ്ങളുള്ള ഈ വൻ നഗരത്തിന് ലണ്ടൻ മെട്രോ നഗരത്തിന്റെ ഇരട്ടി വിസ്തൃതിയുണ്ട്. 300 ലധികം ഷോപ്പിംഗ് മാളുകൾ, അവയിൽ ITC യെ പോലുള്ള പടുകൂറ്റൻ ഷോപ്പിംഗ് മാളുകൾ നഗരത്തിൽ പലയിടത്തുമുണ്ട് താനും. ലോകത്തു ഏറ്റവും കൂടുതൽ ഷോപ്പിംഗ് മാൾ ഏരിയയുള്ള നഗരമാണ് ജകാർത്ത. 550 ഹെക്ടർ ഫ്ലോർ ഏരിയയിൽ വ്യാപിച്ചു കിടക്കുന്ന ഷോപ്പിംഗ് മാൾ സൗകര്യങ്ങൾ. കുറ്റ കൃത്യങ്ങൾ വളരെ അപൂർവമായ ജക്കാർത്തയിൽ ലോകത്തെ എല്ലാ ബ്രാൻഡുകളും ലഭ്യമാണ്. രാത്രിയും പകലും സജീവമായ നഗരമാണ് ജകാർത്ത. സ്ത്രീകൾക്ക് വളരെ സുരക്ഷിതമായി രാത്രിയിൽ പോലും സഞ്ചരിക്കാനാകും.

വിദേശികളോടും സ്വദേശികളോടും യാതൊരു വിവേചനവും കാണിക്കാത്ത ജനങ്ങളുടെ നാടാണ് ഇന്തോനേഷ്യ. പുഞ്ചിരിക്കുന്ന, അല്ലെങ്കിൽ ആഹ്ലാദിക്കുന്ന മുഖങ്ങൾ മാത്രമേ നിങ്ങള്ക്ക് മുന്നിൽ കാണുകയുള്ളൂ. ലോകത്തെ ഏതൊരു വികസിത നഗരത്തെയും വെല്ലുന്ന സൗകര്യങ്ങളും, ലക്ഷ്വറിയും ജക്കാർത്തയിൽ കുറഞ്ഞ ചിലവിൽ ലഭ്യമാണ്. ഉയർന്ന ഗുണമേന്മയുള്ള വസ്ത്രങ്ങൾ, മില്യൺ കണക്കിന് ഫാഷനുകൾ എന്നിവയാണ് ജക്കാർത്തയിൽ ഷോപ്പിംഗ് മാളുകളിൽ നിങ്ങള്ക്ക് കാണാനുക. താഴ്ന്ന വരുമാനക്കാർക്കായി ചൈനീസ് നിർമിത വസ്ത്രങ്ങളും മാർകെറ്റിൽ ലഭിക്കും.

ജകാർത്തയിലെ യാത്രാ സൗകര്യം

പടു കൂറ്റൻ ജനസംഖ്യയും ഷോപ്പിംഗ് സൗകര്യങ്ങളും നിരന്തരമായ ട്രാഫിക് ജാമുകള്ക്ക് കാരണമാകുന്നുവെങ്കിലും ഈ നഗരത്തിന്റെ വൈവിധ്യം ഏതൊരാളെയും അത്ഭുതപ്പെടുത്തും. ജക്കാർത്തയിൽ മെട്രോ സർവീസിന്റെ പണി നടന്നു കൊണ്ടിരിക്കയാണ്. കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാവുന്ന ട്രാൻസ് ജകാർത്ത (Transjakarta) ബസ് നെറ്റ് റ്വർകിൽ കയറി നഗരത്തിന്റെ വിവിധ സ്ഥലങ്ങളിൽ എത്താം. മെട്രോക്ക് സമാനമായ രീതിയുള്ള സർവീസ് ആണ് ട്രാൻസ് ജകാർത്ത ബസുകളുടെ പ്രത്യേകത. എല്ലാ ബസുകളും പൂർണമായി എയർ കണ്ടീഷൻ ചെയ്തവയാണ്. ഏകദേശം 20 ഇന്ത്യൻ രൂപയ്ക്കു തുല്യമായ 35,000 ഇന്തോനേഷ്യൻ റൂപിയയാണ് ഒരൊറ്റ യാത്രക്ക് നൽകേണ്ടി വരിക. ബസ് സ്റ്റേഷനിൽ നിന്ന് പുറത്തു കടന്നാൽ മാത്രമേ വീണ്ടും പണം കൊടുക്കേണ്ടി വരികയുളളൂ. സ്റ്റേഷൻ ട്രാൻസിറ്റ് ചെയ്യുന്നത് സൗജന്യമാണ്. ട്രാൻസ് ജകാർത്ത ബസ് നെററ് വർക്കിൽ യാത്ര ചെയ്യണമെങ്കിൽ, കൗണ്ടറിൽ മുൻകൂറായി പണമടച്ചു കാർഡ് വാങ്ങിക്കണം. അത് പിന്നീട് എൻട്രി പോയിന്റിലും പുറത്തു കടക്കുമ്പോഴും സ്കാൻ ചെയ്‌താൽ മതി.

ജക്കാർത്തയിൽ എല്ലാ ടാക്സിയും മീറ്റർ ഘടിപ്പിച്ചവയാണ്. ജി.പി. എസ് സൗകര്യങ്ങൾ അവയിൽ ലഭ്യമാണ്. നിരവധി ടാക്സി കമ്പനികൾ ജക്കാർത്തയിൽ സർവീസ് നടത്തുന്നുണ്ട്. ഇവയിൽ ബ്ലൂ ബേർഡ് ( BlueBird ) എന്ന കമ്പനിയുടെ ടാക്സികൾ ആണ് വളരെ വിശ്വസനീയമായ സർവീസ് നടത്തുന്നത്. അവരുടെ ഡ്രൈവർമാർ വഴികളെ കുറിച്ചു കൂടുതൽ അറിവുള്ളവരും മാന്യരുമാണ്. ഇവർക്കു ടിപ്പുകൾ നൽകുന്നത് ഉചിതമാണ്.

ജക്കാർത്തയിൽ വളരെ ജനകീയമായ മറ്റൊരു യാത്രാ മാർഗം മോട്ടോർ സൈക്കിൾ ടാക്സികളിലാണ്. മുമ്പ് ഓജക് (ojeg, ojek) എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന മോട്ടോർ സൈക്കിൾ ടാക്സികൾ, ഡിജിറ്റൽ യുഗത്തിൽ ഗോ ഓജക് (GO OJEK) എന്ന ആപ്പ് ഉപയോഗിച്ച് കൃത്യമായ സർവീസ് നടത്തുന്നത്. ഇതിനായി നിങ്ങൾ ആപ് ഡൌൺലോഡ് ചെയ്യേണ്ടി വരും. ഗൂഗിൾ മാപ് ഉപയോഗിച്ചാണ് സ്ഥലങ്ങൾ മാർക്ക് ചെയ്യന്നത്. ഇന്തോനേഷ്യൻ ഭാഷയിൽ പ്രാഥമിക പരിജ്ഞാനമില്ലാത്ത സഞ്ചാരികള്ക്ക് ഈ മാർഗം എളുപ്പമാകില്ല.

ഭക്ഷണം

ലോകത്തുള്ള പ്രസിദ്ധമായ എല്ലാ റെസ്റ്റാറന്റുകളും ജക്കാർത്തയിൽ പ്രവർത്തിക്കുന്നുണ്ട്. കെ എഫ്, സി, മക്‌ഡൊണാൾഡ്‌സ്, സ്റ്റാർബക്സ്, തുടങ്ങിയവയെല്ലാം ജകാർത്തയെ പോലെ തന്നെ മറ്റു ഇന്തോനേഷ്യൻ നഗരങ്ങളിലും കാണാം. ഇന്ത്യൻ, അറബ്, മെക്സിക്കൻ, ജാപ്പനീസ്, കൊറിയൻ, തായ്, മലായ്, തുടങ്ങിയ എല്ലാ രുചികൂട്ടുകളും നഗരത്തിൽ ലഭ്യമാണ്. കുറച്ചു പുളിയും, മധുരവും എരിവും ചേർന്ന ഭക്ഷണ രീതിയാണ് ജകാർത്ത അടക്കമുള്ള ജാവ മേഖലയിലെമ്പാടും പ്രാമുഖ്യമുള്ളത്‌.

മലയാളിയുടെ ഭക്ഷണ രീതിയോട് ഏറ്റവും അടുത്ത രുചി വേണമെങ്കിൽ സുമാത്രയിലെ പാഡാങ് ( Padang ) എന്ന മേഖലയിൽ നിന്നുള്ള രുചിക്കൂട്ടുകൾ നൽകുന്ന ഏതെങ്കിലും ‘മസാകാൻ പാടാങ്’ (Masakan Padang) റെസ്റ്റാറ്റാന്റിൽ കയറിയാൽ മതി. തേങ്ങാ പാൽ അരച്ച് ചേർത്ത കറികളും എരിവുള്ള പൊരിച്ചതും റോസ്‌റ് ചെയ്ത വിഭവങ്ങളും , നൂറു കണക്കിന് കൂട്ട് കറികളും കൊണ്ട് പ്രസിദ്ധമാണ് മസാകാൻ പാടാങ്. കോഴി, (Ayam) ബീഫ് (Sapi ) മട്ടൻ (Kambing) , മീൻ ( Ikan) , കോഴി മുട്ട (Telor) എന്നിവയെല്ലാം ഈ റെസ്റ്റാറ്റാന്റിൽ ലഭിക്കും. ഇത്തരം റെസ്റ്റാറ്റാന്റിൽ കയറിയാൽ നിങ്ങളുടെ മുന്നിൽ ഒരു പാട് വിഭവങ്ങൾ നിരത്തി വെക്കും. ആവശ്യമുള്ളത് മാത്രം തെരഞ്ഞെടുത്തു കഴിച്ചു കൊള്ളുക. അവസാനം വെയ്റ്റർ വന്നു നോക്കി നിങ്ങൾ കഴിച്ച വിഭവങ്ങൾക്ക് മാത്രമുള്ള ബില്ല് തരും. അത് മാത്രം കൊടുത്താൽ മതി.

ജകാർത്തയിലെ രാത്രി ജീവിതം.

ഒരു പക്ഷെ നിങ്ങൾ കരുതുന്നതിൽ നിന്നും ഭിന്നമായി, വർണാഭമായ രാത്രി ജീവിതം ജകാർത്തക്കുണ്ട്. ഒരു മുസ്ലിം ഭൂരിപക്ഷ രാജ്യമാണെങ്കിലും ക്ലബ്ബുകളും ബാറുകളും ഡിസ്കോത്തിക്കുകളും സ്പാകളും ഒക്കെ, ജകാർത്ത നഗരത്തിന്റെ മുഖ മുദ്രകളാണ്. റമദാൻ കാലത്തൊഴികെ ഇവയൊക്കെ സജീവമായ ആൾക്കൂട്ടങ്ങൾക്കു വേദിയാണ്.

ഇന്തോനേഷ്യൻ മസ്സാജ്

ഇവിടത്തെ ജീവിത ചര്യയുടെ ഒരു പ്രധാന ഭാഗമാണ് മസ്സാജ്. അഥവാ പിജാഠ് (PIJAT) . ശരിയായ ഇന്തോനേഷ്യൻ പാരമ്പര്യ രീതിയിൽ നടത്തുന്ന മസ്സാജ് കേന്ദ്രങ്ങളുടെ ബോർഡിൽ ഫാമിലി മസ്സാജ് (Family Massage ) എന്ന് എഴുതി കാണും. ഇത്തരം കേന്ദ്രങ്ങളിൽ സാധാരണ നല്ല തിരക്ക് കാണും. ഒരു മണിക്കൂർ മസ്സാജിനു ഏകദേശം 750 ഇന്ത്യൻ രൂപയ്ക്കു തുല്യമായ 150,000 ഇന്തോനേഷ്യൻ റൂപിയയാണ് സാധരണ സ്ഥാപനങ്ങൾ ഈടാക്കുന്നത്. ഇത് കൂടാതെ മാസിയറിനു 250 ഇന്ത്യൻ രൂപയ്ക്കു തുല്യമായ 50,000 ഇന്തോനേഷ്യൻ റൂപിയ എങ്കിലും ചുരുങ്ങിയത് ടിപ് ആണ് നൽകുന്നതാണ് പൊതു രീതി. ഒരു ടൂറിസ്റ്റിൽ നിന്നും അവർ അതിൽ കൂടുതൽ പ്രതീക്ഷിക്കും.